Asianet News MalayalamAsianet News Malayalam

നികുതി വെട്ടിച്ച് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു തുടങ്ങി

  • നികുതി വെട്ടിച്ച് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു തുടങ്ങി
  • ഇന്ന് പിടിച്ചെടുത്തത് ആറെണ്ണം
Pondicheri registration vehicles Seized

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന നടപടി തുടങ്ങി. ഇന്ന് ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ചില വാഹനങ്ങള്‍ നികുതി അടച്ച ശേഷം ഉടമകള്‍ക്ക് തിരിച്ച് നല്‍കി.

കോഴിക്കോട് ,വയനാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട കൊല്ലം ജില്ലകളില്‍ നിന്നാണ് നികുതി വെട്ടിച്ച് പോണ്ടിച്ചേരി രജിസ്ട്രേഷനില്‍ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും നികുതിഅടക്കാത്തവര്‍ക്കെതിരെയാണ് നടപടി.റെയ്ഞ്ച് റോവര്‍, മെര്‍സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര വാഹനങ്ങളാണ് പിടികൂടിയതില്‍ മിക്കവയും.

Pondicheri registration vehicles Seized

വെള്ളിയാഴ്ച മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കിയത്. നികുതിയും പിഴയും അടച്ച ശേഷം കേരള രജിസ്ട്രേഷനിലേക്ക് വാഹനം മാറ്റണം. ഇങ്ങിനെ ചെയ്താല്‍ വാഹനം തിരിച്ച് നല്‍കും. സംസ്ഥാനത്തെ പ്രമുഖരുള്‍പ്പെടെ ആഡംമ്പര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി അടക്കാന്‍ പലതവണ നോട്ടീസും നല്‍കി  എന്നിട്ടും വീഴ്ച വരുത്തിയതോടെയാണ് വാഹനം പിടിച്ചെടുക്കുന്ന നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയത്.

സിനിമാ താരങ്ങളായ സുരേഷ് ഗോപി, അമല പോൾ, ഫഹദ് ഫാസിൽ എന്നിവർക്കെതിരെ നേരത്തെ  പോണ്ടിച്ചേരിയിൽ വ്യാജമായി വാഹനം രജിസ്റ്റർ ചെയ്തതിന് കേസെടുത്തിരുന്നു. സിനിമ താരങ്ങള്‍ക്കൊപ്പം പ്രമുഖ വ്യക്തികള്‍ ഉൾപ്പെടെയുള്ളവർ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഗതാഗത വകുപ്പ് നടപടികൾ ശക്തമാക്കിയത്.

വെട്ടിപ്പു തടയാൻ എറണാകുളം കേന്ദ്രമാക്കി പ്രത്യേക ഓഫിസ് സജ്ജമാക്കിയിരുന്നു. പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1,500 വാഹനങ്ങളുടെ രേഖകൾ വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സർക്കാരിനു 300 കോടിയുടെ നഷ്ടം വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫഹദ് ഫാസിൽ നികുതി അടച്ച് തല ഊരിയെങ്കിലും അമല പോൾ അതിനു തയ്യാറായിരുന്നില്ല.  17.68 ലക്ഷം രൂപയാണ് ഫഹദ് നികുതിയിനത്തില്‍ അടച്ചത്. സുരേഷ് ഗോപി ജാമ്യത്തിലാണ്.

Pondicheri registration vehicles Seized

കോടിയേരി അബദ്ധത്തില്‍ തുറന്ന ഭൂതം
ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദകാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര്‍ കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.

Pondicheri registration vehicles Seized

തട്ടിപ്പ് ഇങ്ങനെ
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യും.

പോണ്ടിച്ചേരി തെരഞ്ഞെടുക്കുന്നതിനു പിന്നില്‍
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 18.75 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമുണ്ട്.

Pondicheri registration vehicles Seized

ഇന്ത്യയില്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം, സ്ഥിര താമസക്കാരാകണമെന്ന് മാത്രം
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍ എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios