Asianet News MalayalamAsianet News Malayalam

എംജിക്ക് പിന്നാലെ മറ്റൊരു ചൈനീസ് വാഹന നിര്‍‍മ്മാണ കമ്പനി കൂടി ഇന്ത്യയിലേക്ക്

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സു കൂടി ഇന്ത്യന്‍ വിപണിയിലേക്ക്

Chinas Auto Maker Giant Great Wall Motors plans To Enter India
Author
Mumbai, First Published Oct 18, 2018, 3:07 PM IST

മുംബൈ: ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശന വാര്‍ത്തകള്‍ക്ക് പിന്നാലെയിതാ രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ ചങ്കിടിപ്പേറുന്ന മറ്റൊരു വാര്‍ത്ത കൂടി. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സു കൂടി ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. 2021-22 കാലഘട്ടത്തോടെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇങ്ങോട്ടെത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. 

നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകള്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന് കീഴിലുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ഇക്കാര്യത്തില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അനൗദ്യോഗിക സ്ഥിരീകരണം നടത്തിയേക്കും. 

അടുത്ത വര്‍ഷം പകുതിയോടെ  എംജിയില്‍ നിന്നുള്ള ആദ്യ വാഹനം ഇന്ത്യയിലെത്തിയേക്കും. ആദ്യമെത്തുന്നത് ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ്. തൊട്ടുപിന്നാലെ രണ്ടാമതായി സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി.യും നിരത്തിലെത്തിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

ചൈനീസ് വാഹനങ്ങള്‍ മത്സരം കണക്കിലെടുത്ത് ബജറ്റ് വിലയിലാകും എത്തുകയെന്നതാണ് മറ്റ് വാഹന നിര്‍മ്മാതാക്കളെ അലട്ടുന്നത്. 

Follow Us:
Download App:
  • android
  • ios