Asianet News MalayalamAsianet News Malayalam

ഒറ്റ ചാര്‍ജ്ജില്‍ 400 കി.മീ, അമ്പരപ്പിക്കുന്ന മൈലേജില്‍ ആ കാര്‍ എത്തി

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാര്‍

Volvo Introduces XC40 Recharge Its First Ever Electric SUV
Author
Sweden, First Published Oct 19, 2019, 5:33 PM IST

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമെന്നു വിശേഷിപ്പിക്കപ്പെടുന്ന വോള്‍വോയുടെ ആദ്യ ഇലക്ട്രിക് കാറായ എക്‌സ്‍സി40 റീച്ചാര്‍ജ്ജ്  അവതരിപ്പിച്ചു. വോള്‍വോ കാറുകളില്‍ ലഭ്യമായ സുരക്ഷാ സാങ്കേതികവിദ്യകളെല്ലാം ഈ കാറിലും കമ്പനി ഉറപ്പു നല്‍കുന്നു. 

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സെന്‍സര്‍ പ്ലാറ്റ്‌ഫോമും വോള്‍വോയും വിയോനീറും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സെന്വിറ്റി രൂപകല്‍പ്പന ചെയ്ത പ്രത്യേക സോഫ്‌റ്റ്‍വെയറുള്ള കാറിനെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലെന്നാണ് കമ്പനി പറയുന്നത്. വിവിധ റഡാറുകളില്‍ നിന്നും ക്യാമറകളില്‍ നിന്നും അള്‍ട്രാ സോണിക് സെന്‍സറുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ സെന്‍സറിന്റെ പ്രവര്‍ത്തനം.

അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും വാഹനത്തിലുണ്ട്. കാറിന്റെ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം. എക്‌സ്ട്രൂഡഡ് അലൂമിനിയം നിര്‍മിത ഫ്രെയിമിലുള്ള സുരക്ഷാ കവചത്തിലാണ് ബാറ്ററി ഇടം പിടിക്കുന്നത്. കൂട്ടിയിടി പോലുള്ള അപകടവേളകളിലെ അമിത ആഘാതം ഏറ്റെടുക്കാനായി ബാറ്ററിക്കു ചുറ്റും ക്രംപിള്‍ സോണുമുണ്ട്.

78 kWh ബാറ്ററിയും  408 എച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാർജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്ട്രിക് മോഡലിന് സാധിക്കും. 

റീച്ചാർജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ്‌ അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്‌സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്‌റ്റോറേജ് സ്‌പേസുമുണ്ട്. വാഹനത്തിന്റെ നീളവും വീതിയും ഉയരവുമെല്ലാം റഗുലര്‍ മോഡലിന് സമാനമാണ്.

വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷത്തോടെ മാത്രമേ XC 40 റീച്ചാര്‍ജ് ആഗോളതലത്തില്‍ വില്‍പനയ്‌ക്കെത്തുകയുള്ളൂ.

Follow Us:
Download App:
  • android
  • ios