മമ്മുക്കയ്‌ക്കൊപ്പം ഒരു സിനിമാഭിനയത്തിന്റെ ഓര്‍മ്മ
ജോണിവാക്കര്‍ സിനിമയില്‍ ഞാനുമുണ്ടായിരുന്നു. ആ ഫോട്ടോയുടെ കഥ. നജീബ് മൂടാടി എഴുതുന്നു
ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.
ഇരുപത്തി ഒമ്പതു വര്‍ഷം പഴക്കമുണ്ട് ഈ ചിത്രങ്ങള്‍ക്ക്. കൃത്യമായി പറഞ്ഞാല്‍ 1991 ഡിസംബറില്‍. ഞാനന്ന് ബംഗളൂരുവില്‍ മുരുഗേഷ് പാളയത്ത് പലചരക്കു കച്ചവടക്കാരന്‍. വയസ്സ് കഷ്ടി 22. സിനിമ അന്നും വലിയ ഹരമാണ്. പേപ്പറമ്മയുടെ കടയില്‍ നിന്ന് നാന, ചിത്രഭൂമി, വെള്ളിനക്ഷത്രം, ഫിലിം മാഗസിന്‍ ഒക്കെ ചൂടാറാതെ ഓസില്‍ വായിച്ച് സിനിമയുടെ സകല കാര്യവും ചര്‍ച്ചിക്കുന്നത് കണ്ണേട്ടന്റെ ചെരിപ്പ് പീടികയില്‍ ഇരുന്നാണ്. കണ്ട സിനിമകള്‍, വരാന്‍ പോകുന്ന സിനിമകള്‍, നടന്മാര്‍, സംവിധായകര്‍, സിനിമാക്കഥകള്‍ അങ്ങനെ ഹരം പിടിച്ച ചര്‍ച്ചകളാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ബെന്‍ ആണ് പറഞ്ഞത്. മമ്മൂട്ടിയുടെ സിനിമയുടെ ഷൂട്ടിങ് ഉണ്ട് സെന്റ് ജോസഫ് കോളേജില്‍. 'ജോണിവാക്കര്‍'!.
ആഹാ. രണ്ടുവട്ടം ആലോചിക്കാനില്ല. ഷൂട്ടിങ് കാണാന്‍ പറ്റുന്ന അവസരം. മമ്മൂട്ടിയെ അടുത്തു കാണാന്‍ കിട്ടുന്ന ചാന്‍സ്. അപ്പോള്‍ തന്നെ ഞാനും കണ്ണേട്ടനും മജസറ്റക് ബസ്സ് കയറി ഓപറ തിയേറ്ററിനടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി സെന്റ് ജോസഫ് കോളേജിലേക്ക് നടന്നു.
കോളേജ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബസ്സില്‍ ജനറേറ്ററിന്റെ മുഴക്കം. ഷൂട്ടിങ് കാണാന്‍ വലിയ ആള്‍ത്തരക്കില്ല. വിക്‌ടോറിയന്‍ മാതൃകയിലുള്ള മനോഹരമായ ഒരു കെട്ടിടമാണ് സെന്റ് ജോസഫ് കോളേജ്. അവിടെ ഒരു ക്ലാസ്സ് മുറിയിലാണ് ഷൂട്ടിങ്. അധ്യാപികയായി രഞ്ജിത. വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ അതാ ഇരിക്കുന്നു സാക്ഷാല്‍ മമ്മൂട്ടി!. അടിപൊളി സ്‌റ്റൈലില്‍!.
മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ ജയരാജ്, ക്യാമറാമാന്‍ എസ്. കുമാര്‍, നിര്‍മ്മാതാവ് കൂടിയായ പ്രേം പ്രകാശ്, മണിയന്‍പിള്ള രാജു, ശങ്കരാടി, തിരക്കഥാകൃത്ത് രഞ്ജിത്, കുട്ടപ്പായി ആയി അഭിനയിക്കുന്ന മണികണ്ഠന്‍. പിന്നെ കോളേജ് സ്റ്റുുഡന്റ്സ് ആയി അഭിനയിക്കാന്‍ നാട്ടില്‍ നിന്ന് പത്ര പരസ്യത്തിലൂടെ സെലക്ട് ചെയ്തു കൊണ്ടുവന്ന കുറച്ചു പുതുമുഖങ്ങളും ബംഗളൂരുവില്‍ നിന്നുള്ള എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളും. ഞാനും കണ്ണേട്ടനും ഈ താരങ്ങളെയൊക്കെ ആദ്യമായാണ് നേരില്‍ കാണുന്നത്. അതും മമ്മൂട്ടിയെയൊക്കെ ഇത്ര അടുത്ത്. ഒരു തിരക്കും ബഹളവും ഇല്ലാതെ. ഷൂട്ടിങ് കണ്ടും താരങ്ങളെ കണ്ടും നിന്ന് വൈകുന്നേരമാണ് ഞങ്ങള്‍ തിരിച്ചു പോയത്.
രണ്ടു ദിവസം കഴിഞ്ഞു യെശ്വന്തപുര മാര്‍ക്കറ്റില്‍ സാധനങ്ങള്‍ എടുക്കാന്‍ പോയി തിരിച്ചു ശിവാജിനഗറില്‍ വന്ന് ബസിറങ്ങിയപ്പോള്‍ ഒരു ഉള്‍വിളി. ഷൂട്ടിങ് ഉണ്ടോ എന്ന് പോയി നോക്കിയാലോ?. തിരക്കിട്ട് കടയില്‍ പോയിട്ട് വിശേഷിച്ച് പണിയൊന്നുമില്ല.
ശിവാജിനഗറില്‍ ബസ് സ്റ്റാന്റില്‍ ഇറങ്ങി MG റോഡ് മുറിച്ചു കടന്നു റിച്മണ്ട് റോഡ് വഴി സെന്റ് ജോസഫ് കോളേജിലേക്ക് നടന്നു. ദൂരെ നിന്ന് തന്നെ കേട്ടു ജനറേറ്ററിന്റെ ശബ്ദം. ഷൂട്ടിങ് നടക്കുന്നുണ്ട്. അന്ന് മമ്മൂട്ടിയില്ല. ശങ്കരാടി, പ്രേം കുമാര്‍, മണിയന്‍ പിള്ള രാജു സുകുമാരി ഇവരൊക്കെ ഉണ്ട്. കുട്ടപ്പായി മമ്മൂട്ടിയെ അന്വേഷിച്ചു കോളേജില്‍ വരുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ് കണ്ടു നില്‍ക്കുന്ന എന്നോട് സഹസംവിധായകന്‍ വന്ന് കോളേജ് വരാന്തയിലൂടെ നടക്കാമോ എന്ന് ചോദിക്കുന്നു. എന്തതിശയമേ.!. സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ്. രണ്ടാമത് ആലോചിക്കാനില്ലല്ലോ ഞാന്‍ റെഡി.
എന്നെ പിടിച്ചു നിര്‍ത്താന്‍ കാരണമുണ്ട്. നാട്ടില്‍ നിന്ന് കൊണ്ടുവന്നവരെല്ലാം ക്ലാസ്റൂം സീനില്‍ വിദ്യാര്‍ത്ഥികളായി ഇരുന്നതാണ്. ക്ലാസ്സ് നടക്കുമ്പോള്‍ കുട്ടപ്പായി മമ്മൂട്ടിയെ തിരഞ്ഞു വരുന്നതാണ് സീന്‍. ബംഗളൂരുവില്‍ നിന്നുള്ള എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളില്‍ 'മലയാളി ലുക്കുള്ള'വര്‍ ഇല്ല. അപ്പോഴാണ് സഹ സംവിധായകന്റെ കണ്ണില്‍ ഞാന്‍ പെടുന്നതും, ജീവിതത്തില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നതും.
എന്റെ കയ്യില്‍ രണ്ടുമൂന്ന് പുസ്തകങ്ങള്‍ തന്നു. കുട്ടപ്പായിയുടെ എതിരില്‍ ഞാന്‍ നടന്ന് പിറകിലുള്ള സ്‌റ്റെപ്പ് കയറി മുകളിലോട്ട് പോകണം. ജീവിതത്തില്‍ കോളേജില്‍ പോയിട്ടില്ലെങ്കിലും സിനിമയിലൂടെ ഞാന്‍ കോളേജ് കുമാരനുമായി. മമ്മൂട്ടിയോടൊപ്പം!.
ഏതായാലും അഭിനയം ആ ഒരു സീനില്‍ തീര്‍ന്നില്ല. കോളേജ് പ്രിന്‍സിപ്പാള്‍ ആയ ശങ്കരാടിയെ കളിയാക്കി പാട്ടുപാടുന്ന സീനിലും കിട്ടി അവസരം. ഇട്ടിരുന്ന ഷര്‍ട്ടിന് പകരം ഒരു ടീഷര്‍ട്ട് തന്നു. സെറ്റിലെ ഭക്ഷണവും.
സഹസംവിധായകന്‍ പേരൊക്കെ എഴുതി വാങ്ങി, താമസിക്കുന്ന ഹോട്ടലിന്റെ നമ്പര്‍ തന്നു. വിളിച്ചന്വേഷിച്ചു കോളേജ് സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ പറയുന്ന സ്ഥലത്ത് എത്തണം.
ബാംഗ്ലൂര്‍ പാലസ്, ക്രൈസ്റ്റ് കോളേജ്, ബാള്‍ഡ്വിന്‍ സ്‌കൂള്‍ ഇങ്ങനെ പല സ്ഥലങ്ങളിലായാണ് ജോണിവാക്കറിലെ കോളേജ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. അവിടെയൊക്കെ കോളേജ് വിദ്യാര്‍ഥികളില്‍ ഒരാളായി ഞാനും.
സിനിമ എന്ന അത്ഭുതലോകം അടുത്തു കാണുന്നത് ഈ ഷൂട്ടിങ് കാലത്താണ്. ഇന്നത്തെ പ്രശസ്ത സംവിധായകനായ ബ്ലെസ്സിയായിരുന്നു അസോസിയേറ്റ് ഡയറക്ടര്‍. പല സീനുകളിലും അദ്ദേഹം എന്നെ ക്യാമറയില്‍ പെടും വിധം മുന്നിലേക്ക് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്.
പ്രേംകുമാര്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെടുന്നത് 'ജോണിവാക്കറി'ലാണ്. അദ്ദേഹവുമായി നല്ല പരിചയത്തിലായി. 'ദി കിംഗ്' സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെട്ട കൃഷ്ണന്‍ ഇതില്‍ വില്ലന്‍ വേഷത്തില്‍ ഉണ്ടായിരുന്നു. അബുസലിം, അഗസ്റ്റിന്‍ തുടങ്ങിയവരും.
മിക്കവാറും ദിവസങ്ങളില്‍ മമ്മൂട്ടി ഉണ്ടായിരുന്നു. 'ദളപതി' സിനിമ ഇറങ്ങിയ ഉടനെ ആയതു കൊണ്ട് തമിഴന്‍മാരും മമ്മൂട്ടി സിനിമയുടെ ഷൂട്ടിങ് കേട്ടറിഞ്ഞെത്തിയ അപൂര്‍വ്വ മലയാളികളും അല്ലാതെ ഷൂട്ടിങ് കാണാന്‍ വരുന്നവരുടെ തിരക്കുണ്ടായിരുന്നില്ല. ബാംഗ്ലൂര്‍ സന്ദര്‍ശിക്കാന്‍ വന്ന പ്രശസ്ത ഹാസസാഹിത്യകാരനായ വേളൂര്‍ കൃഷ്ണന്‍കുട്ടിയും കുടുംബവും ഒരു ദിവസം ഷൂട്ടിങ് സെറ്റില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെയും കാണാന്‍ കഴിഞ്ഞു. ഷൂട്ടിങ് കാണാന്‍ വരുന്നവരില്‍ ചിലര്‍ മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കും.
മമ്മൂട്ടി തന്നെ തന്റെ ക്യാമറയില്‍ തലങ്ങും വിലങ്ങും നടന്ന് ഫോട്ടോ എടുക്കുന്നുണ്ട്.
ഇന്നത്തെ പോലെ മൊബൈലില്‍ ക്യാമറയുമായി നടക്കുന്ന കാലമല്ല. മൊബൈല്‍ ഫോണ്‍ എന്ന് തന്നെ അന്ന് കേട്ടിട്ടില്ല. ഒരു മാസത്തിലേറെ തൊട്ടടുത്ത് മമ്മൂട്ടി എന്ന സൂപ്പര്‍ താരം ഉണ്ടായിട്ടും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍.....
ഒരു ദിവസം ക്രൈസ്റ്റ് കോളേജില്‍ ഷൂട്ടിങ് കഴിഞ്ഞൊരു വൈകുന്നേരം.
നാട്ടില്‍ നിന്ന് കോളേജ് സ്റ്റുഡന്റ്‌സായി അഭിനയിക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ആരുടെയോ കയ്യിലുള്ള ക്യാമറ കൊണ്ട് മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കുന്നു. കൂട്ടത്തില്‍ ചിലരുമായി മാത്രമേ എനിക്ക് അടുപ്പമുള്ളൂ. അതില്‍ കോട്ടയത്തു നിന്നുള്ള പ്രകാശ് എന്നെയും വിളിച്ചു ഫോട്ടോ എടുക്കാന്‍. നെഞ്ചിടിപ്പോടെയാണ് മലയാളത്തിലെ താരചക്രവര്‍ത്തിയുടെ തോളില്‍ കയ്യിട്ടു ചേര്‍ന്നിരുന്നത്. അദ്ദേഹവും ചേര്‍ത്തു പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്തു. ആപൂര്‍വ്വമായ ഭാഗ്യം.
പ്രകാശ് എന്റെ അഡ്രസ് വാങ്ങിയിട്ടുണ്ടെങ്കിലും ആരുടെ ക്യാമറ ആണെന്നോ ഫോട്ടോ കിട്ടുമോ എന്നൊന്നും ഉറപ്പില്ല. ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല. ഒരു ക്യാമറ സംഘടിപ്പിച്ചാല്‍....
പകലും രാത്രിയുമായി ഒരുപാട് ദിവസം 'ജോണിവാക്കര്‍' സെറ്റിലുണ്ടായിരുന്നു. ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ ക്യാമറയില്ല. ബംഗളൂരുവിലെ ഷൂട്ടിങ് തീരുന്ന ദിവസം. മുരുഗേഷ് പാളയത്തിനടുത്തുള്ള 'കോനാര'ത്തെ (കോനാര അഗ്രഹാര) മലയാളിയുടെ സ്റ്റുഡിയോയില്‍ നിന്ന് ഞാനും കണ്ണേട്ടനും ഒരു ക്യാമറ വാടകക്കെടുത്തു. രണ്ടാള്‍ക്കും ക്യാമറയുടെ 'ഹിക്മത്' ഒന്നും അറിയാത്തത് കൊണ്ട് ഓപ്പറേഷനൊക്കെ ചോദിച്ചു മനസ്സിലാക്കി ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. ചര്‍ച്ച്റോഡിലെ ഒരു പഴയ ക്ലബ്ബിലാണ് അന്നത്തെ ഷൂട്ടിങ്. അതില്‍ ഒരു മുറി ശവക്കോട്ടയിലെ വില്ലന്റെ ഭൂമിക്കടിയിലുള്ള താവളം ആക്കി മാറ്റിയിരിക്കുന്നു.
മമ്മൂട്ടി അകത്തു ഷൂട്ടിങ്ങില്‍ ആണ്. അല്‍പം കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നു. ഷൂട്ടിങ് കാണാന്‍ വന്ന ആരോ അടുത്തേക്ക് ചെന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു തട്ടിക്കയറി. ഇത്രനാളും കണ്ടപോലെ അല്ല. ആരെയും അടുപ്പിക്കുന്നില്ല. എന്ത് ചെയ്യും.
ഷൂട്ടിങ്ങിന്റെ ഇടവേളയാണ്. രഞ്ജിത്, ജയരാജ്, ബ്ലസ്സി, എസ്. കുമാര്‍, പുതിയ വില്ലന്‍, ഹക്കീം... ഇവരോടൊപ്പമൊക്കെ നിന്ന് ഫോട്ടോ എടുത്തു. മമ്മൂട്ടി ഇടയ്‌ക്കൊക്കെ അകത്തേക്ക് പോയി പുറത്തു വന്ന് ഒറ്റയ്ക്ക് വിശ്രമിക്കുന്നു. വൈകുന്നേരമാണ്. ഇരുട്ട് വീണാല്‍ ഫോട്ടോ എടുക്കാന്‍ പറ്റില്ല. പിന്നെ ഇങ്ങനെ ഒരു അവസരം കിട്ടണമെന്നുമില്ല. ചീത്ത കേട്ടാലും സാരമില്ല എന്ന് രണ്ടും കല്പിച്ച് അദ്ദേഹത്തോട് പോയി ചോദിച്ചു. സമ്മതം. പിന്നെ എടുപിടീന്ന് ഞാനും കണ്ണേട്ടനും മാറി മാറി അദ്ദേഹത്തിന്റെ അടുത്തിരുന്നു ഫോട്ടോ എടുത്തു. അന്ന് തന്നെ ഫോട്ടോ കഴുകി കണ്ടപ്പോഴാണ് സമാധാനമായത്. ഭാഗ്യം പതിഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് അന്നദ്ദേഹം ആരെയും അടുപ്പിക്കാഞ്ഞത് എന്ന് പിന്നീടാണ് മനസ്സിലായത്.
അന്ധനായാണ് അദ്ദേഹം ആ സീനുകളില്‍ അഭിനയിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ തന്റെ കഥാപാത്രത്തെ പരമാവധി നന്നാക്കാന്‍ അതുമാത്രം മനസ്സില്‍ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് ഫോട്ടോയെടുപ്പും ചിരിയും തമാശകളും കഥാപാത്രത്തിലേക്കുള്ള തന്റെ ഏകാഗ്രതക്ക് അലോസരമാവുമെന്നത് കൊണ്ടാവണം. കോളേജ് സീനുകള്‍ ചിത്രീകരിക്കുമ്പോഴും വികാരനിര്‍ഭരമായ ചില രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഇതുപോലെ കളിതമാശകളില്‍ നിന്നകന്ന് അദ്ദേഹം ഏകനായി ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അനുജനായ ബോബി തന്നോട് കോളേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുമ്പോള്‍ കോളേജ് മുഴുവനും അനക്കമറ്റ് നോക്കി നില്‍ക്കുന്നതും അദ്ദേഹം തലതാഴ്ത്തി വേദനയോടെ നടന്നു പോകുന്നതുമായ സീനില്‍ ഒരു കന്നഡ എക്‌സ്ട്രാ നടന്‍ ചിരിച്ചുകൊണ്ട് നിന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അയാളോട് ദേഷ്യപ്പെട്ട് പുറത്താക്കുന്നത് കണ്ടിട്ടുണ്ട്. സിനിമയോടുള്ള ആത്മാര്‍ത്ഥതയും അഭിനിവേശവുമാണ് മമ്മൂട്ടി എന്ന നടന്റെയും താരത്തിന്റെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിറകില്‍. ഏതു തരം സിനിമ ആയാലും തന്റെ കഥാപാത്രത്തെ ഏറ്റവും നന്നായി അവതരിപ്പിക്കാനുള്ള പരിശ്രമം.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പ്രകാശിന്റെ കത്തും രണ്ട് ഫോട്ടോകളും പോസ്റ്റലായി വന്നു. ഒരെണ്ണം അന്ന് മമ്മൂട്ടിയോടൊപ്പം എടുത്തത്. മറ്റൊന്ന് സിനിമയില്‍ നിന്നുള്ള രംഗം. സിനിമയുടെ നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ പകര്‍ത്തിയത്. പ്രകാശും അന്ന് ഒപ്പമുണ്ടായിരുന്നവരും ഇപ്പോള്‍ എവിടെയാണോ ആവോ.
സിനിമ പുറത്തിറങ്ങിയപ്പോള്‍ പോസ്റ്ററിലും ഇരുപത്തിയഞ്ചാം ദിവസം വന്ന പത്രപരസ്യത്തിലും ഞാനും ഉണ്ടായിരുന്നു എന്നത് അത്ഭുതമായി. കാലം കൊണ്ട് മങ്ങിപ്പോയെങ്കിലും ഈ ചിത്രങ്ങള്‍ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. മലയാളത്തിലെ അതുല്യനടന്റെ/ താരത്തിന്റെ ഒപ്പം ഒരു സിനിമയില്‍ ഉണ്ടായിരുന്നതിന്റെ ഓര്‍മ്മയ്ക്ക്. ജീവിതത്തിലെ വലിയൊരു ആഗ്രഹ സഫലീകരണത്തിന്റെയും.