Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ നിരത്തു കീഴടക്കാന്‍ ഇവര്‍ വരുന്നു

New vehicles 2018
Author
First Published Dec 22, 2017, 12:31 PM IST

New vehicles 2018

ജിഎസ്ടിയുടെ പേരിൽ ഇടയ്‌ക്കൊന്ന് ബ്രേക്കിട്ടെങ്കിലും ഇന്ത്യൻ വാഹനവിപണി പൂത്തു തളിർത്ത വർഷമായിരുന്നു 2017. ആ സന്തോഷം 2018ലും തുടരുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി പുതിയ മോഡലുകൾ 2018 നുവേണ്ടി കർട്ടനു പിന്നിൽ ഊഴം കാത്തു നിൽപ്പുണ്ട്. അവയെപ്പറ്റിയാണ് ഇനി പറയുന്നത്.  പലയിടത്തു നിന്നും ഔദ്യോഗികമായും അനൗദ്യോഗികമായും കിട്ടിയ വിവരങ്ങൾ വെച്ചാണ് ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിൽ ചില മോഡലുകൾ വിപണിയിൽ എത്തിയില്ലെങ്കിലും സ്മാർട്ട് ഡ്രൈവിനോട് ക്ഷമിക്കണം, പൊറുക്കണമെന്ന് അഭ്യര്‍ത്ഥന.

1. മാരുതി സ്വിഫ്റ്റ്

New vehicles 2018

ഇന്ത്യയുൾപ്പെടെയുള്ള പല ലോകരാഷ്ട്രങ്ങളും  ഇരു കൈയും നീട്ടി സ്വീകരിച്ച മോഡലാണ് സുസുക്കി സ്വിഫ്റ്റ്. അടുത്ത വർഷം സ്വിഫ്റ്റിന്റെ പുതിയ മോഡൽ വരികയാണ്. ഇപ്പോൾ വിപണിയിലെത്തിയ ഡിസയറിന്റെ ഹാർട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റ് നിർമ്മിക്കപ്പെടുക. പ്ലാറ്റ്‌ഫോമിന്റെ ഭാരക്കുറവു മൂലം പുതിയ സ്വിഫ്റ്റിന് 50 കി.ഗ്രാം ഭാരം കുറയും. എഞ്ചിനുകൾ മാറാനിടയില്ല-1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ. രണ്ട് എഞ്ചിനുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ടാകാനും സാദ്ധ്യതയുണ്ട്.
എക്സ്റ്റീറിയറിലും ഇന്റീരിയറിലും മാറ്റങ്ങൾ ധാരാളമുണ്ട്. 2018 ഫെബ്രുവരിയിലെ ഡെൽഹി എക്‌സ്‌പോയിൽ
പ്രദർശിക്കപ്പെടുന്ന പുതിയ സ്വിഫ്റ്റ് ഏറെത്താമസിയാതെ വിപണിയിലെത്തും.

വരുന്നത് : 2018 മാർച്ച് . വില : 5-8.50 ലക്ഷം രൂപ

 

2. മാരുതി ജിംനി

New vehicles 2018

പല രാജ്യങ്ങളിലും ഏറെ സ്‌നേഹിക്കപ്പെടുന്ന ചെറു എസ്‌യുവിയാണ് സുസുക്കി ജിംനി. 2017 മോഡൽ ജിംനി, പുതിയ ജിപ്‌സി എന്ന പേരിൽ ഇന്ത്യയിലെത്തുമെന്ന് കേൾക്കുന്നു. ഫെബ്രുവരിയിലെ ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ ഈ വാഹനം പ്രദർശിപ്പിക്കുമെന്നും കേൾക്കുന്നു. പ്രായാധിക്യം ബാധിച്ച ജിപ്‌സിക്ക് നവയൗവനം നൽകാൻ ജിംനിക്ക് കഴിഞ്ഞേക്കും. പുതിയ ബെലേനോയുടെ പ്ലാറ്റ്‌ഫോമായിരിക്കും ജിംനിയെന്നും ബെലേനോയുടെ 1 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും 1.3 ലിറ്റർ ഡീസൽ എഞ്ചിനും ഘടിപ്പിക്കപ്പെടുമെന്നുമൊക്കെ ഓട്ടോമൊബൈൽ പാണന്മാർ പാടി നടക്കുന്നുണ്ട്.
 

വരുന്നത് : 2018 ഒടുവിൽ. വില : 6.50-8.50 ലക്ഷം.

3. സ്‌കോഡ കരോക്ക്

 

മികച്ച ഡീലർമാരും പുതിയ മോഡലുകളുമായി സ്‌കോഡ വീണ്ടും ഇന്ത്യയിൽ ചുവടുറുപ്പിക്കുകയാണ്. കോഡിയാക് എന്ന 7 സീറ്റർ എസ്‌യുവിയാണ് ഒടുവിൽ സ്‌കോഡയിൽ നിന്നു വന്നത്. ഇനി വരുന്നത് കരോക്ക് എന്ന അല്പം കൂടി ചെറിയ എസ്‌യുവിയാണ്. നിർമ്മാണം നിലച്ച 'യെറ്റി'യ്ക്കു പകരക്കാരനാകുന്ന കരോക്കിന്റെ പ്ലാറ്റ്‌ഫോം ഒക്‌ടോവിയയുടേത് തന്നെയാണ്. 5 സീറ്റർ ആണ് കരോക്ക്. വിദേശത്ത് കരോക്കിന് 1 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എഞ്ചിനുകളും 1.6 ലിറ്റർ 2 ലിറ്റർ ഡീസൽ എഞ്ചിനുകളുമാണുള്ളത്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകളുണ്ട്. ഇന്ത്യയിൽ ഏത് എഞ്ചിൻ വരുമെന്നറിയില്ല. ജീപ്പ് കോംപസും ഹ്യുണ്ടായ് ട്യൂസോണുമായിരിക്കും ഇന്ത്യയിലെ എതിരാളികൾ.

വരുന്നത് : 2018 ഒടുവിൽ . വില : 17-23 ലക്ഷം രൂപ

 

4. ഹ്യുണ്ടായ് ഐ 20

New vehicles 2018

ഫെബ്രുവരിയിലെ ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡൽ ഹ്യുണ്ടായ് ഐ 20 എലീറ്റും എത്തുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ പലയിടത്തുമായി പ്രീലോഞ്ച് ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ചിട്ടുണ്ട്. 2008 ൽ പുറത്തിറങ്ങിയതു മുതൽ ഇന്ത്യയിൽ ഇതുവരെ 60 ലക്ഷം ഐ20കൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും പ്രതിമാസം 11,000 യൂണിറ്റുകൾ വിൽക്കുന്നുണ്ട്. ഗ്രില്ലിലടക്കം മാറ്റങ്ങളുള്ള പുതിയ ഐ20 യിൽ എഞ്ചിനുകൾ 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നിവ തന്നെയായിരിക്കും. എന്നാൽ ഒരു 1 ലിറ്റർ പെട്രോൾ എഞ്ചിനുള്ള സാദ്ധ്യതയുമുണ്ട്.

വരുന്നത് : 2018 തുടക്കം. വില : 5.50 - 8.50 ലക്ഷം രൂപ

5. ഹ്യൂണ്ടായ് കോന

New vehicles 2018

ക്രെറ്റയ്ക്കും ട്യൂസോണിനുമിടയിൽ പ്രതിഷ്ഠിക്കുന്ന ഒരു പുതിയ എസ്‌യുവി - കോന- ഹ്യുണ്ടായ് ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാനും 2018 മദ്ധ്യത്തോടെ വിപണിയിലിറക്കാനും സാധ്യതയുണ്ട്. ഇറ്റലിയിൽ പ്രദർശിപ്പിക്കപ്പെട്ട കോന അടുത്ത വർഷമാദ്യം യൂറോപ്പിലും അമേരിക്കയിലും വില്പന ആരംഭിക്കും. അതിനു ശേഷമായിരിക്കും ഇന്ത്യാ പ്രവേശം. 1 ലിറ്റർ പെട്രോൾ, 1.6 ലിറ്റർ ഡീസൽ എന്നീ എഞ്ചിനുകളാ ണ് കോനയ്ക്ക് ആഗോള തലത്തിലുള്ളത്. ഇന്ത്യയിൽ പുതിയ വെർനയുടെ 1.6 ലിറ്റർ പെട്രോൾ/ഡീസൽ എഞ്ചിൻ ഘടിപ്പിക്കാനാണ് സാധ്യത.

വരുന്നത് : 2018 ഒടുവിൽ. വില : 12-16 ലക്ഷം.

6. ഹ്യുണ്ടായ് സൊണാറ്റ

New vehicles 2018

ബെൻസിന്റെ മോഡലുകളുടെ ഇന്റീരിയർ കംഫർട്ടുമായി ഇന്ത്യൻ വിപണിയെ ഞെട്ടിച്ച പ്രീമിയം സെഡാനാണ് സൊണാറ്റ. വിലയാകട്ടെ, ബെൻസ് സി ക്ലാസിന്റെ നാലിലൊന്നേ ഉണ്ടായിരുന്നുള്ളൂതാനും. എന്നാൽ ആദ്യകാലത്തുണ്ടായിരുന്ന സൗന്ദര്യം സൊണാറ്റയുടെ പിൽകാല മോഡലുകൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട് വിൽപന കുറഞ്ഞു; 2015ൽ ഉൽപാദനം നിർത്തുകയും ചെയ്തു.

ഇപ്പോൾ വലിയ ഗ്രില്ലോടു കൂടിയ പുതിയ സൊണാറ്റ വരികയാണ്. എൽഇഡി ഹെഡ്-ഫോഗ്-ടെയ്ൽ ലാമ്പുകളും ഗംഭീര ഡിസൈനുമാണ് സൊണാറ്റയുടേത്. 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഇന്ത്യയിൽ പ്രതീക്ഷിക്കാം. ആഡംബര സമൃദ്ധമായ ഇന്റീരിയറും സൊണാറ്റയുടെ പ്രത്യേകതയായിരിക്കും.

വരുന്നത് : 2018 ഒടുവിൽ  വില : 19-23 ലക്ഷം രൂപ


7. നിസാൻ കിക്ക്‌സ്

New vehicles 2018

നിസാന്റെ സീനിയർ വൈസ്പ്രസിഡന്റ് പേമാൻ കാർഗർ ഈയിടെ ഔദ്യോഗികമായി സ്ഥിരീകരിച്ച കാര്യമാണ് കിക്ക്‌സ് എന്ന കോംപാക്ട് എസ്‌യുവിയുടെ ഇന്ത്യാ പ്രവേശം. ആഗോള തലത്തിൽ 'വി' പ്ലാറ്റ്‌ഫോമിലാണ് കിക്ക്‌സ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിൽ റെനോ ഡസ്റ്ററിന്റെയും ക്യാപ്ച്ചറിന്റെയും പ്ലാറ്റ്‌ഫോമായിരിക്കും ഉപയോഗിക്കുക. റെനോയുടെ 1.5  ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാവും, കിക്ക്‌സിനെ ചലിപ്പിക്കുക, റെനോ ക്യാപ്ച്ചർ, മഹീന്ദ്ര എക്‌സ്‌യുവി 500, ഹുണ്ടായ് ക്രെറ്റ എന്നിവയൊക്കെയായിരിക്കും കിക്ക്‌സിന്റെ എതിരാളികൾ. ആദ്യവർഷം തന്നെ 30,000 യൂണിറ്റുകൾ ഇന്ത്യയിൽ വിൽക്കാനാവുമെന്നാണ് നിസാൻ പ്രതീക്ഷിക്കുന്നത്. 

വരുന്നത് : 2018 ഒടുവിൽ വില : 9-15 ലക്ഷം രൂപ


8. നിസാൻ മൈക്ര

New vehicles 2018

സ്ത്രീകളുടെ ഇഷ്ടവാഹനമാണ് വാത്സല്യം തുളുമ്പുന്ന രൂപഭാവങ്ങളുള്ള മൈക്ര. 2018 ഒടുവിൽ മൈക്രയുടെ പുതുരൂപം ഇന്ത്യയിലെത്തും. അന്തർദ്ദേശീയ മാർക്കറ്റിൽ നിലവിലുള്ള മോഡൽ തന്നെയായിരിക്കും ഇത്. എന്നാൽ പ്ലാറ്റ്‌ഫോം സിഎംഎഫ് എപ്ലസ് ആയിരിക്കും. 2018ൽ വിപണിയിലെത്താൻ പോകുന്ന പുതിയ നിസാൻ സണ്ണിയുടെ പ്ലാറ്റ്‌ഫോം തന്നെയാണിത്. ഡസ്റ്ററിലെ 1.5 ലിറ്റർ, 106 ബിഎച്ച്പി പെട്രോൾ എഞ്ചിൻ ആയിരിക്കും, മൈക്രോയിൽ ഘടിപ്പിക്കുക. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പ്രതീക്ഷിക്കാം.

വരുന്നത് : 2018 ഒടുവിൽ വില : 5-8 ലക്ഷം രൂപ


9. നിസാൻ എക്‌സ്‌ട്രെയ്ൽ

New vehicles 2018

എക്‌സ്‌ട്രെയ്ൽ എന്ന എസ്‌യുവിയുടെ പുതുക്കിയ മോഡൽ 2018ൽ ഇന്ത്യയിലെത്തും. റോഗ് എന്ന് അമേരിക്കയിൽ അറിയപ്പെടുന്ന ഈ മോഡൽ 2016 സെപ്തംബറിലാണ് അന്താരാഷ്ട്ര മാർക്കറ്റിലെത്തിയത്. മുമ്പ് ഇന്ത്യയിൽ വില്പനയിലുണ്ടായിരുന്ന എക്‌സ് ട്രെയ്ൽ വിജയമായിരുന്നില്ല. എന്നാൽ പുതിയ മോഡൽ 2016ലെ ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതു മുതൽ ഏവരും കാത്തിരിക്കുകയായിരുന്നു. പുതിയ മോഡൽ ഹൈബ്രിഡാണ്. 2 ലിറ്റർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്നാണ് എക്‌സ്‌ട്രെയ്‌ലിനെ ചലിപ്പിക്കുന്നത്.

വരുന്നത് : മെയ് 2018 . വില : 30-35 ലക്ഷം


10. നിസാൻ ലീഫ്

New vehicles 2018

രണ്ട് വർഷം മുമ്പ് ഡെൽഹിയിൽ വെച്ച് നിസാൻ, ലീഫ് എന്ന ഇലക്ട്രിക് കാർ ടെസ്റ്റ്‌ഡ്രൈവിനായി തന്നു. മഹീന്ദ്രയുടെ റേവ എന്ന കുഞ്ഞ് ഇലക്ട്രിക് കാർ മാത്രം ഓടിച്ചിട്ടുള്ളവർക്ക് ലീഫ് പുതിയൊരു അനുഭവമായിരുന്നു. ഒരു സാധാരണ കാറിന്റെ രൂപഭാവങ്ങളും പ്രകടനവുമൊക്കെയാണ് ലീഫിനുള്ളത്. 7 വർഷം കൊണ്ട് മൂന്നു ലക്ഷം യൂണിറ്റുകൾ വിറ്റ ലീഫ് ഒരുതവണ ചാർജ് ചെയ്താൽ 400കി.മീ ഓടും. 147 കുതിരശക്തിയാണ് മോട്ടോറിനുള്ളത്. 8 മണിക്കൂർ കൊണ്ട് ഫുൾ ചാർജ്ജാകും. എന്നാൽ 40 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജ്ജ് ചെയ്യാനുള്ള ഓപ്ഷനുണ്ട്.

വരുന്നത് : 2018 ഒടുവിൽ വില : 30-40 ലക്ഷം രൂപ


11. മിത്‌സുബിഷി പജേരോ സ്‌പോർട്ട്

New vehicles 2018

ഇന്ത്യയിൽ മാർക്കറ്റിങ്ങിന്റെ 'ഗുണം' മൂലം ഗതി പിടിക്കാതെ പോയ ബ്രാന്റാണ് മിത്‌സുബിഷി. ലോകോത്തര വാഹനങ്ങളാണ് മിത്‌സുബുഷിയുടേതെങ്കിലും വിൽക്കാൻ കഴിയാതെ പോകുന്നത് കഷ്ടം തന്നെയാണ്. ഏതായാലും പജേരോ സ്‌പോർട്ടിന്റെ പുതിയ മോഡൽ മിത്‌സുബിഷി വിപണിയിലെത്തിക്കുകയാണ്. കൂടുതൽ സ്‌പോർട്ടിയും ആധുനികവുമാണ് പുതിയ പജേരോ സ്‌പോർട്ട്. നിലവിലുള്ള സ്‌പോർട്ടിനെക്കാൾ 90 മി.മീ നീളം കൂടുതലുണ്ട്. 2.4 ലിറ്റർ, 4 സിലിണ്ടർ, ടർബോ ഡീസൽ എഞ്ചിൻ 181 ബിഎച്ച്പി പവർ തരും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4 വീൽ ഡ്രൈവും പ്രതീക്ഷിക്കാം.

വരുന്നത് : ഏപ്രിൽ 2018 വില : 28-32 ലക്ഷം രൂപ.


12. ടൊയോട്ട യാരിസ് അറ്റിവ്

New vehicles 2018

ലോക വിപണി പിടിച്ചടക്കാൻ കഴിവുള്ള ടൊയോട്ട പക്ഷേ ഇന്ത്യയിലെത്തിച്ച രണ്ട് ചെറുകാറുകൾക്കും - എറ്റിയോസ്, ലിവ- പ്രതീക്ഷിച്ച ജനപ്രീതി നേടാൻ കഴിഞ്ഞില്ല.  റഷ്, വയോസ് എന്നിവയൊക്കെ ഇന്ത്യയിലെത്തിക്കുമെന്നു കേട്ടെങ്കിലും നടന്നതുമില്ല. 2017 ഓഗസ്റ്റിൽ തായ്‌ലന്റിലെ വിപണിയിലെത്തിയ യാരിസ് അറ്റിവ് എന്ന സെഡാനെ ഇന്ത്യയിൽ കൊണ്ടുവരികയാണ് ടൊയോട്ട എന്നു കേൾക്കുന്നു. അങ്ങനെ അറ്റിവിനെ ഒരു ഗ്ലോബൽ കാറാക്കി മാറ്റാനാണ് ടൊയോട്ടയുടെ ശ്രമം. 1.2 ലിറ്റർ, 87 ബിഎച്ച്പി പെട്രോൾ എഞ്ചിനാണ് അറ്റിവിന്  തായ്‌ലന്റിലുള്ളത്. ഇന്ത്യയിൽ 1.4 ലിറ്റർ ഡീസൽ എഞ്ചിനും പ്രതീക്ഷിക്കാം.

വരുന്നത് : 2018 ഒടുവിൽ  വില: 8-11 ലക്ഷം രൂപ


13. മിത്‌സുബിഷി ഔട്ട്‌ലാൻഡർ

New vehicles 2018

2008ൽ പെട്രോൾ എഞ്ചിൻ മോഡലുമായി ഇന്ത്യയിൽ വന്ന് പരാജയപ്പെട്ട എസ്‌യുവിയാണ് മിത്‌സുബിഷി ഔട്ട്‌ലാൻഡർ. പജേരോ സ്‌പോർട്ടിന്റെ അതേ വലിപ്പവും അല്പം കൂടി താഴ്ന്ന പ്രൊഫൈലുമുള്ളതാണ് പുതിയ ഔട്ട്‌ലാൻഡർ. 7 സീറ്ററാണിത്. ഇത്തവണയും പെട്രോൾ എഞ്ചിൻ മാത്രമേ ഔട്ട്‌ലാൻഡറിനുണ്ടാവൂ- 2.4 ലിറ്റർ, 4 സിലിണ്ടർ, 169 ബിഎച്ച്പി എഞ്ചിൻ. 6 സ്റ്റെപ്പ് സിവിടി ഗിയർബോക്‌സും പ്രതീക്ഷിക്കുക. സൂപ്പർ ഓൾ വീൽ ഡ്രൈവുമായി വരുന്ന ഔട്ട്‌ലാൻഡറിന്റെ വില്പന,  ഇന്ത്യക്കാർ പെട്രോൾ എഞ്ചിനുകളെ സ്‌നേഹിച്ചുതുടങ്ങിയ സാഹചര്യത്തിൽ, കുറച്ചു കൂടി എളുപ്പമായിരിക്കും.

വരുന്നത് : 2018 ആദ്യം വില : 29 ലക്ഷം രൂപ


14. ബി.എം. ഡബ്ലു എക്‌സ് 7

New vehicles 2018

ഭാവിയിൽ എക്‌സ് സീരിസിൽ പെടുന്ന എല്ലാ വാഹനങ്ങളും ഞങ്ങൾ ഇന്ത്യയിലെത്തിക്കും. എക്‌സ് 7 ആയിരിക്കും അതിന്റെ തലപ്പത്ത്'- ബിഎം.ഡബ്ല്യുവിന്റെ സീനിയർ വൈസ് പ്രസിഡണ്ട് ഹെൻറിക് സോൺ കുൻഹിം ഈയിടെ അറിയിച്ചതാണ് ഇക്കാര്യം. എക്‌സ് സീരീസിൽ ഇനി വരാൻ  പോകുന്നത് ഫ്‌ളാഗ്ഷിപ്പ് ലക്ഷ്വറി എസ്‌യുവിയായ എക്‌സ് 7 ആണ്. ഇതുവരെ എക്‌സ് 7ന്റെ പ്രോട്ടോടൈപ്പ് മാത്രമേ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളു. ബെൻസ് ജിഎൽഎസിനെക്കാൾ നീളവും വീതിയും, വീൽബെയ്‌സും കൂടുതലുണ്ട്. 7 സീറ്ററാണ്. 7 സീരീസിലെ എഞ്ചിനുകളും ഒരു ഹൈബ്രിഡ് വേർഷനും പ്രതീക്ഷിക്കാം. വരുന്നത് : 2018 ഒടുവിൽ
വില : 1.3 - 2 കോടി രൂപ


15. മഹീന്ദ്ര എക്‌സ് യു വി 300

New vehicles 2018

മാരുതി വിറ്റാര ബ്രെസയെ തോൽപിക്കാൻ കച്ചകെട്ടി മഹീന്ദ്ര ഇറക്കുന്ന, 4 ലിറ്ററിൽ താഴെ നീളമുള്ള എസ്‌യുവിയാണ് എക്‌സ്‌യുവി 300. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ എസ്‌യുവി നിർമ്മാണ കമ്പനിയായ സാങ്‌യോങ്ങിന്റെ ടിവോലിയാണ് എക്‌സ്‌യുവി 300ന് മാതൃകയാവുക എന്നു കേൾക്കുന്നു. മഹീന്ദ്രയുടെ പുതിയ 1.2 ലിറ്റർ, 140 ബിഎച്ച്പി പെട്രോൾ എഞ്ചിൻ ആദ്യമായി ഘടിപ്പിക്കുക എക്‌സ്‌യുവി 300ൽ ആയിരിക്കുമത്രേ. 1.5 ലിറ്റർ ഡീസൽ എഞ്ചിനും പ്രതീക്ഷിക്കാം. ഫെബ്രുവരിയിലെ ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ ഈ മോഡൽ പ്രദർശിപ്പിച്ചേക്കും.

വരുന്നത് : 2018 ഫെബ്രുവരി വില: 8-11 ലക്ഷം

 

16. മഹീന്ദ്ര ടിയുവി 300 പ്ലസ്

New vehicles 2018

ടി യുവി 300 എന്ന എസ്‌യുവിയുടെ നീളം കൂടിയ വേരിയന്റ് -പ്ലസ്-വിപണിയിലെത്തുകയാണ്. പിൻഭാഗത്ത് നീളംകൂടി, ടെയ്ൽ ലാമ്പുകളുടെ രൂപം മാറ്റി എന്നിവയാണ് ഡിസൈനിലെ മാറ്റങ്ങൾ. ഡെൽഹിയിൽ മാത്രം വിൽക്കപ്പെടുന്ന സ്‌കോർപിയോയുടെ 1.99 ലിറ്റർ, 120 ബിഎച്ച്പി ഡീസൽ എഞ്ചിനാണ് ടിയുവി 300 പ്ലസിൽ ഘടിപ്പിക്കപ്പെടുക. 5,7,9 സീറ്റ് കോൺഫിഗറേഷനുകളിൽ പ്ലസ് ലഭ്യമാകുമെന്ന് കേൾക്കുന്നു. പ്ലസ് വരുന്നതോടെ സൈലോ നിർത്തലാക്കുമെന്നു വാർത്തയുണ്ട്.

വരുന്നത് : 2018 ഫെബ്രുവരി  ്യു വില : 7-9 ലക്ഷം രൂപ.

 

17. മഹീന്ദ്ര എംപിവി

New vehicles 2018

ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്‌സ എന്നീ ജനപ്രിയ മൾട്ടിപർപ്പസ് വാഹനങ്ങൾക്ക് ഭീഷണിയുയർത്താൻ മഹീന്ദ്രയുടെ യു 321 എന്ന കോഡ് നെയിമിലുള്ള വാഹനം വരുന്നു. ഈ  പേരിടാത്ത എംപിവിയുടെ റോഡ് ടെസ്റ്റ് ഇന്ത്യയുടെ പലഭാഗങ്ങളിലായി നടന്നു വരുന്നു. എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും പ്രൊജക്ടർ ഹെഡ് ലാമ്പുകളും ഈ മോഡലിനുണ്ട്. ഉള്ളിൽ ബ്ലാക്ക് നിറമാണ് പ്രധാനം. വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. 7,8 സീറ്റുകളുണ്ടാവും. 16 ഇഞ്ചാണ് വീലുകൾ. 1.6 ലിറ്റർ എം. ഫാൽക്കൺ ഡീസൽ എഞ്ചിനായിരിക്കും എംപിവിയെ ചലിപ്പിക്കുക എന്നു കേൾക്കുന്നു. മഹീന്ദ്രയുടെ നോർത്ത് അമേരിക്കയിലെ ടെക്‌നിക്കൽ സെന്ററാണ് എംപിവി രൂപ കല്പന ചെയ്ത് നിർമ്മിച്ചത്

വരുന്നത് : 2018 മാർച്ച്. വില : 14-22 ലക്ഷം.


18. ഫോക്‌സ് വാഗൺ പോളോ

New vehicles 2018

2017 ജൂണിൽ ജർമ്മനിയിലെ സ്‌കൾഫ് ബർഗിലെ ഹെഡ്ക്വാർട്ടേഴ്‌സിലാണ് ഫോക്‌സ് വാഗൺ പോളോയുടെ പുതിയ 2018 മോഡൽ അനാവരണം ചെയ്തത്. നിലവിലുള്ള പോളോയേക്കാൾ വലിപ്പവും സാങ്കേതികമായി മുന്നിൽ നിൽക്കുന്നതുമാണ്
പുതിയ മോഡൽ. കൃത്യമായി പറഞ്ഞാൽ 81 മി.മീ. നീളവും 63 മി.മീ വീതിയും 94 മി.മീ. വീൽബെയ്‌സും കൂടുതലാണ് പുതിയ പോളോയ്ക്ക്. 71 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും കൂടി. കാഴ്ചയിൽ ഉണ്ടായ മാറ്റങ്ങൾ കൂടാതെ ഇന്റീരിയറും ഗംഭീരമാക്കിയിട്ടുണ്ട്. 4 പെട്രോൾ എഞ്ചിനുകളും ഒരു ഡീസൽ എഞ്ചിനുമുണ്ട്. ഇന്ത്യയിൽ ഏത് എഞ്ചി ൻ വരുമെന്ന് പറയാറായിട്ടില്ല.

വരുന്നത് : 2018 ഒടുവിൽ വില : 6-11 ലക്ഷം രൂപ.


19. ഫോർഡ് കുഗ

New vehicles 2018

ഇക്കോസ്‌പോർട്ടിനും എൻഡേവറിനുമിടയിൽ മറ്റൊരു എസ്‌യുവി-കുഗ- എത്തിക്കുകയാണ് ഫോർഡ്. 13-17 ലക്ഷം രൂപ വില വന്നേക്കാവുന്ന കുഗ ആഗോളതലത്തിൽ ബെസ്റ്റ് സെല്ലറാണ്. 1.5 ലിറ്റർ പെട്രോൾ, 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ പ്രതീക്ഷിക്കാം. 6 സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക് ഗിയറുകളും. ഫോർവീൽ ഡ്രൈവ് മോഡലും ഉണ്ടാകും. വളർച്ച മുറ്റിയ ഇക്കോസ്‌പോർട്ടിന്റെ രൂപമാണ് കുഗയ്ക്കുള്ളത്.

വരുന്നത് : 2018 മധ്യം വില : 13-17 ലക്ഷം രൂപ.

20. ഫോർഡ് മോണ്ടിയോ

New vehicles 2018

ഫെബ്രുവരിയിലെ ഡെൽഹി ഓട്ടോ എക്‌സ്‌പോയിലൂടെ ഫോർഡ് മോണ്ടിയോ തിരിച്ച് ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ വിൽപനയിലുണ്ടായിരുന്നെങ്കിലും ജനങ്ങൾ മോണ്ടിയോയെ സ്വീകരിച്ചില്ല. എന്നാൽ ഇപ്പോൾ വരുന്ന പുതിയ മോഡൽ 'ബെസ്റ്റ് ഫാമിലി കാർ' എന്ന ബഹുമതി നേടിയിട്ടുണ്ട്. 1 ലിറ്റർ ടർബോ പെട്രോൾ, 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളാണ് ഉണ്ടാവുക. ടൊയോട്ട കാംറി, സ്‌കോഡ സുപ്പർബ് എന്നിവയോടാകും പ്രധാനമായും ഏറ്റുമുട്ടുക.

വരുന്നത് : 2018 മധ്യം വില : 15-20 ലക്ഷം രൂപ.

21. ഹോണ്ട എച്ച് ആർ വി

New vehicles 2018

ഹോണ്ട സിആർവിയുടെ കച്ചവടം ഏതാണ്ട് നിലച്ച മട്ടാണ്. എൻട്രി ലെവൽ എസ്‌യുവിയായ ഡബ്ല്യുആർവി നന്നായി വിൽക്കാൻ കഴിയുന്നുമുണ്ട്. ഡബ്ല്യുആർവിക്കും സി ആർ വിക്കും ഇടയിലാണ് എച്ച് ആർ വിയുടെ സ്ഥാനം. ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയോടാവും മത്സരം. പുതിയ 1.6 ലിറ്റർ ഡീസൽ എഞ്ചിനായി രിക്കും എച്ച്ആർവിയെ ചലിപ്പിക്കുക. 6 സ്പീഡ് മാനുവൽ/സിവിടി ഗിയർ ബോക്‌സുകളുണ്ടാവും. ഫെബ്രുവരി യിലെ ഓട്ടോ എക്‌സ്‌പോയിൽ എച്ച്ആർവി പ്രദർശിപ്പിച്ചേക്കും. 5 പേർക്കാണ് ഈ സുന്ദരനായ എസ്‌യുവിയിൽ സഞ്ചരിക്കാവുന്നത്.

വരുന്നത് : 2018 മധ്യം. വില : 15-20 ലക്ഷം

 

22. ഹോണ്ട സിവിക്

New vehicles 2018

2013ൽ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായ സിവിക്  എന്ന സെഡാൻ പുതിയ രൂപഭാവങ്ങളിൽ തിരിച്ചെത്തുന്നു. ഡീസൽ എഞ്ചിൻ ഉണ്ടായിരുന്നില്ല എന്നതാണ് മുമ്പ് സിവിക്കിന് തിരിച്ചടിയായത്. ഇക്കുറി 1.6 ലിറ്റർ ഡീസൽ എഞ്ചിനും 2 ലിറ്റർ പെട്രോൾ എഞ്ചിനും സിവിക്കിനുണ്ടാവും; 6 സ്പീഡ് മാനുവൽ/സിവിടി ഗിയർ ബോക്‌സും. ടൊയോട്ട കൊറോള ആൾട്ടിസ്, സ്‌കോഡ ഒക്‌ടേവിയ എന്നിവയോട് മത്സരിക്കാനാണ് പുതിയ സിവിക്കിന്റെ വരവ്.

വരുന്നത് : 2018 തുടക്കം വില : 15-20 ലക്ഷം രൂപ.


23. റെനോ ക്വിഡ് റേസർ

New vehicles 2018

ഇന്ത്യയുടെ പ്രിയപ്പെട്ട ചെറുഹാച്ച്ബായ്ക്കായ റെനോ ക്വിഡിന്റെ തകർപ്പൻ എഡിഷൻ-റേസർ-ഫെബ്രുവരിയിലെ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കപ്പെടും. ക്ലൈംബർ എന്ന മോഡൽ അടുത്തിടെ വിപണിയിലെത്തിയിരുന്നു. അതിനെക്കാൾ സ്റ്റൈലിഷാണ് റേസർ. രസികൻ ബോഡികിറ്റ്, വലിയ അലോയ്‌വീലുകൾ, ലോപ്രൊഫൈൽ ടയറുകൾ, മെറ്റാലിക് ബ്ലൂ പെയിന്റ് എന്നിവയാണ് സവിശേഷതകൾ. ഡിജിറ്റൽ മീറ്ററുകളും ലെതർ അപ്‌ഹോൾസ്റ്ററിയും പ്രതീക്ഷിക്കാം.
 

വരുന്നത് : 2018 ഫെബ്രുവരി വില : 3.5 ലക്ഷം രൂപ.


24. ഓഡി എസ് ക്യു 7

New vehicles 2018

ക്യു7 എന്ന എസ്‌യുവിയുടെ ഏറ്റവും പവർഫുൾ മോഡലായ എസ്‌ക്യു 7 ഇന്ത്യയിൽ മാർക്കറ്റിലെത്തുന്നതിനു മുന്നോടിയായി റോഡ് ടെസ്റ്റ് തുടങ്ങി. 1.2 കോടി രൂപ വില പ്രതീക്ഷിക്കുന്ന എസ്‌ക്യു7ൽ ഘടിപ്പിച്ചിരിക്കുന്നത് 4 ലിറ്റർ ഡീസൽ എഞ്ചിനാണ്. 435 ബിഎച്ച്പി എഞ്ചിനാണിത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 4.8 സെക്കന്റുമതി, 100 കിമീ വേഗതയെടുക്കാൻ. 20 ഇഞ്ചാണ് ടയറുകൾ.

വരുന്നത് : 2018 മധ്യം വില : 1.2 കോടി രൂപ

25. ഓഡി എ 8

New vehicles 2018

ബാർസലോണയിൽ 2017 ജൂലായിൽ അനാവരണം ചെയ്ത എ8,  ഇന്ത്യയിൽ ഉടനെത്തുമെന്ന് ഉറപ്പായി. പഴയ മോഡലിനെക്കാൾ വലുപ്പം കൂടുക മാത്രമല്ല, അത്യാധുനിക സാങ്കേതിക വിദ്യയാൽ നിബിഡവുമാണ് പുതിയ എ8. മട്രിക് എൽഇഡി ഹെഡ്‌ലാമ്പുകൾ എ8ൽ നിലനിർത്തിയിട്ടുണ്ട്. ഉള്ളിൽ വളരെ കുറച്ച് സ്വിച്ചുകൾ മാത്രം. 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഡാഷ്‌ബോർഡ് നിറഞ്ഞുനിൽക്കുന്നു. 286ബിഎച്ച്പി ഡീസൽ, 340 ബിഎച്ച്പി പെട്രോൾ എന്നിവ കൂടാതെ ഒരു 3 ലിറ്റർ പെട്രോൾ എഞ്ചിനോടു കൂടിയ ഇലക്ട്രിക് മോട്ടോർ മോഡലും ആഗോള വിപണിയിലുണ്ട്.

വരുന്നത് : 2018 മധ്യം വില : .5 - 2 കോടി രൂപ.

26. ബെൻസ് എ ക്ലാസ് സെഡാൻ

New vehicles 2018

ബെൻസ് 'എ' ക്ലാസ് എന്ന ഹാച്ച് ബായ്ക്ക് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2013ലാണ്. 2015ൽ ഫേസ്‌ലിഫ്‌റ്റോടുകൂടിയ എ ക്ലാസ് വന്നു. ഇനി വരുന്നത് എ ക്ലാസിന്റെ സെഡാനാണ്. 'കോൺസെപ്റ്റ് എ' സെഡാനിൽ നിന്നാണ് ഈ സെഡാൻ ജനിക്കുന്നത്. 'എ' സെഡാന്റെ ഒരു ലോങ്‌വീൽ ബെയ്‌സ് വേരിയന്റുമുണ്ടെങ്കിലും അത് ഇന്ത്യയിൽ വരുമോ എന്നു വ്യക്തമല്ല.

വരുന്നത് : 2018 ഒടുവിൽ  വില : 30-32 ലക്ഷം രൂപ

 

27. വോൾവോ എക്‌സ് സി 40

New vehicles 2018

2018 തുടക്കത്തിൽ ആഗോള വിപണിയിലെത്തുന്ന വോൾവോയുടെ ചെറു എസ്‌യുവി -എക്‌സ് സി 40- ഏറെത്താമസിയാതെ ഇന്ത്യയിലുമെത്തും. വോൾവോയുടെ ആദ്യ ചെറു എസ്‌യുവിയാണിത്. മറ്റ് എക്‌സ് സി മോഡലുകളുടെ പ്ലാറ്റ്‌ഫോമിലല്ല എക്‌സ് സി 40 പിറന്നുവീണിരിക്കുന്നത്. എന്നാൽ സുരക്ഷാ- ആഢംബരങ്ങൾക്കൊന്നും ഒരു കുറവുമില്ല. ഡി4 ഡീസൽ, ടി 5 പെട്രോൾ എഞ്ചിനുകൾ കൂടാതെ ഒരു ഹൈബ്രിഡ് എഞ്ചിനുമുണ്ടാകും. ഓഡി ക്യു 3, ബിഎംഡബ്ല്യു എക്‌സ് 1, ബെൻസ് ജിഎൽഎ എന്നിവയായിരിക്കും വിപണിയിലെ പ്രധാന എതിരാളികൾ.

വരുന്നത് : 2018 ജൂൺ  വില : 20-25 ലക്ഷം രൂപ.


28. ബെൻസ് സി ക്ലാസ്

New vehicles 2018

ബെൻസിന്റെ ജനപ്രിയ സെഡാനായ 'സി' ക്ലാസിന്റെ പുതുമോഡൽ 2018 മാർച്ചിലെ ജനീവ ഓട്ടോഷോയിൽ അനാവരണം ചെയ്യും. പുതിയ 2 ലിറ്റർ ഡീസൽ എഞ്ചിൻ കൂടാതെ 2 ലിറ്റർ പെട്രോൾ എഞ്ചിനുമുണ്ടാവും. ഇ ക്ലാസിനു സമാനമായ എൽഇഡി ഹെഡ്‌ലാമ്പ്, പുതുക്കിയ ബമ്പർ, പുതിയ എയർഇൻടേക്കുകൾ, സ്റ്റൈലിഷ് ഗ്രിൽ, കൂടുതൽ ക്രോമിയം മിനുക്കു പണികൾ എന്നിവ 'സി' ക്ലാസിന്റെ പുതുമോഡലിന്റെ പ്രത്യേകതയാണ്. ഉള്ളിലും നിറയെ മാറ്റങ്ങളാണ്.

വരുന്നത് : 2018 ഒടുവിൽ വില : 40-34 ലക്ഷം രൂപ

29. ജീപ്പ് റെനഗേഡ്

New vehicles 2018

2020 ഓടെ ജീപ്പിന്റെ 5 എസ്‌യുവികൾ ഇന്ത്യയിലുണ്ടാകുമെന്നാണ് കമ്പനി മേധാവികൾ പറയുന്നത്. അതിന്റെ ഭാഗമായി അടുത്തവർഷം വരുന്നത് കോംപസിന്റെ അനിയനായ റെനഗേഡ് ആണ്. 4.2 ലിറ്റർ നീളമുള്ള റെനഗേഡിന്റെ വലിപ്പവും മറ്റും ഹ്യുണ്ടായ് ക്രെറ്റയ്ക്ക് സമമാണ്. 2 ലിറ്റർ, 140 ബിഎച്ച്പി ഡീസലും 1.4 ലിറ്റർ പെട്രോളുമായിരിക്കും എഞ്ചിനുകൾ. 4 വീൽ ഡ്രൈവ് ഓപ്ഷണലായി ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ എന്നിവയോടായിരിക്കും മത്സരിക്കുക.

വരുന്നത് : 2018 ഒടുവിൽ വില : 10-18 ലക്ഷം രൂപ.

30. ലെക്‌സസ് എൻ എക്‌സ്

New vehicles 2018

2017 മാർച്ചിലാണ് ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്റായ ലെക്‌സസ് മൂന്നു മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഇനി വരുന്നത് എൻഎക്‌സ് 300 എച്ച് എന്ന ഹൈബ്രിഡ് എസ്‌യുവിയാണ്. അടുത്തവർഷമാദ്യം ഇന്ത്യയിൽ വിൽപന തുടങ്ങുന്ന എൻഎക്‌സ് 300 എച്ച് ന്റെ വില 60 ലക്ഷം രൂപയോളമായിരിക്കും. 2.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തെ ചലിപ്പിക്കുക. രണ്ടുംകൂടി 194 ബിഎച്ച്പി പവർ നൽകും. ബെൻസ് ജിഎൽഎ, ഓഡി ക്യു3 എന്നിവയായിരിക്കും എതിരാളികൾ.

വരുന്നത് : 2018 ജനുവരി  വില : 60 ലക്ഷം രൂപ.


31. റേഞ്ച് റോവർ വെലാർ

New vehicles 2018

5 ലക്ഷം രൂപയുടെ റേഞ്ച്‌റോവർ എസ്‌യുവി- വെലാർ അടുത്തവർഷം തുടക്കത്തിൽ ഇന്ത്യയിൽ വിൽപനയാരംഭിക്കുന്നു പോർഷെ മകാൻ ആയിരിക്കും പ്രധാന എതിരാളി. ഇവോക്കിനും റേഞ്ച്‌റോവർ സ്‌പോർട്ടിനും ഇടയിലായിരിക്കും  വെലാറിന്റെ സ്ഥാനം. 2 ലിറ്റർ, 250 ബിഎച്ച്പി പെട്രോൾ, 2 ലിറ്റർ, 240 ബിഎച്ച്പി ഡീസൽ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾവീൽ ഡ്രൈവും വെലാറിനുണ്ടാവും. 10 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഉള്ളിലെ താരം.

വരുന്നത് : 2018 തുടക്കം വില : 79 ലക്ഷം-1.20 കോടി രൂപ

 

ഈ പംക്തിയിലെ മറ്റ് വാഹന വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

തീയ്യില്‍ കുരുത്ത നെക്സോണ്‍

എസ്റ്റേറ്റ് തരംഗവുമായി വോള്‍വോ വി 90 ക്രോസ് കൺട്രി

Follow Us:
Download App:
  • android
  • ios