Asianet News MalayalamAsianet News Malayalam

പോർഷെ പറയുന്നു: "വരൂ രാജാവാകൂ"

Porsche review
Author
First Published Nov 2, 2017, 2:38 PM IST

Porsche review

ജീവിതം മടുക്കുമ്പോൾ ഒരു പോർഷെ ഓടിച്ചാൽ മതി. അതോടെ എല്ലാ വിഷാദങ്ങളും ദൂരെപ്പോയ് മറയുന്നു. നമ്മൾ രാജാവായി മാറുന്നു. ചുറ്റുമുള്ള കണ്ണുകളെല്ലാം നമ്മുടെ നേരെ തിരിയുന്നു. ഞൊടിയിടയിൽ നമ്മൾ ശ്രദ്ധാകേന്ദ്രമാകുന്നു. അങ്ങനെ ജീവിതത്തിന്റെ 'ലൈംലൈറ്റി'ലേക്ക് നമ്മൾ തിരികെയെത്തുന്നു. അടുത്തിടെ ഞാൻ അങ്ങനെയൊന്ന് ശ്രദ്ധാകേന്ദ്രമായി. പോർഷെ 911 കരേര എസ് എന്ന 2 സീറ്റർ കാബ്രിയോലെയാണ് എന്നെ കൊച്ചിയുടെ ലൈംലൈറ്റിലെത്തിച്ചത്. കരേരയുടെ പിന്നാലെ കണ്ണുകൾ പാഞ്ഞു. പലരും ശ്വാസമടക്കിപ്പിടിച്ച് ആ ഹുങ്കാര ശബ്ദത്തിന് കാതോർത്തു. റൂഫ് മാറ്റി കൺവർട്ട് ചെയ്ത് ഓടിക്കുമ്പോൾ ഫ്രീക്കന്മാർ ബൈക്കിൽ ക്ലേശപ്പെട്ട് ഒപ്പമെത്തി ഫോട്ടോ എടുക്കാൻ മത്സരിച്ചു. വരൂ.. രാജാവാകൂ- പോർഷെ നമ്മളോട് പറയുന്നു.

Porsche review

പോർഷെ 911
പോർഷെയുടെ പടക്കുതിരയാണ് 911. 1963 മുതൽ പോർഷെയുടെ വിജയക്കുതിപ്പിന് ശക്തി പകരുകയാണ് 911. കൂപ്പെ, കാബ്രിയോലെ, ടർഗ എന്നിങ്ങനെ പല വകഭേദങ്ങളിൽ 911 പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ടർബോ ഒഴിച്ചുള്ള 911 മോഡലുകൾ കരേര എന്നാണ് അറിയപ്പെടുന്നത്. അവയിൽ, ഇന്ത്യയിൽ ലഭ്യമായതിൽ ഏറ്റവും എഞ്ചിൻ പവറുള്ള മോഡലാണ് കരേര എസ്. കരേരയുടെ എഞ്ചിൻ പവർ 370 ബിഎച്ച്പിയാണെങ്കിൽ കരേര എസ്-ന്റേത് 420 ബിഎച്ച്പി യാണ്.

കാഴ്ച
തവളക്കണ്ണനാണ് 911. തുറിച്ചുനോക്കുന്ന ഹെഡ്‌ലൈറ്റുകൾ ഓർമ്മിപ്പിക്കുന്നത് അതാണ്. പരന്ന് വിസ്തൃതമായ ബോണറ്റിൽ ഉയർന്നു നിൽക്കുന്ന ഏകഭാഗവും തവളക്കണ്ണുകളെ ഓർമ്മിപ്പിക്കുന്ന ഹെഡ്‌ലാമ്പുകൾ തന്നെ. ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഇവ. പോർഷെയുടെ പുതിയ ഫോർ ഡോട്ട് ലൈറ്റ് സിഗ്നേച്ചറാണ് 911 കരേര എസിലും കൊടുത്തിരിക്കുന്നത്. നാല് കുത്തുകൾ പോലെ തോന്നിക്കുന്ന ഭാഗങ്ങളിൽ നിന്ന് പ്രസരിക്കുന്ന പ്രകാശം അത്യുജ്ജ്വലമെന്നേ പറയേണ്ടു.

തടസ്സങ്ങളൊന്നുമില്ലാതെ ഒഴുകിയിറങ്ങുന്ന ബമ്പറിനു താഴെ ഇന്റഗ്രേറ്റഡ് ബമ്പറുണ്ട്. ഗ്രില്ലെന്നോ എയർഡാമെന്നോ വിളിക്കാവുന്ന ഭാഗം കൂടിയാണിത്. അതിനുമേലെ ഇരുവശത്തുമായി ചന്ദനക്കുറി വരച്ചതുപോലെ ഡേടൈം റണ്ണിങ് ലാമ്പുകൾ കാണാം. വളരെ താഴ്ന്ന പ്രൊഫൈലല്ല കരേരയ്ക്ക് എന്ന് മുന്നിൽ നിന്നും നോക്കുമ്പോൾ തന്നെ മനസ്സിലാകും. ഒരു ചെറിയ കല്ല് റോഡിൽ കിടന്നാൽ പോലും ബമ്പറിന്റെ അടിവശം ഉയരുന്ന സ്വഭാവമാണ് പൊതുവെ സ്‌പോർട്‌സ് കാറുകൾക്ക്. എന്നാൽ കരേര നമ്മുടെ റോഡുകൾക്കു ചേരുന്ന സ്‌പോർട്‌സ് കാറാണെന്ന് ഈ ഗ്രൗണ്ട് ക്ലിയറൻസ് വിളിച്ചു പറയുന്നുണ്ട്.

എഞ്ചിൻ പിന്നിലായതു കൊണ്ട് ബോണറ്റ് തുറന്നാൽ കാണുന്നത് സ്‌പെയർവീലാണ്.

അതോടൊപ്പം വളരെ ചെറിയ ഒരു ബാഗോ മറ്റോ സൂക്ഷിക്കാൻ പറ്റിയാലായി. സൈഡ് പ്രൊഫൈലിൽ നിറഞ്ഞുനിൽക്കുന്നത് വീൽ ആർച്ചാണ്. ബോണറ്റ് മുതൽ തന്നെ വീൽ ആർച്ച് തുടങ്ങുകയാണെന്നു പറയാം. 20 ഇഞ്ച് ടയറുകൾ മനോഹരമായ അലോയ്‌വീലിൽ ചുറ്റിത്തിരിയുന്നു. പിൻഭാഗത്തേക്കു വരുമ്പോൾ കാഴ്ചയിൽ ഹെവിനൈസ് കൂടി വരികയാണ് കരേരയ്ക്ക്. അതിനു കാരണം പിൻവീൽ ആർച്ച് തന്നെയാണെന്നു തോന്നുന്നു. കൺവർട്ട് ചെയ്ത റൂഫ് മാറ്റുമ്പോഴാണ് ഈ രൂപഭംഗി ഏറ്റവും ആസ്വദിക്കാൻ കഴിയുക.

Porsche review

പിൻഭാഗം എഞ്ചിനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.  എഞ്ചിൻ കവറിൽ കാണുന്ന വെർട്ടിക്കൽ ഗ്രിൽസ്ലാറ്റുകൾ പഴയ മോഡലിൽ ഉണ്ടായിരുന്നില്ല. കാർബൺ ഫൈബറിന്റെ ചില പ്രയോഗങ്ങളും പിന്നിലുണ്ട്. റിയർ സ്‌പോയ്‌ലർ സ്വിച്ചിട്ടാൽ ഉയരും. അത് കരേരയെ കൂടുതൽ സ്‌പോർട്ടിയാക്കുന്നുണ്ട്. 3ഡി എൽഇഡി ടെയ്ൽ ലാമ്പുകളാണ് മറ്റൊരു ആകർഷണം കറുത്ത ക്ലാഡിങ്ങിനു നടുവിലെ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ കൂടിയാകുമ്പോൾ കരേരയുടെ ഡിസൈൻ പൂർണ്ണമാകുന്നു. മുൻ മോഡലിനെക്കാൾ ഭാരം കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് പുതിയ കരേരയുടൈ പ്ലസ് പോയിന്റ്  ഇപ്പോൾ 1530 കിലോ മാത്രമാണ് കരേരയുടെ ഭാരം.

ഉള്ളിൽ
സർവം തികഞ്ഞ ഒരു സ്‌പോർട്‌സ് കാറിന്റെ ഉൾഭാഗത്തെയാണ് കരേര എസ് ഓർമ്മിപ്പിക്കുന്നത്. ബക്കറ്റ് സീറ്റുകളും സ്റ്റിയറിങ് വീലും 918 സ്‌പൈഡറിൽ നിന്ന് കടം കൊണ്ടതാണെന്നറിയുമ്പോൾ ഏതൊരു വാഹന പ്രേമിയുടേയും മനസ്സിൽ ലഡു പൊട്ടും. സ്റ്റിയറിങ് വീലൊരു കലാശിൽപമാണ് അലൂമിനിയത്തിന്റെ മൂന്നു സ്‌പോക്കുകളോടു കൂടിയ സ്റ്റിയറിങ് വീലിൽ പോർഷെയുടെ ലോഗോ കാണുമ്പോൾ ആവേശം അണപൊട്ടി ഒഴുകും.
ടച്ച് സ്‌ക്രീനിന് ഫ്രെയിമില്ല എന്നത് കൗതുകകരമാണ്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഇപ്പോൾ ആപ്പിൾ കാർപ്ലേയും കൊടുത്തിട്ടുണ്ട് എന്നത് മറ്റൊരു പുതുമ.

Porsche review

ചുവപ്പിന്റെ ഭംഗിയാണ് ഇന്റീരിയറിന്. ഇടയ്ക്കിടെ കാണുന്ന ക്രോമിയം ഇൻസർട്ടുകൾ ഭംഗി കൂട്ടുന്നുണ്ട്. മഞ്ഞ നിറത്തിന്റെ പശ്ചാത്തല ഭംഗിയുള്ള മൂന്നു ഡയലുകളാണ് മീറ്റർ ക്ലസ്റ്ററിലുള്ളത്. അതും വളരെ സ്‌പോർട്ടിയായിട്ടുണ്ട്.
ഗിയർ ലിവറിലടക്കം 911 ബാഡ്ജിങ്ങുണ്ട്. അതിനു താഴെ സ്‌പോർട്ട് മോഡിന്റെയും എക്‌സ്‌ഹോസ്റ്റ് നോട്ടിന്റെയുമൊക്കെ സ്വിച്ചുകൾ. നടുവിലായി കാണുന്ന സ്വിച്ചിട്ടാൽ സെക്കന്റുകൾ കൊണ്ട് റൂഫ് മടങ്ങി ഇല്ലാതാകുന്നു.

എഞ്ചിൻ
3.4, 3.8 ലിറ്റർ എഞ്ചിനുകളുണ്ടായിരുന്ന പഴയ 911ൽ നിന്നും വ്യത്യസ്തമായി 2981 സിസി, ട്വിൻ ടർബോ എഞ്ചിനാണ് പുതിയ കരേര എസിലുള്ളത്. 420ബിഎച്ച്പി എഞ്ചിനാണിത്. 500 ന്യൂട്ടൺ മീറ്ററാണ് മാക്‌സിമം ടോർക്ക്. 3.9 സെക്കന്റ് മതി 100 കി.മീ വേഗതയെടുക്കാൻ. ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ഓപ്ഷണൽ സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റിൽ നിന്ന് ഹുങ്കാരശബ്ദം ഉയർന്നു തുടങ്ങുന്നു. 7 സ്പീഡ് പിഡികെ ഡ്യുവൽ ക്ലച്ച് ഗിയർ ബോക്‌സ് സ്മൂത്തായി ഗിയർഷിഫ്റ്റാരംഭിക്കുന്നു. ത്രോട്ട്ൽ ഔട്ട്പുട്ടിനനുസരിച്ച് ഗിയർ ഷിഫ്റ്റു ചെയ്യുന്നത് അനുഭവവേദ്യമാകും.

നേർരേഖ പോലെയുള്ള റോഡിൽ ഫുൾത്രോട്ടിൽ കൊടുക്കുക. അതാണ് രസം, അതാണ് ഹരം. കരേര ചാട്ടുളി പോലെ പായും. എന്നാൽ ഗ്രിപ്പ് നഷ്ടപ്പെടുകയോ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയോ ഇല്ല.

ഒരു തികഞ്ഞ മാന്യൻ. ജെന്റിൽമാൻ. സ്റ്റിയറിങ്ങിന്റെ പ്രകടനം അത്യുഗ്രൻ.പഴയ മോഡലിനെക്കാൾ 20 ബിഎച്ച്പി കൂടിയത് അറിയാനുണ്ട്. ടോർക്ക് അങ്ങനെ ഞെരിപിരികൊണ്ടു നിൽക്കുകയാണ് കാൽക്കീഴിൽ. 6500-7000 ആർപിഎം വരെ എഞ്ചിൻ ഇതേ കാര്യക്ഷമത കാണിച്ച് നിലകൊള്ളും. സ്‌പോർട്ട് പ്ലസ് എന്ന മോഡിൽ ഈ ചടുലത വർദ്ധിക്കുന്നുമുണ്ട്. പോർഷെ ആക്ടിവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് സിസ്റ്റവും താഴ്ന്ന പ്രൊഫൈലുമെല്ലാം ചേർന്ന് ഒരിക്കലും കൈവിടാത്ത ഗ്രിപ്പും സുരക്ഷിതത്വവും നൽകുന്നു.

54 വർഷം കൊണ്ട് പുതുക്കിപ്പണിതു പണിത് കൈക്കുറ്റപ്പാട് തീർത്തതാണ് 911ന്റെ ഓരോ പുതിയ മോഡലും

'പെർഫെക്ട് ' എന്ന വാക്ക് അന്വർത്ഥമാക്കുന്ന മോഡലുകളാണിപ്പോൾ 911 ശ്രേണിയിലുള്ളത്. 1.80 കോടി രൂപയാണ് 911 കരേര എസ് കാബ്രിയോലെയുടെ കൊച്ചി എക്‌സ് ഷോറൂം വില.

Porsche review

ഈ പംക്തിയിലെ മറ്റ് വാഹന വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

തീയ്യില്‍ കുരുത്ത നെക്സോണ്‍

എസ്റ്റേറ്റ് തരംഗവുമായി വോള്‍വോ വി 90 ക്രോസ് കൺട്രി

യൂറോപ്യന്‍ സൗന്ദര്യം ആവാഹിച്ച് പുത്തന്‍ വെര്‍ണ

ലെക്‌സസ്; ആഢംബരത്തിന്‍റെ രാജകുമാരന്‍

Follow Us:
Download App:
  • android
  • ios