Asianet News MalayalamAsianet News Malayalam

ഒരു കിടിലന്‍ നേട്ടവുമായി ജീപ്പ് കോംപസ്

  • നിര്‍ണായക നേട്ടവുമായി ജീപ്പ് കോംപസ്
  • നിരത്തിലെത്തി ഏഴു മാസത്തിനുള്ളില്‍ 25000 യൂണിറ്റ് വില്‍പ്പന
Jeep Compass Crosses 25000 Production In India

നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചരുന്നു. ഇപ്പോഴിതാ കോംപസിന്‍റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. നിരത്തിലെത്തി ഏഴു മാസത്തിനുള്ളില്‍ 25000 യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടിരിക്കുയാണ് കോംപസ്.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ നിരവധി പുരസ്കാരങ്ങളും ഇതുവരെ കോംപസിനെ തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണമാണ് ലഭിച്ചത്.

 

Follow Us:
Download App:
  • android
  • ios