Asianet News MalayalamAsianet News Malayalam

ചൈന ഇന്ത്യയിലെത്തിക്കുന്ന ഈ കാര്‍ അമ്പരപ്പിക്കുന്നത് വില കൊണ്ട് മാത്രമല്ല!

ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എത്തുന്നത് അത്യാധുനിക സൗകര്യങ്ങളോടെയാണെന്നാണ് പുതിയ വാര്‍ത്തകള്‍. 

MG Motor's first internet SUV Hector
Author
Mumbai, First Published Apr 4, 2019, 7:31 PM IST

ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി. 

കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എത്തുന്നത് അത്യാധുനിക സൗകര്യങ്ങളോടെയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായിരിക്കും ഹെക്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എം ജി മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജീവ് ഛബായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. കാറിലുള്ള 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേങ്ങള്‍ നല്‍കാം. 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍.

ഹെക്ടറിന്‍റെ ആദ്യ ടീസര്‍ വീഡിയോയും കമ്പനി പുറത്തു വിട്ടിരുന്നു. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സും ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം ഹെക്ടറിലുണ്ടാകും. 

ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

രൂപകൽപനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികൾക്ക് പേടി സ്വപ്നമാകും എം ജിയുടെ മോഡലുകളെന്നാണ് ഇന്ത്യന്‍ വാഹനലോകത്തെ പ്രതീക്ഷകള്‍. രൂപകൽപന ബ്രിട്ടനിലും ഉത്പാദനം പൂർണമായി ഇന്ത്യയിലുമായിട്ടാണ് എംജി മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം എംജിയുടെ വരവോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

അടുത്തിടെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കായി ഷാങ്ഹായിൽ നടത്തിയ ചടങ്ങിൽ ഹെക്ടറിന്‍റെ ആദ്യ ചിത്രം എംജി പ്രദർശിപ്പിച്ചിരുന്നു. ഹെക്ടറിനു പിന്നാലെ രണ്ടാമതായി സമ്പൂര്‍ണ ഇലക്ട്രിക് എസ്‍യുവി.യും കമ്പനി നിരത്തിലെത്തിച്ചേക്കും. ഇത് ബെയ്‍ജന്‍ 510 മോഡലായിരിക്കുമെന്നാണ് സൂചന.  

നേരത്തെ 150 കോടി രൂപ ചെലവിട്ട് ഹരിയാനയിലെ ഗുരുഗ്രാമില്‍ മോറിസ് ഗാരേജസ് ഇന്ത്യാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios