Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഫോണുകള്‍ കുട്ടികളില്‍ നിന്ന് അകറ്റിവയ്ക്കാം...

 ശരിതെറ്റുകള്‍ തിരിച്ചറിയാനാവാത്ത പ്രായത്തില്‍ കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം. അതിനാല്‍ കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏത് തരത്തിലുള്ളതാണെന്ന് മാതാപിതാക്കള്‍ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്

keep mobile phones away from children
Author
Trivandrum, First Published Jan 3, 2019, 4:23 PM IST

കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇപ്പോള്‍ വളരെയധികം വര്‍ധിച്ചുവരികയാണ്. അവധിദിനങ്ങള്‍ പാടത്തും പറമ്പിലും കളിച്ച് നടന്നിരുന്ന കുട്ടിക്കാലമല്ല ഇന്നുള്ളത്. ഇന്നത്തെ തലമുറ ഒരു ദിവസത്തിന്റെ സിംഹഭാഗവും മൊബൈല്‍ ഫോണുകള്‍ക്കൊപ്പമാണ് ചിലവിടുന്നത്. 

ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. ഈ ശ്രദ്ധ കുട്ടി പ്രായപൂര്‍ത്തിയാകുന്നത് വരെയും ഉണ്ടായിരിക്കണം. 

തിരക്കേറിയ ജീവിതത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തുവാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം. പലപ്പോഴും കുട്ടികളുടെ വാശി അവസാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ ചെയ്യുന്ന എളുപ്പവഴിയാണ് മൊബൈല്‍ ഫോണ്‍ കൊടുക്കുക എന്നത്. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുപോലെ തന്നെ വളരെ അപകടകരമായ ഒന്നാണ് മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനുകള്‍, മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ വേഗത്തില്‍ കുട്ടികളില്‍ റേഡിയേഷന്‍ ബാധിക്കും.

കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം ഭാവിയില്‍ വന്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവിക നിലയെ തന്നെ തകരാറിലാക്കിയേക്കും. പകല്‍ നീണ്ട നേരം ഫോണ്‍ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. രാത്രിയിലാണെങ്കില്‍ മൊബൈല്‍ ഉപയോഗം കണ്ണുകളൊണ് ബാധിക്കുക. 

ഇന്നത്തെ തലമുറയില്‍ അപകടകാരികളായ പല ഗെയിമുകള്‍ക്കും പിന്നാലെ കുട്ടികള്‍ പോകുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത്തരം ഗെയിമുകള്‍ പ്രശ്‌നക്കാരല്ലെന്ന ചിന്തയുണ്ടെങ്കില്‍ ഇനിയത് വേണ്ട. ഗെയിമുകള്‍ കുട്ടികളുടെ ചിന്തയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ശരിതെറ്റുകള്‍ തിരിച്ചറിയാനാവാത്ത പ്രായത്തില്‍ കുട്ടികള്‍ വീഡിയോ ഗെയിമില്‍ കാണുന്ന പലതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചേക്കാം. അതിനാല്‍ കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏത് തരത്തിലുള്ളതാണെന്ന് മാതാപിതാക്കള്‍ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികള്‍ എത്രസമയം സ്‌ക്രീനില്‍ നോക്കി ഇരിക്കുന്നുവെന്നും രക്ഷിതാക്കള്‍ അറിയണം. 

രണ്ട് മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഫോണോ കമ്പ്യൂട്ടറോ അനുവദിക്കരുത്. കുട്ടികളുടെ ഫോണ്‍ ഉപയോഗം വിലയിരുത്താനായി ഒരു നിയമാവലി ഉണ്ടാക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം. കുട്ടികള്‍ ഫോണിലൂടെ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, പാസ്വേര്‍ഡ്, ആപ്ലിക്കേഷനുകള്‍, ഏത് സമയത്താണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണം. 

ഇനി ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ഒരിക്കലും കുട്ടികളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ മാത്രമേ കര്‍ശനരീതിയില്‍ പെരുമാറാനും ശ്രമിക്കാവൂ. അല്ലെങ്കില്‍ പിന്നീട് രക്ഷാകര്‍ത്താക്കളുടെ അറിവോടെയല്ലാതെ അതേ തെറ്റ് ആവര്‍ത്തിക്കപ്പെടാമെന്നും ഗവേഷകര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios