ഓർമ്മകളില്ലാതെയായിട്ടും സംഗീതത്തിനൊപ്പം ബാലെ ചലനങ്ങളോർത്തെടുത്ത് നർത്തകി; ആ വൈറൽ വീഡിയോയിലുള്ളത്
1967 -ല്‍ മാര്‍ത്ത ചെയ്ത നൃത്തവും വീഡിയോയില്‍ കാണാം. അതില്‍നിന്നുതന്നെ അവരുടെ ഓര്‍മ്മയിലേക്ക് ആ സംഗീതവും നൃത്തവും എത്ര കരുത്തോടെയാണ് വരുന്നതെന്ന് വ്യക്തമാണ്.
കലയ്ക്ക് വല്ലാത്തൊരു ശക്തിയുണ്ടെന്ന് പറയും. അതിന് മനുഷ്യനെ വേദനകളില്‍നിന്നും സങ്കടങ്ങളില്‍ നിന്നുമെല്ലാം താല്‍ക്കാലികമായെങ്കിലും മോചിപ്പിക്കാനുള്ള കഴിവുണ്ട്. വൈറലായിട്ടുള്ള ഈ വീഡിയോയും അത് തന്നെയാണ് തെളിയിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്. അനിശ്ചിതത്വം നിറഞ്ഞ ഈ മഹാമാരിക്കാലത്ത് ആളുകള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന, പ്രതീക്ഷ നൽകുന്ന കാര്യങ്ങള്‍ കാണാനാഗ്രഹിക്കുന്നുവെന്നതിനാലാവാം നിരവധിപ്പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
വീഡിയോയില്‍ ന്യൂയോർക്കിലെ ബാലെ നര്‍ത്തകിയായിരുന്ന മാര്‍ത്ത സി ഗൊനാസേല്‍സിനെ കണാം. വാര്‍ധക്യത്തിലെത്തിയ മാര്‍ത്തയ്ക്ക് ഓര്‍മ്മക്കുറവ് ബാധിച്ചിട്ടുണ്ട്. വീല്‍ചെയറിലാണിരിക്കുന്നത്. സംഗീതത്തിന്റെ ശക്തി അവരുടെ നേരിയ ഓര്‍മ്മയെ എങ്കിലും തിരികെ കൊണ്ടുവരുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. അൾഷൈമേഴ്സ് ബാധിച്ചിരിക്കുന്ന മാർത്തയ്ക്ക് കെയർഹോമിൽ ഒരാൾ ഹെഡ്ഡ്ഫോണിലൂടെ ചായ്ക്കോവ്സ്കിയുടെ സ്വാൻ ലേക്ക് കേൾപ്പിക്കുകയാണ്.
സംഗീതം കേള്‍ക്കുമ്പോള്‍ കൈകളും ശരീരവും അതിനനുസരിച്ച് ചലിപ്പിക്കുകയാണ് മാര്‍ത്ത. കാലുകള്‍ ചലിപ്പിക്കാനാവുന്നില്ലെങ്കിലും കൈകള്‍ ഒരിക്കല്‍ ചെയ്തിരുന്ന ബാലെ നൃത്തത്തെ പിന്തുടരുന്നു. 1967 -ല്‍ മാര്‍ത്ത ചെയ്ത നൃത്തവും വീഡിയോയില്‍ കാണാം. അതില്‍നിന്നുതന്നെ അവരുടെ ഓര്‍മ്മയിലേക്ക് ആ സംഗീതവും നൃത്തവും എത്ര കരുത്തോടെയാണ് വരുന്നതെന്ന് വ്യക്തമാണ്. മ്യൂസിക് തെറാപ്പി പ്രോത്സാഹിപ്പിക്കുന്ന Asociación Música para Despertar ആണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്. പിന്നീട്, പ്രശസ്തരും അല്ലാത്തവരുമായി അനേകങ്ങൾ ആ വീഡിയോ പങ്കുവച്ചു.
എന്നാല്‍, ഈ വീഡിയോ വീണ്ടും വൈറലാവുമ്പോള്‍ മാര്‍ത്ത ജീവിച്ചിരിപ്പില്ല. കഴിഞ്ഞ വർഷം മാർത്ത ഈ ലോകത്തോട് വിട പറഞ്ഞു. എത്രാമത്തെ വയസിലാണ് അവര്‍ മരിച്ചതെന്ന് വ്യക്തമല്ല. എങ്കിലും മാര്‍ത്തയുടെ വീഡിയോ ഇപ്പോഴും നിരവധിപ്പേരാണ് ഷെയര്‍ ചെയ്യുന്നത്. നിരവധിപ്പേരാണ് അതുകണ്ട് കണ്ണ് നിറയ്ക്കുന്നതും.