Asianet News MalayalamAsianet News Malayalam

'ഇങ്ങനെ പണി തരല്ലേ'; യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ വെബ്സെെറ്റ്

പഴയ സെെറ്റിലെ വിവരങ്ങള്‍ അപ്പാടെ കളഞ്ഞാണ് കെഎസ്ആര്‍ടിസി പുതിയ വെബ്സെെറ്റ് ആരംഭിച്ചിരിക്കുന്നത്. പുതിയ ലോഗിന്‍ ഐഡി അടക്കമുള്ളവ യാത്രക്കാര്‍ക്ക് ആവശ്യമായി വരുന്നുണ്ട്. ഇങ്ങനെ വരുന്നതിനാല്‍ ടിക്കറ്റ് ഇരട്ടിപ്പ് വരുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു

Ksrtc new website troubles passengers
Author
Thiruvananthapuram, First Published Nov 8, 2018, 7:59 PM IST

ബംഗളുരു: പുതിയ പരിഷ്കാരങ്ങള്‍ കൊണ്ട് വന്ന് ഇങ്ങനെ പണി തരല്ലേ എന്നാണ് കെഎസ്ആര്‍ടിസിയോട് ഇപ്പോള്‍ യാത്രക്കാര്‍ പറയുന്നത്.  വെബ്സെെറ്റ് മാറ്റുന്നതൊക്കെ എങ്ങനെയെങ്കിലും സഹിക്കാമെങ്കിലും പുതിയ ഓണ്‍ലെെന്‍ ബുക്കിംഗ് സംവിധാനങ്ങളില്‍ പല സ്ഥലങ്ങളിലേക്കും ബസില്ലെന്ന് കാണിക്കുന്നതാണ് യാത്രക്കാരുടെ പരാതികള്‍ക്ക് കാരണം.

ബംഗളുരു മലയാളികളാണ് പ്രധാനമായും ഇപ്പോള്‍ പരാതികള്‍ ഉന്നയിക്കുന്നത്. മൂന്ന് ബസ് സ്റ്റാന്‍ഡുകളാണ് ബംഗളുരുവില്‍ ഉള്ളത്. കെഎസ്ആര്‍ടിസി സെെറ്റില്‍ ബംഗളുരു എന്ന് മാത്രമാണ് ആകെ കൊടുത്തിരിക്കുന്നത്. ഇതോടെ എവിടെ നിന്ന് കയറണമെന്ന അങ്കലാപ്പ് പല യാത്രക്കാര്‍ക്കുമുള്ളതായി ബംഗളുരുവില്‍ ജോലി ചെയ്യുന്ന വിഷ്ണു പ്രസാദ് പറഞ്ഞു.

ഇതു കൂടാതെ, ആലുവയില്‍ നിന്ന് ബംളുരുവിന് ബസ് ലഭിക്കും, പക്ഷേ ബംഗളുരുവില്‍ നിന്ന് ആലുവയ്ക്കുള്ള ബസ് വെബ്സെെറ്റില്‍ ഇല്ല. ഇങ്ങനെ പല റൂട്ടിലും ബസ് ലഭിക്കുന്നില്ലെന്ന പരാതി യാത്രക്കാര്‍ക്കുണ്ട്.

സാധാരണ  പഴയതില്‍ നിന്ന് പുതിയ വെബ്സെെറ്റിലേക്ക് മാറുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും സംവിധാനങ്ങള്‍ എളുപ്പമാക്കാനുമാണ്. അതേസമയം, പഴയ സെെറ്റിലെ വിവരങ്ങള്‍ അപ്പാടെ കളഞ്ഞാണ് കെഎസ്ആര്‍ടിസി പുതിയ വെബ്സെെറ്റ് ആരംഭിച്ചിരിക്കുന്നത്.

പുതിയ ലോഗിന്‍ ഐഡി അടക്കമുള്ളവ യാത്രക്കാര്‍ക്ക് ആവശ്യമായി വരുന്നുണ്ട്. ഇങ്ങനെ വരുന്നതിനാല്‍ ടിക്കറ്റ് ഇരട്ടിപ്പ് വരുന്നതായും യാത്രക്കാര്‍ പരാതിപ്പെടുന്നു. പഴയ സെെറ്റില്‍ ബുക്ക് ചെയ്തവര്‍ക്ക് പുതിയ സെെറ്റില്‍ ബുക്ക് ചെയ്തവര്‍ക്കും ഒരേ സീറ്റ് അനുവദിക്കുന്ന സംഭവങ്ങളും അരങ്ങേറി കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് online.keralartc.com എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമായത്.

ഇതറിയാതെ പലരും പഴയ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ സീറ്റ് ഇല്ലെന്നാണ് കാണിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് വെബ്‌സൈറ്റ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അടിക്കടി സൈറ്റുകള്‍ മാറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നഷ്ടത്തിനുമിടയാക്കുകയാണ്.

നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് വെബ്‌സൈറ്റ് മാറുന്നത്. നേരത്തേ ഓണ്‍ലൈന്‍ റിസര്‍വേഷന് കെല്‍ട്രോണും ഊരാളുങ്കല്‍ സൊസൈറ്റിയുമായിരുന്നു ഇടനിലക്കാര്‍. ടിക്കറ്റ് ഒന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കിയിരുന്നത്. ജൂണില്‍ ബെംഗളൂരുവിലുള്ള കമ്പനിയുമായി കുറഞ്ഞനിരക്കില്‍ കരാര്‍ ഒപ്പിട്ടതോടെ ടിക്കറ്റിനത്തിലുള്ള കോര്‍പ്പറേഷന്റെ ചെലവ് കുറഞ്ഞെന്നാണ് അവകാശവാദം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

  • online.keralartc.com എന്നതാണ് കെഎസ്ആര്‍ടിസിയുടെ പുതിയ വെബ്‌സൈറ്റ് വിലാസം 
  • ഔദ്യോഗിക വെബ്‌സൈറ്റായ keralartc.com വഴി ഇ-ടിക്കറ്റിങ് ഓപ്ഷന്‍ വഴിയും പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം.
  • യാത്രയുടെ 30 ദിവസം മുമ്പുമുതല്‍ ടിക്കറ്റ് ബുക്കുചെയ്യാം.
Follow Us:
Download App:
  • android
  • ios