Asianet News MalayalamAsianet News Malayalam

'ഇതൊരാണിന് ചേര്‍ന്നതല്ല, നീ ആണിനെപ്പോലെ പെരുമാറണം' പരിഹാസവും ഉപദ്രവവും; ഇന്ത്യയിലെ ആദ്യ പുരുഷ ബെല്ലിഡാന്‍സറുടെ അനുഭവം

2017 -ല്‍ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒഴുകുന്നൊരു മുഴുപ്പാവാടയുമിട്ട് അവതരിപ്പിച്ച നൃത്തമാണ് അവനെ പ്രസിദ്ധനാക്കിയത്. അന്ന്, അവിടെക്കൂടിയിരുന്ന മനുഷ്യരോ, കാണികളോ, വിധികര്‍ത്താക്കളോ ഒന്നുംതന്നെ ഒരു ആണ് ഇതുപോലെ ഒരു ബെല്ലി ഡാന്‍സ് അവതരിപ്പിക്കുന്നത് കണ്ടിട്ടേയില്ലായിരുന്നു. 

experience of a male belly dancer
Author
Delhi, First Published Oct 16, 2019, 5:28 PM IST

അഞ്ചാമത്തെ വയസ്സൊക്കെത്തൊട്ട് ഇഷാന്‍ അങ്ങനെയായിരുന്നു. അവനിഷ്ടപ്പെട്ട ഹിന്ദി സിനിമാഗാനങ്ങള്‍, അതിലെ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളൊക്കെ കാണുമ്പോള്‍ അവന്‍ സോഫയില്‍ക്കിടന്ന് ചാടാന്‍ തുടങ്ങും. അവന്‍റെ പ്രിയപ്പെട്ട പാട്ടുകള്‍ക്കൊപ്പമുള്ള ചുവടുകള്‍ വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ, വളര്‍ന്നപ്പോ തൊട്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു തുടങ്ങി. ദില്ലിയിലെ തങ്ങളുടെ അയല്‍വീട്ടിലെ കുട്ടികളെപ്പോലെ അവന്‍ പുറത്ത് പോവുകയോ ക്രിക്കറ്റോ ഒന്നും കളിക്കുകയോ ചെയ്യുന്നില്ലെന്ന്, അവനെപ്പോഴും മുറിയിലടച്ചിരിപ്പാണെന്ന് അച്ഛന്‍ ശ്രദ്ധിച്ചു തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു. അവന്‍ ദിവസവും അക്രമിക്കപ്പെട്ടു തുടങ്ങി. അവനിരിക്കുന്ന രീതി ശരിയല്ല, നടക്കുന്ന രീതി ശരിയല്ല, അവന്‍റെ സംസാരം ശരിയല്ല തുടങ്ങി ഓരോ കുറ്റങ്ങളും പറഞ്ഞ് അവനെ തല്ലുന്നത് വീട്ടുകാര്‍ ദിനചര്യയാക്കി. കൂട്ടുകാര്‍ കളിയാക്കി. അവനെന്തോ ഒരു പ്രശ്‍നമുണ്ട് എന്ന് വീട്ടുകാരും കൂട്ടുകാരും പറഞ്ഞുതുടങ്ങി. 

എന്നാല്‍, ഇഷാന്‍ അതിലൊന്നും തളര്‍ന്ന് വെറുതെയിരുന്നില്ല. അവനേറെ പ്രിയം നൃത്തം ചെയ്യാനാണ്. അതുമായിത്തന്നെ അവന്‍ ജീവിക്കുന്നു. ഇരുപത്തിയഞ്ചുകാരനായ ഇഷാനാണ് പുരുഷന്മാരില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ബെല്ലി ഡാന്‍സര്‍. 2017 -ല്‍ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒഴുകുന്നൊരു മുഴുപ്പാവാടയുമിട്ട് അവതരിപ്പിച്ച നൃത്തമാണ് അവനെ പ്രസിദ്ധനാക്കിയത്. അന്ന്, അവിടെക്കൂടിയിരുന്ന മനുഷ്യരോ, കാണികളോ, വിധികര്‍ത്താക്കളോ ഒന്നുംതന്നെ ഒരു ആണ് ഇതുപോലെ ഒരു ബെല്ലി ഡാന്‍സ് അവതരിപ്പിക്കുന്നത് കണ്ടിട്ടേയില്ലായിരുന്നു. അതായിരുന്നു അവന്‍റെ നൃത്തം അംഗീകരിക്കപ്പെട്ട ആ നമിഷം. 

ഇഷാന്‍ മറ്റുള്ളവരില്‍നിന്നുമാറി വൈജയന്തിമാലയും രേഖയുമടക്കമുള്ളവരുടെ പാട്ടുകള്‍ കാണാനിഷ്‍ടപ്പെട്ടു. ഓരോ തവണയും ഇവരുടെ നൃത്തം ടിവിയില്‍ കാണുമ്പോള്‍ ഇഷാനും കൂടെ കളിക്കും. അതിനിടയിലെപ്പോഴോ ആണ് തന്‍റെ വഴി ഈ ചുവടുകളുടെ വഴി തന്നെയാണ് എന്ന് ഇഷാന് മനസിലാകുന്നത്. പക്ഷേ, അതിനെയെല്ലാം തടയുന്ന തരത്തില്‍ അവന്‍റെ വീട്ടുകാരും ചുറ്റുമുള്ളവരും അവനെ കുത്തുവാക്കുകളും പരിഹാസങ്ങളും കൊണ്ട് വേദനിപ്പിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ കുടുംബത്തിലെ ഒരാഘോഷത്തിന് അവരെല്ലാവരും ചേര്‍ന്ന് അന്താക്ഷരി കളിക്കുകയായിരുന്നു. അതിടയില്‍ വെറുതെ ഒന്നു ചുവടുവെച്ച ഇഷാനെ മുത്തശ്ശി വിളിച്ചത് വേശ്യ എന്നാണ്. അന്ന് അവന് ആ വാക്കിന്‍റെ അര്‍ത്ഥമറിയില്ലായിരുന്നു. പക്ഷേ, അതിലെന്തോ ഒരു പ്രശ്‍നമുണ്ട് എന്നവന് തോന്നിയിരുന്നു. ഒരിക്കല്‍ അച്ഛനും അവനെ തല്ലി. ഹിജഡ എന്നും ഗണിക എന്നും വിളിച്ചുതന്നെയായിരുന്നു അതും. അന്നങ്ങനെ വിളിക്കുന്നത് പതിവായിരുന്നു.

experience of a male belly dancer 

പക്ഷേ, അതിനൊന്നും നൃത്തത്തോടുള്ള അവന്‍റെ ഇഷ്‍ടത്തെ ഇല്ലാതാക്കാനായില്ല. തനിക്ക് കിട്ടുന്ന പോക്കറ്റ് മണിയെല്ലാം അവന്‍ ചേര്‍ത്തുവെച്ചു. എന്നിട്ട് കഥക് ക്ലാസിന് ചേരണമെന്ന് തീരുമാനിച്ചു. ആവശ്യത്തിനു പണമായപ്പോള്‍ ഇതേക്കുറിച്ച് അവന്‍ അമ്മയോട് സംസാരിച്ചു. അന്നും കിട്ടി അവന് തല്ലും ശകാരവും. വീട്ടില്‍ നില്‍ക്കാനാവാത്ത അവസ്ഥ. അതിനിടെ 2008 -ല്‍ ഒരു റിയാലിറ്റി ഷോ ഓഡിഷന്‍ നടക്കുന്നതില്‍ പങ്കെടുക്കാനായി അവന്‍ വീടുവിട്ടിറങ്ങി. ആവശ്യത്തിന് പണമില്ലാതെ വീടുവിട്ടിറങ്ങുക എന്നത് അവനെ ഭയപ്പെടുത്തിയിരുന്നു. അങ്ങനെ അവന്‍ നൈനിറ്റാളില്‍ എത്തിച്ചേര്‍ന്നു. അവിടെയൊരു ഹോട്ടലില്‍ വൃത്തിയാക്കുന്ന ജോലിക്ക് കയറി. പക്ഷേ, മാതാപിതാക്കള്‍ വെറുതെയിരുന്നില്ല. പൊലീസില്‍ പരാതി നല്‍കി. പൊലീസ് വഴി അവനെ കണ്ടുപിടിച്ചു. തിരികെ ദില്ലിയില്‍ എത്തിയ കുറച്ച് ദിവസങ്ങള്‍ അവന്‍റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിവസങ്ങളായിരുന്നു. 

വീട്ടുകാരെ വേദനിപ്പിക്കരുത്, അവരെ പരിഹാസപാത്രമാക്കരുത് എന്ന തോന്നലില്‍ നിന്ന്, ദുരിതവും താങ്ങാനാവാതെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്‍ ഡാന്‍സ് പഠനം അവസാനിപ്പിച്ചു. മറ്റൊരാളായി ജീവിക്കാന്‍ തുടങ്ങി. അങ്ങനെ അവനവനല്ലാത്ത ജീവിതം തുടരവെയാണ് അവന്‍ അമ്മയോട് സംസാരിക്കുന്നത്. അതവന് ആശ്വാസവും പ്രതീക്ഷയുമേകി. ''നീ നിന്‍റെ ഇഷ്‍ടം പോലെ ജീവിക്കണം. ദൈവത്തോടല്ലാതെ ആരോടും ഒന്നും ബോധിപ്പിക്കേണ്ട'' എന്ന് അവനോട് അമ്മ പറഞ്ഞു. ആ ഉപദേശം അവന്‍റെ എല്ലാ പേടികളെയും ഇല്ലാതാക്കി. അങ്ങനെയവന്‍ ഡാന്‍സിലേക്ക് തിരികെയെത്താന്‍ തീരുമാനിച്ചു. 

experience of a male belly dancer

കഥക് പഠിക്കുന്നതിനിടയിലാണ് ഇഷാന്‍ ബെല്ലി ഡാന്‍സിനെക്കുറിച്ചറിയുന്നത്. എന്നാല്‍, ബെല്ലി ഡാന്‍സ് പഠിക്കാനായി തീരുമാനിച്ചപ്പോഴാണ് അത് സ്ത്രീകള്‍ മാത്രമാണ് പരിശീലിക്കുന്നത് എന്ന് അവന്‍ മനസിലാക്കുന്നത്. അങ്ങനെ യൂട്യൂബ് ട്യൂട്ടോറിയലുകള്‍ നോക്കി അവന്‍ ബെല്ലി ഡാന്‍സിന്‍റെ പാഠങ്ങള്‍ പഠിച്ചുതുടങ്ങി. അതും അവന്‍റെ അച്ഛനെ പ്രകോപിപ്പിച്ചു. എന്തുകൊണ്ടാണ് നീയൊരു പെണ്‍കുട്ടിയെ പോലെ പെരുമാറുന്നത്? എന്തിനാണ് ഈ കുടുംബത്തിന് അപമാനമുണ്ടാക്കിവെക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു അക്രമം. പക്ഷേ, ഇത്തവണ ഭയക്കാനോ ഓടിപ്പോകാനോ ഇഷാന്‍ തയ്യാറായിരുന്നില്ല. പലതവണ അച്ഛനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. 2013 -ല്‍ അവന്‍ മുംബൈയിലേക്ക് പോയി. അവിടെ ഫാഷനില്‍ തന്‍റെ പഠനം തുടര്‍ന്നു. അപ്പോഴും യൂട്യൂബ് നോക്കി ബെല്ലി ഡാന്‍സ് പഠിക്കുന്നത് തുടര്‍ന്നു. കോളേജ് പഠനം കഴിഞ്ഞതിന് ശേഷം ദില്ലിയിലെ ഒരു ബെല്ലി ഡാന്‍സ് സ്‍കൂളില്‍ ചേര്‍ന്നു അവന്‍. ആദ്യമാദ്യം ആ ജീവിതം പ്രയാസകരമായിരുന്നുവെങ്കിലും പയ്യെപ്പയ്യെ അത് ആസ്വാദ്യകരമായി. ഇടുപ്പിളക്കുക മാത്രമല്ല ബെല്ലി ഡാന്‍സ് അതിനുമപ്പുറം അതില്‍ ഒരുപാടുണ്ട് എന്ന് ഇഷാന്‍ പറയുന്നു. 

ബെല്ലി ഡാന്‍സിന്‍റെ ലോകം അവന് പുതിയൊരു വ്യക്തിത്വം നല്‍കി. ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. അഭിനന്ദനങ്ങള്‍ക്കൊപ്പം മുറിപ്പെടുത്തുന്ന പരിഹാസങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. പക്ഷേ, അതിനെയൊക്കെ നേരിടാനുള്ള കരുത്ത് അവനുണ്ടായിരുന്നു. ഇന്ന് അവന്‍ അറിയപ്പെടുന്നൊരു ബെല്ലി ഡാന്‍സറാണ്. സമൂഹത്തില്‍നിന്ന് സ്വന്തം ഇഷ്‍ടത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരോട് ഇഷാന് പറയാനുള്ളത്, 'നാം ആദ്യം സ്വയം അംഗീകരിക്കണം. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. എപ്പോഴും നമ്മളായിരിക്കുക, നമുക്കിഷ്ടപ്പെട്ടത് ചെയ്യുക' എന്നാണ്. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)


 

Follow Us:
Download App:
  • android
  • ios