Asianet News MalayalamAsianet News Malayalam

സമ്പൂര്‍ണ വൈദ്യുതി വാഹനങ്ങളെന്ന സര്‍ക്കാര്‍ സ്വപ്‍നം അസാധ്യമെന്ന് ടൊയോട്ട

Its Impossible to Have an All Electric Fleet in India by 2030 Toyota
Author
First Published Sep 23, 2017, 10:33 PM IST

2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കുക എന്ന കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‍കര്‍ മോട്ടോഴ്‍സ് രംഗത്ത്. പദ്ധതി അസാധ്യമാണെന്നും അപ്രായോഗികമാണെന്നും ടികെഎം ഡയറക്ടര്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള സര്‍ക്കാരിന്‍റെ നീക്കം നല്ലതാണ്. എന്നാല്‍ 100 ശതമാനം വൈദ്യുത വാഹനങ്ങള്‍ എന്ന പദ്ധതി അപ്രായോഗികവും അസാധ്യവുമാണ്. ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ടൊയോട്ടക്ക് പദ്ധതിയൊന്നുമില്ലെന്നും 2030 ഓടെ കേവലം 30 ശതമാനം വാഹനങ്ങള്‍ മാത്രമേ വൈദ്യുതിയിലേക്കു മാറൂ എന്നും ടൊയോട്ട ഇന്ത്യ തലവന്‍ വ്യക്തമാക്കിയതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2030 മുതൽ രാജ്യത്തെ നിരത്തുകളിൽ വൈദ്യുത വാഹനങ്ങള്‍ മാത്രമെന്ന മുൻതീരുമാനത്തിൽ മാറ്റമില്ലെന്നും ഗതാഗത മേഖല പൂർണമായും വൈദ്യുതീകരിക്കുകയെന്ന മുൻതീരുമാനവുമായി മുന്നോട്ടു പോകുമെന്നും ഇതിന്റെ ഭാഗമായി വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതായും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയതിനു പിന്നാലെയാണ് ടൊയോട്ടയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

രാജ്യത്ത് വാഹന നിർമാണ മേഖല പൂർണമായും ബാറ്ററിയിൽ ഓടുന്ന മോഡലുകളിലേക്കു മാറുന്നു എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ മേഖലയ്ക്കായി പ്രത്യേക നയത്തിനു തന്നെ രൂപം നൽകുന്നത്.

രാജ്യത്തു വൈദ്യുത വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കാനുള്ള ഔദ്യോഗിക കാലപരിധി 2030 ആയി തുടരുമെന്ന് ഗഢ്കരി ആവർത്തിച്ചു.

പെട്രോളിന്റെയും ഡീസലിന്‍റെയും കാലം കഴിഞ്ഞെന്നും വൈദ്യുതിപോലെ ബദൽ ഇന്ധനങ്ങൾ സ്വീകരിക്കാത്ത വാഹനങ്ങൾ ഇടിച്ചുനിരത്തുമെന്നും വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയം’ അടുത്തിടെ സംഘടിപ്പിച്ച സമ്മേളനത്തിലും നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയിരുന്നു.

ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശം ഉടൻ സർക്കാർ പരിഗണിക്കുമെന്നും മലിനീകരണം തടയുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി വാഹനനിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‍തിരുന്നു.

 

 

Follow Us:
Download App:
  • android
  • ios