Asianet News MalayalamAsianet News Malayalam

ജവാന്മാരുടെ മക്കള്‍ക്കായി ജാവ പ്രേമികള്‍ കൈകോര്‍ത്തു, ലഭിച്ചത് 1.43 കോടി!

ജാവ മോട്ടോര്‍സൈക്കിള്‍സ് നടത്തിയ ആ ലേലം കഴിഞ്ഞ ദിവസം നടന്നു. സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുടെ ഈ ലേലത്തില്‍ ലഭിച്ചത് 1.43 കോടി രൂപ.

Jawa Bikes auction fetches Rs 1.43 core
Author
Mumbai, First Published Mar 30, 2019, 5:07 PM IST

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ബൈക്കുകൾ ലേലത്തിൽ വെയ്ക്കാന്‍ ഐതിഹാസിക ചെക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ  ജാവ ഒരുങ്ങുന്ന വാര്‍ത്തകള്‍ വാഹന പ്രേമികളും രാജ്യസ്നേഹികളുമെല്ലാം ആവേശത്തോടെയാണ് സ്വീകരിച്ചത്. 

ജാവ മോട്ടോര്‍സൈക്കിള്‍സ് നടത്തിയ ആ ലേലം കഴിഞ്ഞ ദിവസം നടന്നു. സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുടെ ഈ ലേലത്തില്‍ ലഭിച്ചത് 1.43 കോടി രൂപയാണെന്നാണ് പുതിയ വാര്‍ത്ത.  ആകെ 13 ജാവ ബൈക്കുകളാണ് മുംബൈയില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത്. ഓരോ മോഡലിനും രണ്ട് ലക്ഷം രൂപ മുതലായിരുന്നു ലേലത്തുക. 

ഒന്ന് മുതല്‍ 99 വരെയുള്ള ഷാസി നമ്പറിലുള്ള സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളാണ് ലേലത്തിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാം നമ്പര്‍ ഷാസി മോഡല്‍ 45 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയി. പതിനേഴാം നമ്പര്‍ ഷാസി മോഡല്‍ 17 ലക്ഷം രൂപയ്ക്കും അഞ്ചാം നമ്പര്‍ 11.75 ലക്ഷം രൂപയ്ക്കും വിറ്റു. 

13 ബൈക്കുകളില്‍ ഏറ്റവും കുറവ് തുക ലഭിച്ചത് ഏഴാം നമ്പര്‍ ഷാസിക്കാണ്. അഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്. 99-ാം നമ്പര്‍ (7.5 ലക്ഷം), 77-ാം നമ്പര്‍ (5.25 ലക്ഷം), 52-ാം നമ്പര്‍ (7.25 ലക്ഷം), 26-ാം നമ്പര്‍ (ആറ് ലക്ഷം), 24-ാം നമ്പര്‍ (10.5 ലക്ഷം), 18-ാം നമ്പര്‍ (ആറ് ലക്ഷം), 11-ാം നമ്പര്‍ (5.5 ലക്ഷം), 13-ാം നമ്പര്‍ (6.25 ലക്ഷം), മൂന്നാം നമ്പര്‍ (10.25 ലക്ഷം) എന്നിങ്ങനെയാണ് ഓരോ മോഡലുകള്‍ക്കും ലഭിച്ച ലേലത്തുക. 

റഗുലര്‍ മോഡലില്‍ നിന്ന് അല്‍പം വ്യത്യസ്തത നല്‍കാന്‍ ഇന്ധനടാങ്കില്‍ ദേശീയ പതാകയുടെ നിറങ്ങളും ഫ്യുവല്‍ ടാങ്ക് ക്യാപ്പില്‍ ഉപഭോക്താവിന്റെ പേരും ആലേഖനം ചെയ്യാനുള്ള സൗകര്യം ലേലത്തിലുള്ള സ്പെഷ്യല്‍ എഡിഷന്‍ ബൈക്കുകളില്‍ കമ്പനി ഒരുക്കിയിരുന്നു. സൗജന്യ സര്‍വീസ് അടക്കമുള്ള വിവിധ ഓഫറുകളുള്ള 42 മാസത്തെ സര്‍വീസ് പാക്കേജും ബൈക്കുകള്‍ക്ക് അധികമായി ലഭിക്കും. ഉപഭോക്താക്കള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരം ജാവ ഒരുക്കിയിരുന്നു. ഉടന്‍ വിപണിലെത്താനിരിക്കുന്ന ജാവ ബൈക്കുകള്‍ക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് ഓണ്‍റോഡ് വില. 

2018 അവസാനമാണ് മഹീന്ദ്ര ജാവയെ വീണ്ടും വിപണിയിലെത്തിച്ചത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്.  ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍. ഉ

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും.

Follow Us:
Download App:
  • android
  • ios