Asianet News MalayalamAsianet News Malayalam

ചെറുപ്പം മുതല്‍ വളര്‍ത്താം, കുട്ടികളിലെ സമ്പാദ്യശീലം...

ഓരോ കുട്ടിയുടെയും പാകത, ഓരോ പ്രായത്തിലും വ്യത്യസ്തമായിരിക്കും. പണം ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവുമെന്ന് ഉറപ്പുവരുത്തണം. അതിന് ശേഷം മാത്രമേ പോക്കറ്റ് മണി നല്‍കിത്തുടങ്ങാകൂ

parents can promote saving habit in children
Author
Trivandrum, First Published Jan 2, 2019, 4:09 PM IST

'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ പഴമൊഴി. ഈ പഴമൊഴി പോലെ തന്നെയാണ് മിക്കവാറും നമ്മുടെ എല്ലാ കാര്യങ്ങളും. സമ്പാദ്യശീലത്തെ കുറിച്ച് പറയുകയാണെങ്കിലും ഇതേ പഴമൊഴിയെ തന്നെ ആശ്രയിക്കാവുന്നതാണ്. അതായത് സമ്പാദ്യശീലം കുട്ടിയാകുമ്പോഴേ ഒരാള്‍ പരിചയിക്കുന്നതാണ് അരുടെ ഭാവിക്ക് ഗുണകരമാവുക.

നമ്മള്‍ അധ്വാനിക്കുന്നതിന്റെ ഫലത്തില്‍ നിന്നും മിച്ചം പിടിക്കുന്ന തുക ഭാവിയിലെ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നതിന്റെ പ്രാധാന്യം ആകുന്നതും ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. ഇത് രക്ഷിതാക്കളുടെ ജോലിയാണ്. വളര്‍ന്നുവരുമ്പോള്‍ തന്നെ പണത്തിന്റെ മൂല്യവും അവര്‍ക്ക് മനസ്സിലാകണം. ഇക്കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.

ചെറിയ സമ്പാദ്യക്കുടുക്കയില്‍ പണം ശേഖരിക്കുന്നതെല്ലാം കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ അവര്‍ക്കത് വലിയൊരു ജോലിയായി അനുഭവപ്പെടുകയുമില്ല. പിന്നീട് അത് അവരുടെ ശീലത്തിന്റെ ഭാഗമായി മാറിക്കോളും.

ഏഴ് വയസ്സ് മുതല്‍ തന്നെ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കിത്തുടങ്ങാം. എന്നാല്‍ ഓരോ കുട്ടിയുടെയും പാകത, ഓരോ പ്രായത്തിലും വ്യത്യസ്തമായിരിക്കും. പണം ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കുട്ടിക്കാവുമെന്ന് ഉറപ്പുവരുത്തണം. അതിന് ശേഷം മാത്രമേ പോക്കറ്റ് മണി നല്‍കിത്തുടങ്ങാകൂ. ഓരോ വയസ്സ് കൂടുംതോറും ഈ പോക്കറ്റ് മണിയുടെ തുക ഉയര്‍ത്താം.

ഇതോടൊപ്പം തന്നെ കുട്ടികള്‍ക്ക് അവരുടേതായ ആവശ്യങ്ങള്‍ക്കുള്ള ചെറിയ തുകയും നല്‍കാം. അല്ലെങ്കില്‍ സൂക്ഷിക്കാനായി നല്‍കുന്ന പണം കുട്ടി ഇതിനായി ചിലവഴിച്ചേക്കാം. ഒരിക്കലും അനാവശ്യമായി കുട്ടികള്‍ക്ക് പണം നല്‍കരുത്. ഇത് അവരില്‍ തെറ്റായ ശീലങ്ങള്‍ വളര്‍ത്തിയേക്കും.

അതുപോലെ തന്നെ കരുതേണ്ട കാര്യമാണ് മറ്റുള്ളവരില്‍ നിന്ന് പണം വായ്പ വാങ്ങിക്കുന്ന കാര്യവും. ഇത്തരത്തിലൊരു ശീലം കുട്ടികളില്‍ ഉണ്ടാക്കരുത്. പണം കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തെറ്റുകള്‍ സംഭവിച്ചേക്കാം. എന്നാല്‍ ആ പിഴവുകള്‍ അടയ്ക്കാന്‍ മറ്റുള്ളവരില്‍ നിന്ന് പണം കണ്ടെത്തുന്ന രീതിയെ ആശ്രയിക്കാന്‍ അവരെ പ്രേരിപ്പിക്കാതിരിക്കുക. തനിക്ക് സംഭവിക്കുന്ന പാളിച്ചകള്‍ എന്തെന്ന് കുട്ടികള്‍ സ്വയം മനസ്സിലാക്കണം. ഇതിന് രക്ഷിതാക്കള്‍ക്ക് സഹായം നല്‍കാം. സ്‌നേഹപൂര്‍വ്വം അവരോട് അവരുടെ തെറ്റുകളെ കുറിച്ച് പറയാം. സമ്പാദ്യശീലത്തോട് മമതയുള്ളവരായി മക്കളെ വളര്‍ത്താം, അവരുടെ ഭാവി ഭദ്രമാകട്ടെ.

 

Follow Us:
Download App:
  • android
  • ios