വാൻഗോഗിനെ അവസാനകാലത്ത് അലട്ടിയിരുന്നത് ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം?
1890 -ലെ ആത്മഹത്യയ്ക്ക് മുൻപുള്ള അവസാന നാലുവർഷങ്ങളിൽ, വാൻഗോഗ് ഒരു തികഞ്ഞ മദ്യപാനിയായിരുന്നുവെന്ന് അവർ പറയുന്നു. അദ്ദേഹം ധാരാളം വീഞ്ഞും വീര്യം കൂടിയ മദ്യവും കുടിക്കുമായിരുന്നു.
ലോകപ്രശസ്‍തനായ ഡച്ച് ചിത്രകാരൻ വിൻസെന്‍റ് വാൻഗോഗിന്റെ ചിത്രങ്ങൾ പോലെതന്നെ ശ്രദ്ധനേടിയ ഒന്നാണ് അദ്ദേഹത്തിന്‍റെ വ്യക്തിജീവിതവും. ഉന്മാദത്തിനോടടുത്ത് നിൽക്കുന്നതരം മാനസികാവസ്ഥയിലായിരുന്നു പലപ്പോഴും അദ്ദേഹം. സ്വന്തം ചെവി മുറിച്ചുമാറ്റുന്നത് മുതൽ 1890 -ൽ ആത്മഹത്യ വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം തീക്ഷ്‍ണമായ വൈകാരിക വേലിയേറ്റങ്ങൾക്ക് സാക്ഷിയായിരുന്നു. എന്നാൽ, ഇന്‍റർനാഷണൽ ജേണൽ ഓഫ് ബൈപോളാർ ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത് വാൻഗോഗിന്റെ മാനസിക അസ്വസ്ഥതകൾക്കും, ഉന്മാദാവസ്ഥയ്ക്കും, ആത്മഹത്യയ്ക്കും കാരണം സ്‍കീസോഫ്രീനിയ എന്ന അവസ്ഥയല്ല മറിച്ച് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോമാണ് എന്നാണ്. അവസാന നാളുകളിൽ ഒരു തികഞ്ഞ മദ്യപാനിയായിരുന്ന അദ്ദേഹം പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു എന്ന് ഗവേഷകർ പറയുന്നു.
കലാകാരന്‍റെ മാനസികവ്യാകുലതകളെക്കുറിച്ച് അന്വേഷിക്കുന്നതിന് വിദഗ്ദ്ധർ കലാകാരന്റെ 902 കത്തുകളെ പരിശോധിക്കുകയുണ്ടായി. അതിൽ 820 എണ്ണം സഹോദരൻ തിയോയ്ക്ക് അദ്ദേഹം അയച്ചിട്ടുള്ളതാണ്. വാൻഗോഗിനെ കുറിച്ച് പഠിച്ച മൂന്ന് കലാചരിത്രകാരന്മാരുമായി അവർ അഭിമുഖവും നടത്തി. കൂടാതെ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ തയ്യാറാക്കിയ മെഡിക്കൽ രേഖകളും അവർ പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഗവേഷകർ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ കുറിച്ച് പുതിയ അനുമാനങ്ങളിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ പിൻവാങ്ങൽ ലക്ഷണങ്ങൾ വളരെ രൂക്ഷമായിരുന്നു എന്നവർ കണ്ടെത്തി. അത് കൂടാതെ, ഈ അവസ്ഥകള്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ലെങ്കിലും, ബൈപോളാർ, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നുവെന്ന് ഗവേഷകർ കരുതുന്നു.
1890 -ലെ ആത്മഹത്യയ്ക്ക് മുൻപുള്ള അവസാന നാലുവർഷങ്ങളിൽ, വാൻഗോഗ് ഒരു തികഞ്ഞ മദ്യപാനിയായിരുന്നുവെന്ന് അവർ പറയുന്നു. അദ്ദേഹം ധാരാളം വീഞ്ഞും വീര്യം കൂടിയ മദ്യവും കുടിക്കുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ ബാധിച്ചിരിക്കാമെന്നും, ഇടത് ചെവി മുറിച്ചുമാറ്റാനും വേശ്യാലയത്തിലെ ഒരു സ്ത്രീക്ക് സമ്മാനിക്കാനും കരണമായേക്കാമെന്നും അവർ പറയുന്നു. ചെവി മുറിച്ച് മാറ്റിയത് യഥാർത്ഥത്തിൽ പിൻവാങ്ങൽ ലക്ഷണങ്ങളുടെ ഒരു ഭാഗമാകാം എന്ന് ഗവേഷകർ ആ ലേഖനത്തിൽ എഴുതിയിരിക്കുന്നു. 1888 -ൽ റേസർ ഉപയോഗിച്ച് ചെവി മുറിച്ചശേഷം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോൾ വാൻഗോഗിന് മദ്യപിക്കാതിരുന്നത് മൂലം ചില പ്രശ്‍നങ്ങളുണ്ടായിരുന്നതായും ഗവേഷകർ പറയുന്നു. മദ്യപാനം, പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്‍മ, മാനസികക്ഷീണം എന്നിവയെല്ലാം ഇതിന് കരണങ്ങളായ ഘടകങ്ങളാകാമെന്ന് ഗവേഷകർ പറയുന്നു.
കലാകാരനെ നേരിട്ട് അഭിമുഖം നടത്താത്തതിന്റെ പേരിൽ ഈ നിഗമനങ്ങൾ എത്രത്തോളം സത്യമാണെന്ന് പറയാൻ സാധിക്കില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. “അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് പറയുന്ന ചില അവസ്ഥകള്‍ വാസ്‍തവത്തിൽ ഇല്ലായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന അവസ്ഥകളെ കുറിച്ച് ഞങ്ങൾക്ക് ഏറെക്കുറെ ഉറപ്പുണ്ട്. പക്ഷേ, ആധികാരികമായി അതിനെ കുറിച്ച് പറയാൻ സാധിക്കില്ല” ഗവേഷണം ഏകോപിപ്പിച്ച സൈക്യാട്രിസ്റ്റ് പ്രൊഫസർ വില്ലെം നോളൻ പറഞ്ഞു. നെതർലാൻഡിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗ്രോനിൻഗെനിലെ വിദഗ്ധരാണ് ഗവേഷണം നടത്തിയത്.