Asianet News MalayalamAsianet News Malayalam

ബജാജ് ഡൊമിനറിനെ പൊലീസില്‍ എടുത്തു!

  • ബജാജ് ഡൊമിനറിനെ പൊലീസില്‍ എടുത്തു
  • ഇനി മുതല്‍ ഇസ്താംബുള്‍ പൊലീസിനി‍റെ ഭാഗം
Bajaj Dominar in police

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പരിഹസിച്ചും വെല്ലുവിളിച്ചും വിപണിയില്‍ എത്തിയ ബജാജ്  ഡൊമിനറിനെ പൊലീസിലെടുത്തു. ഇസ്താംബുള്‍ പൊലീസിലാണ് ഡൊമിനാറിനെ ജോലിക്കെടുത്തിരിക്കുന്നത്. തുര്‍ക്കിയില്‍ നടന്ന മോട്ടോര്‍ബൈക്ക് ഇസ്താംബുള്‍ പ്രദര്‍ശനത്തില്‍ ഇസ്താംബുള്‍ പൊലീസിനു വേണ്ടിയുള്ള രണ്ട് ഡോമിനാറുകളെ ബജാജ് അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ടോര്‍ഖാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തത്.

ഇസ്താംബുള്‍ പൊലീസ് കിറ്റുകളാണ് ബൈക്കുകളുടെ പ്രധാന ആകര്‍ഷണം. റിയര്‍ ലഗ്ഗേജ് ബോക്‌സ്, സൈറന്‍, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ചുവപ്പും നീലയുമുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് പ്രൊട്ടക്ടര്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് പൊലീസ് ഡോമിനാറുകളുടെ പ്രത്യേകതകള്‍.  തുര്‍ക്കിഷ് ഭാഷയില്‍ 'Polis' എന്നും ഡോമിനാറുകളില്‍ ബജാജ് രേഖപ്പെടുത്തിയിട്ടുണ്ട്.

മൂണ്‍ ലൈറ്റ് നിറത്തിലുള്ള ഡോമിനാറുകളെ മാത്രമാണ് ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുന്‍സിപാലിറ്റി പൊലീസ് ഉപയോഗിക്കുക. എല്‍ഇഡി ഹെഡ്‌ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവ ഡോമിനാറിന്റെ മറ്റു വിശേഷങ്ങളാണ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും അലോയ് വീലുകളും ഡോമിനാറിന് ലഭിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 15ന് അരങ്ങേറ്റം കുറിച്ച ഡൊമിനര്‍, ബജാജിന്‍റെ പള്‍സര്‍ സീരിസിനു മുകളിലുള്ള ആദ്യ ബൈക്കായിരുന്നു. ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി  ഡൊമിനറി​നെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ബജാജിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇടയ്ക്ക് ഒരു ഘട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡിനെ കടത്തിവെട്ടിയെങ്കിലും ബജാജിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ആഭ്യന്തര വിപണിയില്‍ ഡോമിനര്‍ വളന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുള്ള ഡോമിനറിന്റെ തുടര്‍ച്ചയായിട്ടുള്ള പരസ്യങ്ങള്‍ മോഡലിന് കുപ്രസിദ്ധിയും നല്‍കി.

ഡൊമിനറിന്റെ ആന്റി ലോക്ക് ബ്രേക്കില്ലാത്ത പതിപ്പിന് 1.36 ലക്ഷം രൂപയും എ ബി എസ് വകഭേദത്തിന് 1.50 ലക്ഷം രൂപയുമാണു ഡല്‍ഹി ഷോറൂമിലെ തുടക്കവില. പൾസർ സീരിസിൽ പുതിയ 400 സി.സി ബൈക്ക്​ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാൽ പുതിയ ബ്രാൻഡ് നാമത്തിൽ തന്നെ ബൈക്ക്​ പുറത്തിറക്കാൻ ബജാജ്​ പിന്നീട്​ തീരുമാനിച്ചു. അങ്ങനെ​ കരാ​ട്ടോ എന്ന ബ്രാൻഡ്​ നാമം​ പുതിയ ബൈക്കിന്​ നൽകാനായിരുന്നു ആദ്യപരിപാടി. എന്നാൽ അവസാനം കരാ​ട്ടോയും ഒഴിവാക്കി ബൈക്കിന്​ ഡോമിനർ എന്ന പേര്​ നൽകുകയായിരുന്നു. കരുത്തില്‍ മികവു കാട്ടുക എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണു ബജാജ്  ‘ഡോമിനര്‍’എന്ന പേര് കണ്ടെത്തിയത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനുംകരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. പരമാവധി വേഗം മണിക്കൂറില്‍ 165 കിലോമീറ്റര്‍. പൂര്‍ണമായ എല്‍ ഇ ഡി ഹെഡ്‌ലാംപ്, ഇന്ധന ടാങ്കിന് ഓക്‌സിലറി കണ്‍സോള്‍ സഹിതം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, സ്ലിപ്പര്‍ ക്ലച്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, എം ആര്‍ എഫ് റേഡിയല്‍ ടയറുകള്‍ തുടങ്ങിയവയൊക്കെ ഡൊമിനറിനെ വേറിട്ടതാക്കുന്നു. പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റിലാണ് ഡോമിനറിന്‍റെ നിര്‍മ്മാണം. 21,950 തുര്‍ക്കിഷ് ലിറയാണ് (ഏകദേശം 3.76 ലക്ഷം രൂപ) സാധാരണ ബജാജ് ഡോമിനാറിന് തുര്‍ക്കിയില്‍ വില.

 

 

Follow Us:
Download App:
  • android
  • ios