Asianet News MalayalamAsianet News Malayalam

ആദ്യം ദേഷ്യം തോന്നും, പിന്നെ കരയിപ്പിക്കും; രണ്ട് ബാംഗ്ലൂര്‍ ബസ് ഡ്രൈവര്‍മാരുടെ ജീവിതകഥ!

രണ്ട് വ്യത്യസ്‍ത ബസ് ഡ്രൈവര്‍മാരുടെ അനുഭവകഥകളിലൂടെ ബസ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അജയ് മുത്താന എന്ന മാധ്യമപ്രവര്‍ത്തകന്‍. 

Life Story Of Two Bus Drivers From Kerala
Author
Trivandrum, First Published Apr 25, 2019, 5:20 PM IST

സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരില്‍ നിന്നേറ്റ ക്രൂരമര്‍ദ്ദനത്തിന്‍റെ നടുക്കം മലയാളി യാത്രികര്‍ അടുത്തൊന്നും മറക്കാനിടയില്ല. സോഷ്യല്‍ മീഡിയയുടെ ശക്തമായ ഇടപെടലാണ് ഈ ക്രൂരതയെ പുറംലോകത്ത് എത്തിച്ചതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കുന്നതും. ഈ സംഭവത്തിനു ശേഷം അന്തര്‍സംസ്ഥാന ബസ് യാത്രകളിലെ ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നൂറുകണക്കിന് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് അമിതനിരക്ക് ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്ന ബസുടമകളുടെ കൊള്ളയെക്കുറിച്ചും ജീവനക്കാരുടെ മോശം പെരുമാറ്റങ്ങളെക്കുറിച്ചുമാണ്. 

അത്തരം അനുഭവങ്ങളില്‍ പലതും നമ്മെ വേദനപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. എന്നാല്‍ അതില്‍ത്തന്നെ വേറിട്ട ചില കുറിപ്പുകളുമുണ്ട്. ഇവിടെ ബസ് ജീവനക്കാരുടെ ജീവിതത്തിന്‍റെ രണ്ടുവശങ്ങള്‍ കാണിച്ചു തരികയാണ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഒരു മാധ്യമപ്രവര്‍ത്തകന്‍.  രണ്ട് വ്യത്യസ്‍ത ബസ് ഡ്രൈവര്‍മാരുടെ അനുഭവകഥകളിലൂടെ ബസ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താന.

ആക്സിലേറ്ററിനു മേല്‍ തടക്കട്ട കയറ്റി വച്ച് യാത്രികരുടെ ജീവന്‍ കൊണ്ട് അഭ്യാസം കളിക്കുന്ന ആളാണ് ആദ്യത്തെ ഡ്രൈവര്‍. ഇയാളുടെ അനാസ്ഥ നമ്മെ ദേഷ്യം പിടിപ്പിക്കുമ്പോള്‍ രണ്ടാമന്‍റെ ജീവിതം നമ്മുടെ കണ്ണുനനയിക്കും. കൂലിക്കൊപ്പം ട്രിപ്പിനിടെ ചെറിയ പാര്‍സലുകളില്‍ നിന്നും കിട്ടുന്ന ചില്ലറയും വഴിയില്‍ ഹോട്ടലുകാര്‍ നല്‍കുന്ന കൈമടക്കുമൊക്കെ മിച്ചം പിടിച്ചിട്ടും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ മരണത്തിലേക്ക് നടന്നു പോയൊരു ഡ്രൈവര്‍ ആണയാള്‍. ലഹരിയുടെ ലോകം തേടി ബസ് തൊഴിലാളികള്‍ പോകുന്നതിന്‍റെ കാരണങ്ങളിലൊന്നും ഈ പോസ്റ്റ് പറയാതെ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

ബാംഗ്ളൂര്‍ ബസ്... നടുക്കം മാറാത്ത ഓര്‍മകള്‍...

കല്ലടയുടെ ക്രൂരതയെക്കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. ഏഴെട്ടു കൊല്ലം മുന്‍പ് സാക്ഷ്യം വഹിച്ച ഒരു കാഴ്ചയും ഒരു സുഹൃത്തിന്റെ അനുഭവസാക്ഷ്യവും എനിക്കും പറയാനുണ്ട്.

ബാംഗ് ളൂരില്‍ നിന്നു നാട്ടിലേക്കു വരാന്‍ ട്രെയിനൊന്നും കിട്ടാതെ വന്നപ്പോള്‍ കല്ലടയെ ശരണം പ്രാപിച്ചു. അവിടെയും ടിക്കറ്റില്ല. വേണമെങ്കില്‍ ഡ്രൈവര്‍ ക്യാബിനില്‍ ഇരുത്താമെന്ന് ക്‌ളീനര്‍ ഔദാര്യം കാട്ടി. ടിക്കറ്റ് ചാര്‍ജൊന്നും കുറവില്ല. ഗതികേടുകൊണ്ട് കയറി. നഗരം വിട്ട് രാത്രി ഭക്ഷണത്തിന് വണ്ടി നിറുത്തി. അവിടെനിന്ന് എടുത്തപ്പോള്‍ രണ്ടു പേരെക്കൂടി ഡ്രൈവര്‍ ക്യാബിനില്‍ കുത്തിനിറച്ചു.

ഡ്രൈവര്‍ തമ്പാക്കോ മറ്റോ കവര്‍ പൊട്ടിച്ചു വായിലേക്കിട്ടു. പിന്നെ കാലുകൊണ്ട് ഒരു വലിയ തടിക്കട്ട നീക്കി ആക്‌സിലറേറ്ററിനു മേല്‍ കയറ്റിവച്ചു. വണ്ടി അതിന്റെ പരമാവധി വേഗത്തിലേക്ക് ഇരമ്പിക്കയറി. ഇങ്ങനെയാണോ ഓടിക്കുന്നതെന്നു ചോദിച്ചപ്പോള്‍ പിന്നെങ്ങനെയാണ് രാവിലെ അഞ്ചിനും ആറിനുമൊക്കെ തിരുവനന്തപുരത്തെത്തുന്നതെന്ന മറുചോദ്യം. കൂടെ ഇരുന്നവരാരും ഇതൊന്നും കേട്ടതായി പോലും നടിച്ചില്ല. ജീവന്‍ കൈയില്‍ പിടിച്ച് അയാളുടെ അഭ്യാസത്തിനു സാക്ഷിയായി ഇരുന്നു. ഉറക്കം വന്നതേയില്ല ആ രാത്രിയില്‍.

ആ വണ്ടി ബ്രേക്ക് ചെയ്തത് അപൂര്‍വം സമയങ്ങളില്‍ മാത്രം. ബ്രേക്ക് ചെയ്യേണ്ടിടത്തൊക്കെ വെട്ടിയൊഴിച്ച് വണ്ടി കൊടുങ്കാറ്റുപോലെ മുന്നേറിക്കൊണ്ടിരുന്നു. അത്യാവശ്യം വരുമ്പോള്‍ ഡ്രൈവര്‍ തടിക്കട്ട തട്ടിമാറ്റി ബ്രേക്ക് ഇടുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തുമെന്നു കരുതിയതല്ല ആ രാത്രിയില്‍. അതില്‍ പിന്നെ ഇത്തരം ബസ്സുകളില്‍ കഴിവതും കയറാറില്ല. പക്ഷേ, ഗതികേടിനു രണ്ടു തവണ കയറിയെന്നതും മറക്കുന്നില്ല.

***

രണ്ടാമത്തെ കഥ പറഞ്ഞത് ഇതുപോലൊരു ബസ്സിലെ ഡ്രൈവറായിരുന്ന സുഹൃത്താണ്. അതും നാലഞ്ചു കൊല്ലം മുന്‍പാണ്. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ആത്മഹത്യ ചെയ്തു.

അദ്ദേഹത്തിന് ഒരു ബസ് തിരുവനന്തപുരത്തു നിന്നു ബാംഗ്‌ളൂരിലെത്തിച്ചാല്‍ 1200 രൂപയായിരുന്നു ശമ്പളം. തുടര്‍ച്ചയായി 15 ദിവസമാണ് ജോലി. അതു കഴിഞ്ഞാല്‍ 15 ദിവസം മറ്റേതെങ്കിലും വണ്ടി ഓടിക്കാന്‍ പോകും. ബാംഗ്‌ളൂരിലേക്കു രണ്ടു ഡ്രൈവര്‍മാരെ കമ്പനി അനുവദിക്കില്ല. വേണമെങ്കില്‍ കിട്ടുന്ന 1200ന്റെ പകുതി കൊടുത്ത് ഒരാളെ ഡ്രൈവര്‍ക്കു തന്നെ കൂട്ടാം. അതു കൈനഷ്ടമായതിനാല്‍ തനിപ്പിടി തന്നെ ശരണം.

ഉച്ചയ്ക്കു മൂന്നു മണിക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് രാവിലെ ഏഴിനോ എട്ടിനോ ബാംഗ്‌ളൂരിലെത്തും. അതുവരെ ഡ്രൈവര്‍ ഉറങ്ങാതെ കാവലിരിക്കുന്നത് ക്‌ളീനറാണ്. വണ്ടി മടിവാളയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒതുക്കണം. പിന്നെ ക്‌ളീനര്‍ വണ്ടി തൂത്തു കഴുകി വൃത്തിയാക്കണം. രാവെളുക്കുവോളം കൂട്ടിരുന്ന ക്‌ളീനറെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി കരുതി ഡ്രൈവര്‍ സുഹൃത്ത് വണ്ടി കഴുകിക്കൊടുക്കാന്‍ കൂടും. അതും കഴിഞ്ഞ് എന്തെങ്കിലും കഴിച്ച് വണ്ടിയില്‍ തന്നെ ചുരുണ്ടു കൂടും. അപ്പോള്‍ സമയം പകല്‍ പതിനൊന്നെങ്കിലും ആകും. പിന്നെ മൂന്നു മണിക്കൂറാണ് ഉറക്കം. വീണ്ടും രണ്ടു മണിക്ക് എഴുന്നേറ്റ് തിരിച്ചോടാന്‍ തയ്യാറെടുക്കണം.

നഗരത്തില്‍ ട്രാഫിക് കുരുക്കുണ്ടെങ്കില്‍ വണ്ടി പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്താന്‍ വൈകും. എത്ര വൈകുന്നോ അത്രയും ഉറക്കം കുറയുന്നു. തിരുവനന്തപുരത്തെത്തിയാലും ഇതു തന്നെ അവസ്ഥ. ആദ്യത്തെ രണ്ടുമൂന്നു ദിവസം പിടിച്ചു നില്‍ക്കും. പിന്നെ പകലും പാതി മയക്കത്തിലാണ് നടക്കുക. ലഹരിപ്പൊടികള്‍ വായിലിട്ടു നുണഞ്ഞും വേണ്ടെങ്കിലും വെള്ളം കുടിച്ചുമൊക്കെ വണ്ടിയോടിക്കും. അപകടമൊന്നും പറ്റാത്തത് യാത്രക്കാരുടെ കൂടി ഭാഗ്യം കൊണ്ടാവാമെന്നാണ് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്.

മാനേജുമെന്റ് അറിയാതെ കടത്തുന്ന ചില ചെറിയ പാര്‍സലുകളില്‍ നിന്നു കിട്ടുന്ന ചില്ലറയും ഭക്ഷണത്തിനു നിറുത്തുന്നേടത്തെ ഹോട്ടലുകാര്‍ തരുന്ന കൈമടക്കുമൊക്കെയാണ് മിച്ചം. മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടും അറിയാത്തതുകൊണ്ടും വണ്ടിക്കാരനായി തുടരുന്നു. അന്നിതു പറയുമ്പോള്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios