ബാലവധുവിൽ നിന്നും പദ്മശ്രീ പുരസ്കാരം വരെ, ഒരു കലാകാരിയുടെ ജീവിതം

പുരുഷാധിപത്യം ശക്തമായി നിലനിന്ന ഒരിടത്തായിരുന്നു ഗോദാവരി ജനിച്ചത്. സ്ത്രീകള്‍ വീടിനു പുറത്തേക്കേ പോകേണ്ടതില്ലെന്ന ചിന്താഗതിയായിരുന്നു അവിടുത്തുകാര്‍ക്ക്. 

inspiration story of madhubani painter Godawari Dutta

പത്താമത്തെ വയസിലാണ് ഗോദാവരി ദത്തയ്ക്ക് തന്‍റെ അച്ഛനെ നഷ്ടപ്പെട്ടത്. സ്കൂളില്‍ പോയിക്കൊണ്ടിരിക്കുന്ന കാലത്ത് തന്നെ അവളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. പിന്നീട് അവളുടെ ബാല്യകാലം കവര്‍ന്ന അതേ ഭര്‍ത്താവിനാല്‍ അവള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ഒരു അനുഭവത്തിലും തളര്‍ന്നുപോകാനോ തോറ്റുകൊടുക്കാനോ അവള്‍ തയ്യാറായിരുന്നില്ല. അമ്മയില്‍ നിന്നും കിട്ടിയ മധുബനി എന്ന പരമ്പരാഗത കലയില്‍ അവള്‍ തന്‍റെ കഴിവുകളുപയോഗിച്ചു. 2019 -ല്‍ മധുബനിയില്‍ നല്‍കിയ സംഭാവനയ്ക്കുള്ള ആദരവായി അവര്‍ക്ക് പദ്മശ്രീ ലഭിക്കുകയുണ്ടായി. 1960 -കളുടെ അവസാനത്തില്‍ ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ഗോദാവരിയുടെ കഥ തുടങ്ങുന്നത്. 

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും സഹായിയായ ഭാസ്കര്‍ കുല്‍ക്കര്‍ണിയും അന്ന് വരള്‍ച്ച ബാധിച്ച ബിഹാര്‍ സന്ദര്‍ശിക്കുകയുണ്ടായി. കുല്‍ക്കര്‍ണി ഓരോ ഗ്രാമവും സന്ദര്‍ശിക്കുകയും ഗ്രാമീണരുമായി സംസാരിക്കുകയും ചെയ്തു. ആ സമയത്താണ് ഓരോ വീടിന്‍റെയും മണ്‍ചുമരകളില്‍ ഒരു പ്രത്യേകരീതിയിലുള്ള പെയിന്‍റിംഗ് കണ്ടത്. അത് അദ്ദേഹത്തെ ആകര്‍ഷിച്ചു. വളരെ പുരാതനകാലം മുതല്‍ തന്നെ നിലവിലുണ്ടായിരുന്ന മധുബനി എന്ന കലയായിരുന്നു അത്. വിനാശകരമായ ക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ മധുബനിയെ വരുമാനം നേടിക്കൊടുക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നതിനെ കുറിച്ചും അദ്ദേഹം ആലോചിക്കുകയുണ്ടായി. 

പ്രദേശത്തെ ഓരോ സ്ത്രീക്കും മധുബനിയില്‍ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നതിനാൽ, സർക്കാർ നടത്തുന്ന ഓള്‍ ഇന്ത്യ ഹാന്‍ഡിക്രാഫ്റ്റ്സ് ബോര്‍ഡ്  ഈ ചുമർചിത്രങ്ങൾ കടലാസിലേക്ക് മാറ്റാൻ അഭ്യർത്ഥിച്ചു, പിന്നീട് നഗര വിപണികളിൽ വിൽക്കാനായിരുന്നു ഇത്. എണ്ണമറ്റ ആ പെയിന്‍റിംഗുകളിൽ മഹാഭാരത യുദ്ധത്തെ ചിത്രീകരിക്കുന്ന പെയിന്‍റിംഗ് വിറ്റില്ല. പകരം, കുൽക്കർണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആ പെയിന്റിം​ഗ് എത്തിയത് ഇന്ദിരാഗാന്ധിയുടെ മേശപ്പുറത്താണ്. ആ പെയിന്‍റിംഗ് ബീഹാറിലെ ബഹാദൂർപൂർ ഗ്രാമത്തിൽ നിന്നുള്ള ഗോദാവരി ദത്ത എന്ന 20-കാരി പെൺകുട്ടിയുടേതായിരുന്നു.

ഇപ്പോൾ 90 -കളിലെത്തിയ ഗോദാവരി ദത്തയുടെ പെയിന്‍റിംഗുകള്‍ ജപ്പാനിലെ ടോക്കമാച്ചിയിലെ മിഥില മ്യൂസിയത്തിലും ബീഹാറിലെ മധുബനിയിലെ മിഥില പെയിന്‍റിംഗ് മ്യൂസിയത്തിലും പ്രദർശിപ്പിച്ചിരിക്കുന്നു. അങ്ങനെ, അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരിയാണ് ഗോദാവരി ദത്ത. 

inspiration story of madhubani painter Godawari Dutta

പുരുഷാധിപത്യം ശക്തമായി നിലനിന്ന ഒരിടത്തായിരുന്നു ഗോദാവരി ജനിച്ചത്. സ്ത്രീകള്‍ വീടിനു പുറത്തേക്കേ പോകേണ്ടതില്ലെന്ന ചിന്താഗതിയായിരുന്നു അവിടുത്തുകാര്‍ക്ക്. ഓരോ പെണ്‍കുട്ടിയേയും നല്ലൊരു ഭാര്യയാകാനായിരുന്നു അവിടെ പരിശീലിപ്പിച്ചത്. എപ്പോഴും കുനിഞ്ഞു നടക്കാനും അവര്‍ പരിശീലിപ്പിക്കപ്പെട്ടു. അത്തരമൊരു കാലത്തിലാണ് ഗോദാവരി ജനിച്ചത്. ബാലവിവാഹമായിരുന്നു ഗോദാവരിയുടേത്. കുറച്ച് കാലത്തിനുശേഷം ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. 

ഈ നഷ്ടങ്ങളെല്ലാം ഉണ്ടായപ്പോഴും മധുബനിയിലൂടെ ജീവിതം തിരിച്ചുപിടിക്കണമെന്നും മുന്നോട്ടു കൊണ്ടുപോകണമെന്നും അവളുറപ്പിച്ചിരുന്നു. ഓരോ വെല്ലുവിളിയേയും നേരിടാന്‍ തന്നെ സഹായിച്ചത് മധുബനിയും അമ്മയുടെ പിന്തുണയുമാണ് എന്ന് ഗോദാവരി ദത്ത പറയുന്നു. പുരുഷാധിപത്യവ്യവസ്ഥയില്‍ വളരേണ്ടി വന്നുവെങ്കിലും ഗ്രാമത്തില്‍ ഓരോ അമ്മമാരും മക്കള്‍ക്ക് പകര്‍ന്നു നല്‍കിയിരുന്ന മധുബനിയുടെ പാഠങ്ങള്‍ക്ക് അവര്‍ നന്ദി പറയുന്നു. ഗോദാവരിയുടെ അമ്മ സുഭദ്രാദേവിയും ഒരു മധുബനി കലാകാരിയായിരുന്നു. മഹാഭാരതത്തിലെയും രാമായണത്തിലെയും രംഗങ്ങള്‍ വരയ്ക്കുന്നതിനും മറ്റുമായി അവരെ ക്ഷണിക്കാറുണ്ടായിരുന്നു. 

ഈ കലയിൽ ആകൃഷ്ടയായ ഗോദാവരി ദത്ത തന്റെ വീടിന്റെ ചുമരുകളിൽ ദേവന്മാരുടെ ചിത്രങ്ങളും മത്സ്യം, ആന, ആമ, സൂര്യൻ, ചന്ദ്രൻ തുടങ്ങിയ പ്രകൃതിയില്‍ നിന്നുള്ള ചിത്രങ്ങളും പകര്‍ത്തുമായിരുന്നു. ഗോദാവരി വരച്ചു തുടങ്ങുന്ന സമയത്ത് പെയിന്‍റും ബ്രഷുകളുമൊന്നും അവരുടെ ഗ്രാമത്തിലെത്തിയിരുന്നില്ല. വിരലുകളും തീപ്പെട്ടിക്കമ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു അന്നത്തെ വര. അതുപോലെ നിറത്തിന് വേണ്ടി മഞ്ഞള്‍, അരിപ്പൊടി തുടങ്ങിയവയെല്ലാം ഉപയോഗിച്ചുപോന്നു. 

inspiration story of madhubani painter Godawari Dutta

അമ്മയെപ്പോലെ മകളും വരച്ചു തുടങ്ങി. എന്നാല്‍, കലയ്ക്ക് കാശു ചോദിക്കരുത് എന്ന വിശ്വാസത്താല്‍ അതില്‍ നിന്നും ഒരു രൂപ പോലും അവര്‍ വാങ്ങിയിരുന്നില്ല. എന്നാല്‍, ഭര്‍ത്താവ് വീടുവിട്ട് ഇറങ്ങിപ്പോവുകയും തിരികെ വരാതിരിക്കുകയും ചെയ്തതോടെ വീടും മകനെയും നോക്കേണ്ട ചുമതല അവള്‍ക്കായി. ആ സമയത്ത് തന്നെയാണ് ഓള്‍ ഇന്ത്യ ഹാന്‍ഡിക്രാഫ്റ്റ്സ് ബോര്‍ഡ് മധുബനി പെയിന്‍റിംഗുകള്‍ വില്‍ക്കാനും തുടങ്ങുന്നത്. സ്വാഭാവികമായും അവളും ആ അവസരം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. 

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തന്‍റെ ഭൂരിഭാഗം നേരവും കലയെ പരിപോഷിപ്പിക്കുന്നതിനായി ചെലവഴിച്ചു ഗോദാവരി. ഇന്ത്യയിലും ജര്‍മ്മനിയിലും ജപ്പാനിലും പെയിന്‍റിംഗ് പ്രദര്‍ശനങ്ങളില്‍ ഗോദാവരി പങ്കെടുത്തു.  അവളുടെ പെയിന്‍റിംഗുകള്‍ പ്രശസ്തി നേടി. പലരും അത് വാങ്ങാനായി എത്തി. എൺപതുകളിലും അതിനുശേഷവും അവര്‍ തന്റെ കഴിവുകൾ പകര്‍ന്നു നൽകാനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാൻ തുടങ്ങി. കൂടാതെ, അമ്മയിൽ നിന്ന് ലഭിച്ച പരമ്പരാഗത കല മറ്റുള്ളവരിലേക്കും പകര്‍ന്നു. കഴിഞ്ഞ 35 വർഷത്തിനിടെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും കലാകാരന്മാരും ഉൾപ്പെടെ 50,000 പേരെ പഠിപ്പിച്ചതായി അവർ അവകാശപ്പെടുന്നു.

മധുബനിയിലുള്ള ഇഷ്ടവും സംഭാവനകളും അവരെ കൈവിട്ടില്ല. എന്നും എപ്പോഴും അവർ ആ കലയേയും ചേർത്തു പിടിച്ചു. പദ്മശ്രീ പുരസ്കാരത്തിലേക്ക് അവരെ നയിച്ചതും അവർ സ്നേഹിച്ച ആ കല തന്നെ.


 

Latest Videos
Follow Us:
Download App:
  • android
  • ios