Asianet News MalayalamAsianet News Malayalam

വാര്‍ത്തകളില്‍ വീണ്ടും താരമായി ജിപ്സിയുടെ സഹോദരന്‍ ജിംനി

New gen Suzuki Jimny pictures leaked
Author
First Published Dec 12, 2017, 4:43 PM IST

മാരുതി സുസുക്കി ജിപ്‍സിയെ എല്ലാവരും അറിയും. ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം തീര്‍ത്ത വാഹനം. ഇന്നും ഇന്ത്യന്‍ ആര്‍മിയുടെ പ്രിയ വാഹനം. എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും ഇന്ത്യന്‍ നിരത്തുകളിലും സിനിമകളിലും തിളങ്ങിയ ഈ കിടിലന്‍ വാഹനത്തിന് പകരക്കാരനായി സുസുക്കിയുടെ എസ് യു വി ജിംനി നിരത്തുകളിലേക്കെത്തുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2016 നവംബറിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ കമ്പനി ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചില്ല.  വരാനിരിക്കുന്ന പുത്തന്‍ ജിംനിയുടെ പേരില്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിയലും മറ്റും പ്രചരിക്കുന്ന കുറച്ചു ചിത്രങ്ങള്‍ വാഹനലോകവും വാഹനപ്രേമികളും കൗതുകത്തോടയൊണ് ഉറ്റു നോക്കുന്നത്.

അടുത്തിടെ ഒരു ഇറ്റാലിയൻ മാസിക ചിത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിച്ചതോടെയാണ് ജിംനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അടുത്ത വർഷമാദ്യം ജപ്പാൻ വിപണിയിലെത്തുന്ന വാഹനം ഇന്ത്യയിലെ ജിപ്സിക്കു പകരക്കാരനായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

New gen Suzuki Jimny pictures leaked

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറ മോഡലാണ് ഇന്ത്യയിലെ  വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിലുള്ള ചെറു എസ് യു വിയായ ജിംനിയെ രണ്ടാം തലമുറ ജിപ്‌സിയായി ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ് സുസുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍റോഡും ഓഫ്‌റോഡും ഒരുപോലെ ഇണങ്ങുന്ന ഈ വാഹനം ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേയ്ക്കാണെത്തുന്നത്.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ്, 1.4 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്നീ എന്‍ജിനുകള്‍ ജിംനിയില്‍ ഉണ്ടാകും. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ബോക്‌സി സ്‌റ്റെലിലാണ് രൂപകല്‍പന. പരമ്പരാഗത രൂപം കാത്തുസൂക്ഷിച്ച് ത്രീ ഡോറിലാണ് പുതിയ ജിംനിയും നിരത്തിലെത്തുക.

New gen Suzuki Jimny pictures leaked

ഡ്യുവല്‍ ടോണ്‍ നിറമാണ് എക്‌സ്റ്റീരിയറിന്. 5 സ്റ്റ്‌ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നടുവിലായി നല്‍കിയ സ്‌പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ്ങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവ പ്രൗഡി കൂട്ടൂം.  

New gen Suzuki Jimny pictures leaked

സുസുക്കിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലായിരിക്കും. ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. അതേസമയം ജിംനിയുടെ ആഭ്യന്തര വില്‍പ്പന ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഓട്ടോ എക്‌സ്‌പോയിലാകും രാജ്യാന്തരതലത്തില്‍ ജിംനി ഔദ്യോഗികമായി അവതരിപ്പിക്കുക. വരുന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ഇന്ത്യയില്‍ ജിപ്‌സിക്ക് പകരക്കാരനായി ജിംനിയെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Follow Us:
Download App:
  • android
  • ios