കാത്തിരിക്കാന്‍ വയ്യ, 50 ലക്ഷം രൂപ അധികം നല്‍കി വിമാനത്തില്‍ കാര്‍ എത്തിച്ച് യുവതാരം!
ഈ കാത്തിരിപ്പ് ഒഴിവാക്കാന്‍ ഏകദേശം 50 ലക്ഷം രൂപയോളം മുടക്കി വിമാന മാര്‍ഗ്ഗം കാറിനെ ഇറക്കുമതി ചെയ്‍ത് യുവതാരം
അടുത്തിടെയാണ് ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ ഇറ്റലിയന്‍ സൂപ്പര്‍വാഹന നിര്‍മ്മാതാക്കളായ ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കിയത്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉറൂസ് ബുക്ക് ചെയ്‍ത് മൂന്നുമാസം കാത്തിരുന്നാല്‍ മാത്രമേ വീട്ടിലെത്തുയുള്ളു. എന്നാൽ ഈ കാത്തിരിപ്പ് ഒഴിവാക്കാന്‍ ഏകദേശം 50 ലക്ഷം രൂപയോളം മുടക്കി കാർത്തിക് ആര്യൻ ഉറൂസിനെ വിമാന മാര്‍ഗ്ഗം ഇറക്കുമതി ചെയ്‍തു എന്നാണ് നാഷണല്‍ ഹെറാള്‍ഡ് ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റയിൽ നിന്ന് വിമാനത്തിൽ കൊണ്ടു വന്ന വാഹനത്തിന് ഓൺറോഡ് വിലയായ 4.5 കോടി കൂടാതെ 50 ലക്ഷം അധികം നൽകി എന്നാണ് റിപ്പോർട്ടുകൾ.
കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസിനെ 2017 ഡിസംബറിലാണ് ആഗോളതലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2018 ജനുവരിയിലാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതുവരെ 100ൽ അധികം ഉറുസ് ഇന്ത്യയിൽ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു.
2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്. മൂന്ന് കോടി രൂപയാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ലംബോര്‍ഗിനി ഉറുസ്. സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളുടെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയില്‍ ലഭിച്ച പ്രതികരണം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ അമ്പത് യൂണിറ്റ് ഉറുസ് ഡിസ്പാച്ച് ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു.
4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.
ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.
അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു.
2020ല്‍ ഉറൂസ് എസ്‌യുവിയുടെ പുതിയ ഡിസൈൻ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. പുതിയതും അപ്‌ഡേറ്റ് ചെയ്‌തതുമായ സ്റ്റാൻഡേർഡ് പെയിന്റ് ഓപ്ഷനുകളിൽ നിന്നും കൂടുതൽ ഇന്റീരിയർ കസ്റ്റമൈസേഷനുകളിൽ നിന്നും ലംബോർഗിനി ഉറൂസ് ഉടമകൾക്ക് ഇപ്പോൾ തിരഞ്ഞെടുക്കാം.