Asianet News MalayalamAsianet News Malayalam

12 സെക്കന്‍ഡില്‍ നൂറിലെത്താം; പ്രണയ ദിനത്തില്‍ സവിശേഷതകളുമായി XUV 300 എത്തുന്നു

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനമാണ് XUV300. വാഹനത്തിന്‍റെ ആക്സിലറേഷന്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു

Mahindra XUV 300 to be launched in India tomorrow
Author
New Delhi, First Published Feb 13, 2019, 7:46 PM IST

യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം XUV 300  പ്രണയദിനത്തില്‍ നിരത്തിലെത്തും. വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു. ഓണ്‍ ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നും നേരിട്ടും XUV300 ബുക്ക് ചെയ്യാം. 20,000 രൂപ അടച്ച് രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കും.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനമാണ് XUV300. വാഹനത്തിന്‍റെ ആക്സിലറേഷന്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്ററിലെത്താന്‍ 12 സെക്കന്‍ഡ് മതി XUV300ന്. 100ല്‍ നിന്നും പൂജ്യത്തിലെത്താന്‍ അഞ്ച് സെക്കന്‍ഡും.

എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് XUV300 അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടാണ് പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്. 

വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും.  പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്കനുസരിച്ചാണ് ഇത്. 

ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്‍കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും. സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കുംഇത്. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും.

എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാവും വാഹനത്തിന്‍റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 2016 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.

നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസയ്ക്കൊപ്പം ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവയുമായി മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി എതിരിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില. 

എതിരാളികളായ ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്ന അതേ മൈലേജ് XUV-യുടെ പെട്രോളില്‍ ലഭിക്കുമെങ്കിലും ഡീസല്‍ മൈലേജില്‍ XUV 300 അല്‍പം പിന്നിലാണ്. ബ്രെസ 24.3 കിലോമീറ്ററും, നെക്‌സോണ്‍ 21.5 കിലോമീറ്ററും, 1.4 ലിറ്റര്‍ ക്രെറ്റ 21.3 കിലോമീറ്ററും, എക്കോസ്‌പോര്‍ട്ട് 23 കിലോമീറ്റര്‍ മൈലേജും ഡീസല്‍ മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios