Asianet News MalayalamAsianet News Malayalam

പോണ്ടിച്ചേരി രജിസ്ട്രേഷന്‍; ഇനി കുടുങ്ങുന്നത് ഇവര്‍ മാത്രമല്ല

Pondichery vehicle ragistration issue
Author
First Published Jan 16, 2018, 6:24 PM IST

തിരുവനന്തപുരം: പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കേസുകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് സൂചന. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ കാറുകൾ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെൽ. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക നിലവില്‍ മോട്ടോർവാഹന വകുപ്പ് തയാറാക്കി. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇങ്ങനെ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

ഇത്തരം കാറുടമകളുടെ കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. പിവൈ–01, പിവൈ–03, പിവൈ–05 ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടികയാണു ശേഖരിക്കുന്നത്. ഇതിൽ, പിവൈ–03 മാഹി റജിസ്ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലെയുമാണ്. നേരത്തേ, 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകളുടെ നികുതി വെട്ടിപ്പാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഇപ്പോൾ, 50 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളുടെ കണക്കാണു ശേഖരിക്കുന്നത്.

പോണ്ടിച്ചേരിയിൽ പതിനായിരത്തിലേറെ വാടകവീടുകൾ മാത്രമേയുള്ളൂവെന്നും അപ്പോൾ 23,000 പേർ അവിടെ എങ്ങനെ വാടകവീട്ടിൽ താമസിക്കുന്നുവെന്നത് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത് പ്രതികരിച്ചു. കുറച്ച് പേര്‍ നേരായ മാര്‍ഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാണെന്നും ഐജി കൂട്ടിച്ചേര്‍ത്തു. മാഹിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ പലതും അത്തരത്തിൽപെടും. എങ്കിലും ഇരുപതിനായിരത്തിലേറെ വാഹനങ്ങൾ നികുതിവെട്ടിച്ച പട്ടികയിൽ വരുമെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം.

പട്ടിക ഉടൻ മോട്ടോർവാഹന വകുപ്പിനു കൈമാറും. ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്താൽ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭിക്കാന്‍ സാധിക്കുക. ഇതേ വാഹനത്തിന് കേരളത്തിൽ 20 ലക്ഷം രൂപ നികുതി നൽകണം. നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ 11 കാർ ഡീലർമാർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ആഡംബര കാർ ഷോറൂം മാനേജർമാരെ പ്രതിയാക്കിയാണു കേസ്.  കൊച്ചിയിലെ ഒരു ഷോറൂമിൽനിന്നു കഴിഞ്ഞ രണ്ടുവർഷത്തിനിടെ വിറ്റ 46 കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്ന് ഐജി. മറ്റ് 20 കാർ ഡീലർമാരുടെ പങ്കും അന്വേഷണത്തിലാണ്.

നോട്ടിസ് നൽകിയിട്ടും പിഴയും നികുതിയും അടയ്ക്കാത്ത പുതുച്ചേരി റജിസ്ട്രേഷൻ വാഹനങ്ങൾ പിടിച്ചെടുക്കാനും റവന്യു റിക്കവറി ആരംഭിക്കാനും ആർടിഒമാർക്കു ഗതാഗത കമ്മിഷണർ  നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച 2356 ആഡംബര കാറുകളിൽ അറുനൂറിലേറെ എണ്ണത്തിന്റെ ഉടമകൾക്ക് മോട്ടോർവാഹന വകുപ്പ് നോട്ടിസ് നൽകിയിരുന്നു. നികുതിയും പിഴയും അടയ്ക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.

കോടിയേരി അബദ്ധത്തില്‍ തുറന്ന ഭൂതം
ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദകാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര്‍ കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.

തട്ടിപ്പ് ഇങ്ങനെ
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യും.

പോണ്ടിച്ചേരി തെരഞ്ഞെടുക്കുന്നതിനു പിന്നില്‍
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 18.75 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമുണ്ട്.

ഇന്ത്യയില്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം, സ്ഥിര താമസക്കാരാകണമെന്ന് മാത്രം
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍ എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios