Asianet News MalayalamAsianet News Malayalam

6 മാസത്തില്‍ വില്‍ക്കാനായത് ഒരു നാനോ മാത്രം, നിര്‍മ്മാണം നടന്നിട്ടുമില്ല; കമ്പനി അടച്ച് പൂട്ടലിലേക്കെന്ന് സൂചന

ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ നാനോക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ടാറ്റ നാനോയ്ക്ക് ഈ വര്‍ഷം ഏറ്റവുമൊടുവില്‍ കാറ്‍ വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. 

only one unit tata nano sold in 2019 production stand still in this year
Author
New Delhi, First Published Oct 8, 2019, 3:42 PM IST

ദില്ലി: ഏറെ പ്രതീക്ഷകളോടെ നിരത്തിലെത്തിയ ടാറ്റ നാനോ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019ല്‍ ആകെ വിറ്റുപോയതും ഒരു നാനോ കാര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഒരു നാനോ കാര്‍ പോലും 2019 ല്‍ നിര്‍മ്മിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാനോ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുമ്പോഴും ഇതിനെക്കുറിച്ച് അന്തിമതീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ നാനോക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടാറ്റ നാനോയ്ക്ക് ഈ വര്‍ഷം ഏറ്റവുമൊടുവില്‍ കാറ്‍ വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയവുമായാണ് 2009ലെ ഓട്ടോ എക്സ്പോയില്‍ നാനോ കാറിനെ അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തൻ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന നാനോയ്ക്കു പ്രചരണത്തിലും വാർത്തകളിലും കിട്ടിയ സ്വീകാര്യത വിൽപനയിൽ ലഭിച്ചിരുന്നില്ല.

നിരവധി തവണ മോഡലില്‍ പരിഷ്കാരങ്ങള്‍ വരുത്തിയെങ്കിലും വില്‍പനയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാതെ വന്നതോടെയാണ് നാനോയുടെ സാധ്യത മങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന് പ്രചാരണത്തില്‍ പിഴവ് പറ്റിയെന്ന് നേരത്തെ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ ആരംഭിച്ച കാര്‍ നിര്‍മ്മാണം കര്‍ഷക പ്രക്ഷോഭം നിമിത്തം ഗുജറാത്തിലേക്ക് മാറ്റേണ്ടിയും വന്നിരുന്നു. അടുത്ത കാലത്ത് നാനോ കാറുകള്‍ക്ക് തീ പിടിക്കുന്നതായി പരാതിയും വന്‍ തോതില്‍ ഉയര്‍ന്നിരുന്നു.

പുതിയ നിക്ഷേപകരെ കണ്ടെത്താതെ ഇന്ത്യയില്‍ മുന്നോട്ട് പോകുന്നത് സാഹസമാണെന്ന് കമ്പനിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പലപ്പോഴായി പുതിയ നിക്ഷേപകര്‍ക്കായുള്ള ശ്രമം നടത്തിയെങ്കിലും ബി എസ് 6 സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ നിക്ഷേപം കണ്ടെത്താന്‍ ടാറ്റക്ക് സാധിച്ചിട്ടില്ല. നാനോ വിപണിയില്‍ കാര്യമായ നഷ്ടമുണ്ടാക്കിയ മോഡലാണെന്ന് മുന്‍ മേധാവി സൈറസ് മിസ്ത്രിയും വിശദമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios