Asianet News MalayalamAsianet News Malayalam

ശത്രു മിസൈലുകളെ 'ജാമാ'ക്കുന്ന വിമാനം ഇനി ഇന്ത്യക്കും!

ശത്രുവിന്റെ റഡാര്‍ ഫ്രീക്വന്‍സി ജാം ചെയ്‍ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനം നശിപ്പിക്കുന്ന സംവിധാനമുള്ള വിമാനം

New aircraft Boeing 777 for prime minister president and vice president of India
Author
Delhi, First Published Oct 11, 2019, 2:30 PM IST

ദില്ലി: പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്കു സഞ്ചരിക്കാനായി ഇന്ത്യ പുത്തന്‍ വിമാനങ്ങള്‍ വാങ്ങുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോയിംഗ് 777വിമാനങ്ങളാണ് വാങ്ങുന്നത്. 

അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഈ വിമാനങ്ങളുടെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് വിഭാഗമായ എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡിനാണ്. വ്യോമസേനയിലെ പൈലറ്റുമാരായിരിക്കും പറത്തുക. 

നിലവില്‍ എയര്‍ ഇന്ത്യ വണ്‍ എന്ന് അറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും യാത്രചെയ്യുന്നത് . എന്നാല്‍ വ്യോമസേന പറത്തുന്ന പുതിയ വിമാനങ്ങള്‍ 'എയര്‍ ഫോഴ്‌സ് വണ്‍' എന്നാകും അറിയപ്പെടുക.

ഈ പുതിയ വിമാനങ്ങള്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്പന ചെയ്‍തതാണ്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് എന്നു വിളിക്കുന്ന അത്യാധുനിക മിസൈല്‍ പ്രതിരോധസംവിധാനം ഇവയിലുണ്ടാകും. മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സുമുണ്ടാകും. ശത്രുവിന്റെ റഡാര്‍ ഫ്രീക്വന്‍സി ജാം ചെയ്‍ത് ശത്രു മിസൈലുകളുടെ നിയന്ത്രണ സംവിധാനം നശിപ്പിക്കുന്ന സംവിധാനമാണിത്. ശത്രു മിസൈലിനെ ജാം ചെയ്‍ത വിവരം പൈലറ്റിനെ അറിയിക്കുകയും ചെയ്യും. ഇന്ധനം തീര്‍ന്നാല്‍ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയും. 19 കോടി ഡോളര്‍ (ഏകദേശം 1350 കോടി രൂപ)യാണ് ചെലവ്. 

പുതിയ വിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ ചില പൈലറ്റുമാരെ അമേരിക്കന്‍ കമ്പനിയായ ബോയിങ് പരിശീലിപ്പിച്ചിട്ടുണ്ട്. ഏതാനും പൈലറ്റുമാരെക്കൂടി ഉടന്‍ പരിശീലിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ജൂലൈയോടെ പുതിയ വിമാനങ്ങള്‍ ഇന്ത്യയിലെത്തും.
 

Follow Us:
Download App:
  • android
  • ios