വളവില്‍ ചെരിഞ്ഞാലും വീഴില്ല ഉണ്ണി മുകുന്ദന്‍റെ ഈ പുത്തന്‍ ബൈക്ക്!
ഏകദേശം 23 ലക്ഷം രൂപയോളം ഓണ്‍ റോഡ് വിലയുള്ള ഈ ബൈക്കിന്‍റെ വിശേഷങ്ങള്‍
യുവതാരം ഉണ്ണി മുകുന്ദന്‍റെ ബൈക്ക് പ്രേമം മലയാള സിനിമാലോകത്തും വാഹനലോകത്തുമൊക്കെ പ്രസിദ്ധമാണ്. റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി ടി, ബജാജ് പള്‍സര്‍, ക്ലാസിക് ഡെസേര്‍ട്ട് സ്‌റ്റോം, ജാവ പരേക്ക് തുടങ്ങിയ കിടിലന്‍ മോഡലുകളാല്‍ സമ്പന്നമായ ഉണ്ണിയുടെ ഗാരേജിലേക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പാനിഗാലെ വി 2 ആണ് ആ പുതിയ അതിഥി.
കോര്‍ണറിംഗ് എബിഎസ് ഉള്‍പ്പെടെ കിടിലന്‍ സാങ്കേതിക സംവിധാനങ്ങളുമായി അടുത്തിടെയാണ് പുത്തന്‍ പാനിഗാലെ വി2 ഇന്ത്യയിലേക്ക് എത്തുന്നത്. ബൈക്ക് വളവുകളില്‍ ചെരിയുമ്പോള്‍ ഡുവല്‍ ചാനല്‍ എബിഎസ് സിസ്റ്റം കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കോര്‍ണറിംഗ് എബിഎസ്. ഈ മോഡലാണ് ഉണ്ണി മുകുന്ദനും ഗാരേജിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ സംവിധാനത്തില്‍ തീര്‍ന്നില്ല ഏകദേശം 23 ലക്ഷം രൂപയോളം ഓണ്‍ റോഡ് വിലയുള്ള ഈ ബൈക്കിന്‍റെ വിശേഷങ്ങള്‍.
പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ഡുക്കാറ്റിയുടെ സ്‍പോർട്‍സ് ബൈക്ക് ശ്രേണിയായ പാനിഗാലേയിലേക്ക് 2020 ആഗസ്റ്റിലാണ് പുതുക്കിയ വി2വിനെ കമ്പനി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വംബറിൽ EICMA മോട്ടോർ ഷോയിൽ ആണ് ഡുകാറ്റി പാനിഗാലെ വി2 ആഗോളതലത്തില്‍ അനാവരണം ചെയ്‍തത്. പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുമായി ഏറെക്കുറേ സമാനമാണ് പുതിയ മോഡല്‍. അതേ സ്‍പ്ളിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ ലഭിച്ചു. കണ്‍പുരികത്തിന് സമാനമാണ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍. ഫെയറിംഗില്‍ കാണുന്ന ഷാര്‍പ്പ് ലൈനുകള്‍, ചെത്തിയെടുത്തതുപോലുള്ള ഇന്ധന ടാങ്ക്, ഉയര്‍ന്നു നില്‍ക്കുന്ന വാല്‍ഭാഗം എന്നിവയെല്ലാം വി4 മോട്ടോര്‍സൈക്കിളില്‍നിന്ന് കടമെടുത്തതാണ്.
കോർണറിംഗ് എബിഎസ് ഉള്‍പ്പെടുന്ന 6-ആക്സിസ് ഐഎംയു സഹായത്തോടെയുള്ള ഇലക്ട്രോണിക് സ്യൂട്ട് തന്നെയാണ് പാനിഗാലേ വി2-ലെ മുഖ്യആകർഷണം. കോർണറിംഗ് എബിഎസിനൊപ്പം ആന്റി വീലി, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകൾ, പുതിയ 4.3 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ്, വി4 എന്നിവയില്‍ കണ്ടതാണ് ഈ പുതിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.
മുമ്പുണ്ടായിരുന്ന അതേ 955 സിസി, വി ട്വിന്‍ സൂപ്പര്‍ക്വാഡ്രോ എന്‍ജിനാണ് ഹൃദയം. എന്നാല്‍ യൂറോ 5 / ബിഎസ് 6 പാലിക്കുംവിധം ഈ മോട്ടോര്‍ പരിഷ്‌കരിച്ചു. 10,750 ആര്‍പിഎമ്മില്‍ 150.7 ബിഎച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ഗാമിയേക്കാള്‍ 5 ബിഎച്ച്പി, 2 എന്‍എം കൂടുതല്‍. അപ് & ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തു വെച്ചു. ഡുവല്‍ ബാരല്‍ എക്‌സോസ്റ്റിന് പകരം സിംഗിള്‍ കാനിസ്റ്റര്‍ നല്‍കി. ബൈക്കിന് പരിഷ്‌കരിച്ച ചാസി, സിംഗിള്‍ സൈഡ് സ്വിംഗ്ആം എന്നിവ ലഭിച്ചു. മുന്നില്‍ ക്രമീകരിക്കാവുന്ന 43 എംഎം ബിഗ് പിസ്റ്റണ്‍ ഷോവ ഫോര്‍ക്കുകളും പിന്നില്‍ സാക്‌സ് മോണോഷോക്കും ഡാംപിംഗ് ജോലികള്‍ കൈകാര്യം ചെയ്യും. ബ്രെംബോയുടെ ബ്രേക്കുകളും ബൈക്കിനെ വേറിട്ടതാക്കുന്നു.
സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഹീറോ ഹോണ്ട സി ടി 100 മുതല്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ പള്‍സറിന്റെ ഓര്‍മകളുമൊക്കെ മുമ്പും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എല്ലാക്കാലത്തും തന്നെ മോഹിപ്പിച്ചിട്ടുള്ളതു ഇരുചക്രവാഹനങ്ങളാണെന്നും ബൈക്ക് റൈഡുകൾ താൻ വളരെയധികം ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു. അതേസമയം ഉണ്ണി മുകുന്ദന്‍റെ ഗാരേജിലെത്തുന്ന ആദ്യ സൂപ്പര്‍ ബൈക്കാണ് പാനിഗാലെ വി2 എന്നാണ് റിപ്പോര്‍ട്ടുകള്‍.