Asianet News MalayalamAsianet News Malayalam

ആ കാറിന് സംഭവിച്ചതെന്ത്? വീഡിയോ വൈറല്‍

എഞ്ചിനീയറംഗ് കോളേജിലെ മോട്ടോര്‍ എക്സ് പോയില്‍ അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികളുടെ നേരെ പാഞ്ഞുകയറിയ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം തന്നെ പുറത്തു വന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് വ്യാപകമായി പ്രചരിക്കുന്നത്.
 

car Accident In Motor Expo At College Campus
Author
Kollam, First Published Feb 21, 2019, 9:38 PM IST

കൊല്ലം: എഞ്ചിനീയറംഗ് കോളേജിലെ മോട്ടോര്‍ എക്സ് പോയില്‍ അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികളുടെ നേരെ പാഞ്ഞുകയറിയ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.

കഴിഞ്ഞ ദിവസം കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്സ്പോയ്ക്കിടെയാണ് അപകടം. ഔഡി കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ കാറിന് നിയന്ത്രണം നഷ്ടമായി കാഴ്ച്ചക്കാരായ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അതേസമയം സംഭവത്തിലെ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചെന്ന നിസാര വകുപ്പ് മാത്രമാണ് പ്രതികള്‍ക്ക് നേരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വാഹനമോടിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉണ്ണിക്കൃഷ്ണൻ ആണ്. എക്സ്പോ നടത്തുന്നതിന് മുൻപ് അധികൃതര്‍ പൊലീസിൻറെയോ മോട്ടാർ വാഹന വകുപ്പിൻറെയോ അനുമതി തേടിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേസ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

കാറിടിച്ച് പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥികളായ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്‍റെ കാലിന്‍റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. 

കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്മെന്‍റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios