കൊലപാതകത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ ഒരു ചിത്രം!

ആ ഫോട്ടോയുടെ കഥ. റഹീമ ശൈഖ് മുബാറക് എഴുതുന്നു

behind the photograph by raheema Sheikh Mubarak

ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

behind the photograph by raheema Sheikh Mubarak

 

വര്‍ഷങ്ങള്‍ കുറെ കഴിയുന്നു. ഒരു നൂറ് വട്ടം റീസൈക്കിള്‍ബിന്നില്‍ അകപ്പെട്ടിട്ടും വീണ്ടും ഗാലറിയില്‍ കടന്നുകൂടാന്‍ മാത്രം എന്ത് ആത്മബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍, എനിക്ക് വ്യക്തമായൊരു ഉത്തരമില്ല. 

എന്നെ പോലെ ഭൂമിക്ക് മേല്‍ തുല്യവകാശി.

ബഷീറിയന്‍ സ്‌റൈറല്‍ കടം കൊണ്ട് പറയുകയാണെങ്കില്‍, ദൈവത്തിന്റെ പ്രപഞ്ചത്തിലെ, കോടാനുകോടി ചരാചരങ്ങളില്‍ മനുഷ്യനെ പോലെ തന്നെ ജീവിക്കാനും തിന്നാനും കുടിക്കാനും അര്‍ഹതപ്പെട്ടവന്‍. എന്നിട്ടും തിന്നതിന്റെ പേരിലും കുടിച്ചതിന്റെ പേരിലും ഇവന്‍ ബന്ദിയാക്കപ്പെട്ടു. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഞാന്‍ പകര്‍ത്തിയ ഫോട്ടോയാണിത്.

പിന്നേയും ചോദ്യം ബാക്കി, എന്തിനാണ്? ഏത് ആത്മബന്ധമാണ് ഇന്നും ഈ ഫോട്ടോ സൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. മുമ്പ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു.

വ്യക്തമായ ഒരു ഉത്തരം എന്റെ പക്കല്‍ ഇല്ലാ. ശരാശരി നോര്‍മല്‍ ആയി മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യന് അരവട്ട് എന്ന് നിസ്സംശയം എഴുതി തള്ളാന്‍ കഴിയുന്ന ഒരു സംഗതി ആയിരിക്കണം എന്റെ ഉത്തരം.

എങ്കിലും പറയാതെ വയ്യല്ലോ.

ഒരല്‍പ്പം ഫ്‌ളാഷ്ബാക്ക് ആവശ്യമായി വരുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 

അതായത്, ഇതൊരു മാര്‍ച്ച് മെയ് മാസം അല്ലെങ്കില്‍ ജൂണ്‍ ജൂലൈ, നടന്ന കഥയാണ്. ഇനി മാസത്തിന്റെയും വര്‍ഷത്തിന്റേയും കണക്കില്‍ തെറ്റുണ്ടെങ്കില്‍ തന്നേയും കഥ സത്യവും വിശ്വസനിയവുമാണ്..

വ്യാപാര ആവശ്യത്തിനായുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വീട്ടിലും പരിസരപ്രദേശങ്ങളിലുമായി കുന്നുകൂടിയിരിക്കുന്ന സമയമാണത്.
ദിവസേന ധാരാളം പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും മോഷളടിക്കപ്പെടുന്നു. ധനനഷകവും വിഭവനഷ്ട്ടവും കൂടി കൂടി വന്നപ്പോള്‍
പുരുഷന്‍മാര്‍ വീട്ടിലുള്ള സ്ത്രിജനങ്ങളുടെ മേല്‍ കുറ്റമാരോപിക്കുന്നു.

അടുക്കളപ്പുറത്ത് കുശുകുശുപ്പും അടക്കം പറച്ചിലും...

വല്ലപ്പോഴും ഒന്നോ രണ്ടോ ആപ്പിളോ ഓറഞ്ചോ അടിച്ചുമാറ്റി തിന്നതല്ലാതെ പറയത്തക്ക മോഷണം നടത്താത്ത സ്ത്രിജനങ്ങള്‍ കുറ്റം നിഷേധിക്കുന്നു. 

അപ്പോഴും മോഷണം തുടരുന്നു. 

സവിശേഷമായ ഒരു കണ്ടുപിടിത്തം അതിനിടയിലുണ്ടായി. 

മോഷണം നടക്കുന്നത് അര്‍ദ്ധരാത്രി പന്ത്രണ്ടില്‍ം ഒന്നിനുമിടയിലാണ്. ആ കണ്ടെത്തല്‍ നടത്തിയത് രാത്രി പന്ത്രണ്ടിന് പ്രാഥമികാവശ്യങ്ങള്‍ അത്യാവശ്യമായി വരുന്ന വീട്ടിലെ മുതിര്‍ന്ന ചെക്കനായിരുന്നു. മോഷ്ടാവ് സിക്സ് പാക്ക് ഉള്ളൊരു എലിയാണെന്നായിരുന്നു ഓന്റെ നിഗമനം.

പാക്ക് സിക്സോ സെവനോ അല്ലെന്നും അതൊരു പെരുച്ചാഴിയാണെന്നുമുള്ള വിവരം പിറ്റേന്ന് വീടിന് പരിസര പ്രദേശം നിരീക്ഷിക്കാന്‍ വന്ന വീട്ടിലെ കാര്‍ന്നോര്‍ത്തി കണ്ടെത്തി്. അതിന് വേണ്ടി അവരെ സഹായിച്ചതവട്ടെ പരിയമ്പറത്ത് അങ്ങിങ്ങായി കിടന്നിരുന്ന വിസര്‍ജ്ജന അവശിഷ്ഠങ്ങളും. വിസര്‍ജ്ജിക്കുമ്പോള്‍ മനുഷ്യന്‍ കാണിക്കാറുള്ള അടിസ്ഥാന മര്യാദകള്‍ പാലിക്കാതെ പോയതാണ് ഇപ്പോള്‍ ഭൂമിയുടെ മറ്റൊരു അവകാശിക്ക് പറ്റിയ അബദ്ധം. വീണ്ടും ഭൂമിയുടെ ശക്തനായ അവകാശി മനുഷ്യന്‍ തന്നെയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തി ജിവിച്ചിരുന്ന സ്ത്രികള്‍ക്ക് പെരുച്ചാഴി വലിയ വലിയ മോഷണങ്ങള്‍ക്കുള്ള തുരുപ്പ്ചീട്ടായി.

ഒന്നോ രണ്ടോ മോഷ്ട്ടിച്ചിരുന്ന സ്ഥാനത്ത് അവര്‍ക്കിപ്പോള്‍ മൂന്നോ നാലോ മോഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. കൂട്ടത്തില്‍ അത്യാവശ്യം ഫേഷ്യല്‍ ചെയ്യാന്‍ മാത്രം ഞാനും കയ്യിട്ട് വാരല്‍ നടത്തി.

ഒടുവില്‍ പുരുഷന്‍മാര്‍ ഒരു വഴി കണ്ടെത്തി, നാട്ടില്‍ മണിയണ്ണന്‍ എന്നൊരു മൂപ്പരുണ്ട് അത്രക്കൊന്നും അറിയപ്പെടാത്ത പെരുച്ചാഴി പിടുത്തക്കാരന്‍, മൂപ്പരെ സമീപിച്ച് പെരുച്ചാഴി കെണി കൊണ്ടുവന്നു..

സംഗതിയേറ്റു. കൃത്യം പന്ത്രണ്ടര. 

'ഡും' പെരുച്ചാഴി കുടുങ്ങി...!

 

behind the photograph by raheema Sheikh Mubarak

എന്തൊരു കുടുങ്ങലാണെന്നോ ചങ്ങാതി. മോഷ്ടിച്ച വിഭവങ്ങള്‍ മുഴുവന്‍ സ്വന്തം ശരിരത്തിലേക്ക് തള്ളിക്കേറ്റി ഓനിങ്ങനെ തടിച്ച് കൊഴുത്ത് മൊഞ്ചനായിരുന്നു.

പിറ്റേന്ന് ആ കാഴ്ച്ച മതിയാവോളം എല്ലാരും കാണുന്നു.

'എന്നാലും വേണ്ടായിരുന്നു'- സ്ത്രിജനങ്ങളുടെ മുഖത്തൊരു നിരാശ.

ഞാനും ആ കാഴ്ച്ച ആ കാണുകയാണ്. ഫേഷ്യല്‍ ചെയ്ത് മുഖം തിളങ്ങി തുടങ്ങിയിരിക്കുന്നു. ഇവന്റെ മരണത്തോടെ ഇനീ ദിവസേന സൗന്ദര്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തുക അസാധ്യം.

അവന്‍ എന്നെ നോക്കി, ഞാനും.

ഇക്കണ്ട വിഭവങ്ങള്‍ പുറത്ത് കിടക്കുമ്പോള്‍ ഈ ചെറിയ തേങ്ങപൂള് തിന്നാന്‍ അന്തോം കുന്തോം ഉള്ള ആരെങ്കിലും ഇതിനകത്ത് കേറോ? 

എന്റെ ചോദ്യം ഒരു മൂളിച്ച കൊണ്ടുപോലും പ്രതികരിക്കാതെ അവന്‍ ബഹിഷ്‌കരിച്ചു.

ഇനി വധശിക്ഷ! 

ആര്‍ക്ക് വേണമെങ്കിലും ആ കൃത്യം നിര്‍വഹിക്കാം. ഒരു ആരാച്ചറിന്റെ മെയ്വഴക്കം ആവിശ്യമില്ലാത്ത കര്‍മ്മം. സാധാരണ വെള്ളത്തില്‍ മുക്കിയോ, അല്ലെങ്കില്‍ തല്ലിയോ കൊല്ലാം. ഇവിടെ എങ്ങനെയാകും? 

''നീ മുങ്ങി മരിക്കാന്‍ ആഗ്രഹിക്കു. അങ്ങനെയാകുമ്പോള്‍ കുറച്ച് വെള്ളം കുടിച്ചെങ്കിലും മരിക്കാമല്ലോ,'' ഞാന്‍ അവനോട് അടക്കം പറഞ്ഞു. അവനാകട്ടെ ആ പെട്ടിക്കുള്ളില്‍ വട്ടം ചുറ്റി കൊണ്ടേയിരുന്നു.

അവന് കാമുകിയുണ്ടാകുമോ?

ഭാര്യ?

മക്കള്‍?

സഹോദരങ്ങള്‍?

മാതാപിതാക്കള്‍?

വാട്ട്‌സപ്പും ഇന്റര്‍നെറ്റും സൗകര്യങ്ങളും അവന്റെ ലോകത്ത് ഉണ്ടായിരുന്നുവെങ്കില്‍, പ്രിയപ്പെട്ടവന്റെ വധശിക്ഷ നടപ്പാക്കാന്‍ പോകുന്നതറിയാതെ ലാസ്റ്റ് സീന്‍ നോക്കി പരിഭവിച്ചിരിക്കുന്ന കുറെ കുറെ പെരുച്ചാഴികള്‍. അവര്‍ ഹാഷ് ടാഗിട്ട് പ്രതികരിക്കും. മനുഷ്യന്റെ സ്വാര്‍ത്ഥതയെ കുറിച്ച് നെടുനീളന്‍ പ്രബന്ധങ്ങള്‍ രചിക്കും.

സമയം നീങ്ങി കൊണ്ടേയിരുന്നു. ഇനിയും വധശിക്ഷ എങ്ങനെയാണ് നടപ്പാക്കുന്നത് എന്നതിനെ കുറിച്ച് മാത്രം ആരും ഒന്നും പ്രഖ്യാപിക്കുന്നില്ല.

ഒരുപക്ഷെ, അവനെ വെറുതെ വിടാന്‍ തീരുമാനമുണ്ടായാലോ. ദുനിയാവ് ഇങ്ങനെ നീണ്ട് പരന്ന് കിടക്കുവല്ലേ. ഏതെങ്കിലും മൂലക്ക് കൊണ്ട് പോയി അവനെ ഉപേക്ഷിച്ചാല്‍. ജീവിക്കട്ടെ ഭൂമിയുടെ അവകാശികള്‍ എല്ലാവരും സമ്പല്‍സമൃദ്ധിയോടെ ജീവിക്കട്ടെ. മനുഷ്യന്‍ തിന്ന് മുടിക്കുന്നതിന്റെ പകുതി പോലും ആവശ്യമില്ലാത്ത ജീവജാലങ്ങളൊക്കെയും തൃപ്തിയോടെ ജീവിക്കട്ടെ.

ഒന്നും സംഭവിച്ചില്ല. 

ഒരു മരണം നടക്കാന്‍ പോകുകയാണ്, കൊലപാതകം. ഞാനൊഴിച്ച് ആര്‍ക്കും ദുഃഖമില്ല.

പല അസുഖങ്ങളുടെയും വാഹകരായ ജന്തുക്കള്‍ മനുഷ്യന് ഭീഷണിയാണത്രെ. ആ നിമിഷം ഞാന്‍ എന്‍ഡോസള്‍ഫാന്‍ കാരണം ജീവിതം മുറിഞ്ഞുപോയ അനേകം മനുഷ്യരെ സ്മരിച്ചു. ഓസോണ്‍ പാളിയിലെ വിള്ളലിനെ കുറിച്ചോര്‍ത്തു. വറ്റി വരണ്ട ഭൂമിയും കത്തി നശിക്കുന്ന വനങ്ങളും എന്നെ പൊള്ളിച്ചു.

ഇനി അപേക്ഷയോ ഹര്‍ജിയോ സമര്‍പ്പിക്കാനില്ല. ഹേബിയസ്‌കോര്‍പ്പസ് ആവശ്യമില്ല. മണിയണ്ണന്‍ വന്നിരിക്കുന്നു. അയാളാണ് ആരാച്ചര്‍. ഒരുപാട് പെരുച്ചാഴികളുടെ ചോരകറ പുരണ്ട കറുത്ത കരുത്തുറ്റ കൈകള്‍ കൊണ്ടയാള്‍ കെണിപെട്ടിയുടെ നീണ്ട പിടിക്കമ്പിയില്‍ പിടിച്ച് പുറത്തേക്ക് നടന്നു.

അവസാന കാഴ്ചയാണ്, വീണ്ടും അവന്‍ എന്നെ നോക്കി ഞാനും.

''നിങ്ങള്‍ ഇവനെ എങ്ങനെ കൊല്ലാനാണ്?''

മണിയണ്ണന്‍ ഒന്ന് ചിരിച്ചു. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ മുഴുവന്‍ തെളിഞ്ഞു കണ്ടു.

''നാന്‍ ഇതേ ശാപ്പിട പോറേ...'' എന്ന് വച്ചാല്‍ അയാള്‍ അതിനെ പൊരിച്ചു തിന്നുമെന്ന്.

മണിയണ്ണനും അവനും വിദൂരതയില്‍ ഒരു പൊട്ട് പോലെ മാഞ്ഞു പോയി.

അവന്‍ മരിച്ചു കാണും. മണിയണ്ണന്‍ അവനെ കഴിച്ചു കാണും. അവന്‍ മോഷ്ടിച്ച വിഭവങ്ങള്‍ മുഴുവന്‍ മണിയണ്ണന്റെ ശരീരം ഏറ്റുവാങ്ങും. 

അപ്പോ മണിയണ്ണനെ ആര് ശിക്ഷിക്കും....?

ഇന്ന് മണിയണ്ണനും ജീവിച്ചിരിപ്പില്ല. അങ്ങനെ ഈ ഫോട്ടോക്കപ്പുറം ഒന്നും അവശേഷിപ്പിക്കാതെ അവന്‍ ഈ ലോകം വെടിഞ്ഞിരിക്കുന്നു. 

ഇത്രയും എഴുതി, ഈ ഫോട്ടോ ഒരിക്കല്‍ കൂടി ഞാന്‍ റീസൈക്കിള്‍ബിന്നിലേക്ക് എറിയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios