Asianet News MalayalamAsianet News Malayalam

കമ്പനിയുടെ പേര് 'ചെങ്കൊടി', പക്ഷേ ആ കറുത്ത കാറിന്‍റെ പേര് ഇപ്പോഴും രഹസ്യമാണ്!

അജ്ഞാതമായ ഈ കാര്‍ ഏതെന്നാണ് വാഹന പ്രേമികള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഈ വാഹനത്തെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഏതൊരു വെബ്‍സൈറ്റില്‍ നിന്നും കിട്ടുകയില്ലെന്നതാണ് കൗതുകരം. 

Xi Jinping China Made Hongqi car story
Author
Mahabalipuram, First Published Oct 12, 2019, 6:12 PM IST

കഴിഞ്ഞദിവസം മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ കറുത്ത കാറാണ് ഇപ്പോള്‍ വാഹന ലോകത്തെ താരം. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മഹാബലിപുരത്തേക്കുള്ള 57 കിലോമീറ്റർ ദൂരം ചൈനീസ് പ്രസിഡന്‍റ് സഞ്ചരിച്ചത് ഈ കാറിലായിരുന്നു.  

അജ്ഞാതമായ ഈ കാര്‍ ഏതെന്നാണ് വാഹന പ്രേമികള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഈ വാഹനത്തെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഏതൊരു വെബ്‍സൈറ്റില്‍ നിന്നും കിട്ടുകയില്ലെന്നതാണ് കൗതുകരം. ചൈനയിലെ പ്രസിദ്ധ വാഹന നിര്‍മ്മാതാക്കളായ ഹോങ്കി നിര്‍മ്മിച്ച ഒരു കാറിലായിരുന്നു ഷീയുടെ യാത്ര. ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ലാത്ത ഒരു കാറില്‍. പേരില്ലാത്ത കാറെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടോ? സംഗതി സത്യമാണ്. ചൈനയെപ്പറ്റിയുള്ള മറ്റ് പല കഥകളെയുമെന്നപോലെ ദുരൂഹത നിറഞ്ഞതാണ് ഈ കാറിന്‍റെ കഥയും. 

ചൈനയിലെ ഏറ്റവും പഴക്കം ചെന്ന വാഹന നിർമാതാക്കളായ ഫസ്റ്റ് ഓട്ടോ വർക്സ് (FAW)-ന്‍റെ സബ്‍സിഡിയറിയായ ഹോങ്കി മാവോ സേതുങ്ങിന്‍റെ കാലം മുതൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഉപയോഗിക്കുന്ന ആഡംബര ചൈനീസ് കാര്‍ കമ്പനിയാണ്. 1958-ലാണ് ഫസ്റ്റ് ഓട്ടോ വർക്സ് (FAW) ഗ്രൂപ്പ് ഹോങ്കി തുടങ്ങുന്നത്. ഹോങ്കി എന്നാല്‍ ചെങ്കൊടി എന്നാണ് അർത്ഥം. ചൈനയിൽ വിൽക്കുന്ന ഏറ്റവും വിലപിടിപിടിപ്പുള്ള ആഡംബര സെഡാനായ എൽ 5-ന്റെ നിർമാതാക്കളാണ് ഈ ഹോങ്കി. ഏകദേശം 6 കോടി രൂപയോളമാണ് ഈ വാഹനത്തിന്‍റെ വില. 

ഈ എൽ5-നെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഷി ചിന്‍പിങ് ഉപയോഗിക്കുന്ന കറുത്ത കാർ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ കാര്‍ നിർമ്മാണ ഘട്ടത്തിലെ എൻ 501 എന്ന കോ‍ഡുനാമത്തില്‍ തന്നെയാണ് ഇപ്പോഴും വിളിക്കപ്പെടുന്നത്. എഫ്എഡബ്ള്യു-ന്റെയോ, ഹോങ്കിയുടെയോ വെബ്‌സൈറ്റുകളിൽ ഈ വാഹനത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും തന്നെ ലഭ്യമല്ലെന്നതും കൗതുകകരമാണ്. കാറിനെപ്പറ്റിയുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണെന്ന് ചുരുക്കം. സുരക്ഷാ കാരണങ്ങളാണ് ഈ ദുരൂഹതക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എങ്കിലും ഈ ഷീ ജിന്‍പിങ്ങിന്‍റെ ഈ കാറിനെപ്പറ്റിയുള്ള നിരവധി കഥകള്‍ വാഹനലോകത്ത് പ്രചരിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ വാഹനമായ കാഡിലാക് വണ്ണിനോട് (ദി ബീസ്റ്റ്) കിടപിടിക്കുന്ന സുരക്ഷ സന്നാഹങ്ങളുണ്ട് ഹോങ്കി എൻ 501ൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. റോൾസ്-റോയ്‌സ്, ബെന്റ്ലി കാറുകൾക്ക് സമാനമായ വാട്ടർഫോൾ സ്റ്റൈൽ ക്രോം ഗ്രില്ലാണ് എൻ 501 നും. ഹോങ്കി കാറുകളുടെ മുഖമുദ്രയാണ് ഈ ഗ്രില്ലുകള്‍. 

എൻ 501ന് ഏകദേശം 5.5 മീറ്റർ നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. 402 ബിഎച്ച്‍പി പവർ ഉല്‍പ്പാദിപ്പിക്കുന്ന ടർബോചാര്‍ജ്‍ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയമെന്നാണ് വിവരം. ഈ എൻജിൻ, 8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയിലെത്തുമെന്നും ഫുൾ ടാങ്ക് ഇന്ധനം കൊണ്ട് കാര്‍8 00 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്നും ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനാണ് വാഹനത്തിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പ്രതാപിയായിരുന്നെങ്കിലും ഇടക്കാലത്ത് പ്രതിസന്ധി നേരിട്ട കഥകളുമുണ്ട് ഹോങ്കിയുടെ ചരിത്രത്തില്‍. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ പ്രിയ വാഹനമായിരുന്നു ഹോങ്കിയെങ്കില്‍ അവര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ന്യൂജന്‍ നേതാക്കൾ വിദേശ ആഡംബര വാഹനങ്ങളെ തേടിപ്പോയി. അതോടെ കമ്പനിയുടെ കഷ്‍ടകാലവും തുടങ്ങി. തുടര്‍ന്ന് 2012-ൽ വിദേശ നിര്‍മ്മിത ആഡംബര വാഹനങ്ങളെ ഉപേക്ഷിക്കാൻ നേതാക്കളോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യപ്പെടേണ്ടി വന്നു. ചൈനീസ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതോടെ കമ്പനി പഴയ പ്രതാപവും വീണ്ടെടുത്തു. ഹോങ്കി കാറുകളാണ് ഇപ്പോള്‍ ചൈനയിലെ പല നേതാക്കളുടെയും ഔദ്യോഗിക വാഹനം. ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യിയുടെ ഔദ്യോഗിക വാഹനം ഹോങ്കി എച്7 ആണ്.

എൽ 5 കൂടാതെ എച്ച് 5, എച്ച് 7 എന്നീ പേരുകളിൽ ആഡംബര സെഡാനുകളും എച്ച്എസ് 5, എച്ച്എസ് 7 എന്നീ എസ്‌യുവികളും ഇ-എച്ച്എസ് 3 എന്ന ഇലക്ട്രിക്ക് എസ്‌യുവിയും ഹോങ്കി ചൈനയിൽ വിൽക്കുന്നുണ്ട്.

ഇനി വീണ്ടും മഹാബലിപുരം ഉച്ചകോടിയിലേക്ക് വരാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ നിന്നും മഹാബലിപുരത്തെത്താന്‍ ഹെലികോപ്റ്റര്‍ തെരെഞ്ഞെടുത്തപ്പോള്‍ ഷീ ജിന്‍പിങ്ങ് റോഡിലൂടെ പോയത് എന്തിനെന്ന് സംശയിക്കുന്നവരുണ്ടാകും. ചൈനയുടെ പ്രത്യേക സുരക്ഷാ നയത്തിന്റെ ഭാഗമായാണ് ഈ റോഡ് യാത്ര. ചൈനീസ് സുരക്ഷാ നയങ്ങൾ പ്രകാരം തങ്ങളുടെ ഉന്നതരായ രാഷ്‌ടീയ നേതാക്കൾ ഹെലികോപ്റ്റർ ഉപയോഗിക്കരുത്. വിമാനവും കാറുമാണ് ചൈനയിലെ ഉന്നത രാഷ്ട്രീയ നേതാക്കൾക്കുള്ള സഞ്ചാര മാധ്യമങ്ങൾ. അതുകൊണ്ട് തന്നെയാണ് ഷി ജിൻപിങ്ങും തന്‍റെ കറുത്ത കാറിലെത്തിയത്. 

Follow Us:
Download App:
  • android
  • ios