Asianet News MalayalamAsianet News Malayalam

വിനോദസഞ്ചാരികളെക്കൊണ്ടു പൊറുതിമുട്ടി ഒരു ഗ്രാമം!

  • വിനോദസഞ്ചാരികളെക്കൊണ്ടു പൊറുതിമുട്ടി ഒരു ഗ്രാമം
  • കോതമംഗലം ഊഞ്ഞാപ്പാറ നിവാസികള്‍
Kothamangalam Oonjappara Neerppalam Issue

വിനോദസഞ്ചാരത്തിനു പ്രിയമേറിക്കൊണ്ടിരിക്കുന്ന കാലമാണിത്. സോഷ്യല്‍മീഡിയയിലൂടെയും മറ്റും നിരവധി പ്രദേശങ്ങള്‍ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളുടെയും മറ്റും വിപണി ശക്തമായതോടെ ആഭ്യന്തരടൂറിസം സ്പോട്ടുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാല്‍ ഇത്തരം സഞ്ചാരങ്ങള്‍ ദുരിതത്തിലാക്കുന്നവരെപ്പറ്റി സഞ്ചാരികള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ സഞ്ചാരികള്‍ മൂലം ദുരിതത്തിലായ ഒരു ഗ്രാമമുണ്ട് കോതമംഗലത്ത്. ആ കഥയാണ് ഇനി പറയുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ സഞ്ചാരലോകത്ത് കോതമംഗലം ഊഞ്ഞാപ്പാറയിലെ നീർപ്പാലം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍. സഞ്ചാരികളുടെ തിരിക്കേറിയതോടെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍.  നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനടക്കം ഉപയോഗിക്കുന്ന വെള്ളം സോപ്പും എണ്ണയും കലര്‍ത്തി വിനോദസഞ്ചാരികള്‍ മലിനമാക്കുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. അവധിക്കാലം തുടങ്ങിയതോടെ ഇങ്ങോട്ട് വൻ ജനപ്രവാഹമാണ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിൽ കുളിച്ച് തിമിർക്കാൻ ഇതിലും പറ്റിയ ഇടമില്ലെന്നാണ് സഞ്ചാരികൾ പറയുന്നത്. എന്നാൽ ജനബാഹുല്യത്തിൽ കുടിവെള്ളം മലിനമാകുന്നുവെന്നും നീർപ്പാലത്തിന് ബലക്ഷയമുണ്ടാകുമെന്നുമാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങള്‍ചൂണ്ടിക്കാട്ടി പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.

കോതമംഗലത്ത് കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകർഷിക്കുന്ന നീർപ്പാലം. ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് ജല അതോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്തെ നീർപ്പാലമാണിത്. സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചതോടെയാണ് തണുത്ത വെള്ളത്തിൽ മതിമറന്ന് കുളിക്കാനായി സഞ്ചാരികൾ ഇവിടെ കൂട്ടമായി എത്തി തുടങ്ങിയത്.  വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താൻകെട്ട് , തട്ടേക്കാട്, ഇടമലയാർ തുടങ്ങിയ പ്രദേശങ്ങൾ അടുത്തുള്ളതും യുവാക്കൾ സംഘമായി ഇങ്ങോട്ടെത്തുന്നതിന് പ്രധാന കാരണമാണ്.

വിനോദസഞ്ചാരകേന്ദ്രത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്ഥലത്തേക്ക് നിത്യേന ആയിരക്കണക്കിന് പേർ എത്തുന്നത് സ്വൈരജീവിതം തകർക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നീർപ്പാലത്തിൽ ഒരേ സമയം ഇത്രയധികം ആളുകൾ കയറുന്നത് പാലത്തിന്‍റെ ബലക്ഷയത്തിന് കാരണമാകുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

നേരത്തെ കനാലിൽ നിന്ന് നേരിട്ട് കുടിവെള്ളം ശേഖരിച്ചിരുന്ന നാട്ടുകാർക്ക് ഇപ്പോൾ അതിനും കഴിയാത്ത സ്ഥിതിയാണ്. നിരവധി പേർ കുളിക്കുന്നത് മൂലം ജലഅതോറിറ്റി വഴി വിതരണം ചെയ്യേണ്ട ജലം മലിനമാകുന്നുവെന്നും പരാതിയുണ്ട് . നൂറോളം പ്രദേശവാസികൾ ചേർന്നാണ് ഊഞ്ഞാപ്പാറ കനാൽ സംരക്ഷണ ജനകീയ സമിതി രൂപീകരിച്ച് പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഭീമഹർജി നൽകിയിരിക്കുന്നത്.

ഊഞ്ഞാപ്പാറയിലെ ഈ കഥ ഒറ്റപ്പെട്ടതാവണമെന്നില്ല. സഞ്ചാരികളുടെ ഒഴുക്കു മൂലം ദുരിതം അനുഭവിക്കുന്നവര്‍ പലയിടങ്ങളിലും ഇനിയുമുണ്ടാകും. അതിനാല്‍ യാത്രകളൊക്കെ വെറും കെട്ടുകാഴ്ചകളാവാതിരിക്കാന്‍ സഞ്ചാരികള്‍ ശ്രദ്ധിക്കുക. ചെന്നെത്തുന്ന ഇടങ്ങളെക്കുറിച്ച് ബോധവാന്മാരാകുക.  അവിടങ്ങളിലെ മനുഷ്യജീവിതങ്ങളെക്കുറിച്ച് ഒരുനിമിഷമെങ്കിലും ചിന്തിക്കുക.

Follow Us:
Download App:
  • android
  • ios