Asianet News MalayalamAsianet News Malayalam

കോടികള്‍ മുടക്കി ലംബോര്‍ഗിനി വാങ്ങിയ പൃഥ്വിരാജിന് കിട്ടിയത് മുട്ടന്‍പണി!

  • കോടികള്‍ മുടക്കി ലംബോര്‍ഗിനി വാങ്ങി
  • തറവാട്ട് വീട്ടിലേക്ക് കയറ്റാനാവില്ല
Prithviraj lamborgini follow up

മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് കോടികള്‍ മുടക്കി ലംബോർഗിനി ഹുറാകാന്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാഹന - സിനിമാ ലോകങ്ങളില്‍ ചൂടന്‍ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎൽ–7–സിഎൻ–1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി അടച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്തതുമെല്ലാം മലയാളികള്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്.  എന്നാല്‍ ഇപ്പോഴിതാ ഈ ലംബോര്‍ഗിനി എത്തുന്നത് പുതിയൊരു കൗതുക വാര്‍ത്തയുമായിട്ടാണ്.  

തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് ഈ കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച പൃഥ്വിക്ക് കിട്ടിയ എട്ടിന്‍റെ പണിയാണ് ആ വാര്‍ത്ത. തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള വഴി തീരെ മോശമാണെന്നും ലംബോര്‍ഗിനി കൊണ്ടുവന്നാല്‍  വാഹനത്തിന്റെ അടിവശം തട്ടാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കി ശ്രമം ഉപേക്ഷിച്ചതായാണ് വാര്‍ത്ത. പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും കാര്‍ നേരത്തെ കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതിയ കാര്‍ കൊണ്ടുവരാത്തതെന്താണെന്ന് താന്‍ പൃഥ്വിയോട് ചോദിച്ചിരുന്നു. ആദ്യം റോഡ്  നന്നാക്കാന്‍ നോക്കൂവെന്നായിരുന്നു രാജുവിന്റെ മറുപടി.

വര്‍ഷങ്ങളായി റോഡ് മോശമായിരിക്കുകയാണ്. നേരത്തെ മിനി ബസ് പോയിരുന്ന റോഡാണിത്. എല്ലാവരും ചേര്‍ന്ന് നിവേദനം നല്‍കിയിരുന്നു. എം എല്‍ എയും കൗണ്‍സിലര്‍മാരും ഇത്തവണ റോഡ് നന്നാക്കി തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഹുറേകാന്‍ കാറുകളുടെ ഹൃദയം. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റ്' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റ് സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ വിപണിയിലെത്തുന്നു.

ഒരേ എന്‍ജിനില്‍ വ്യത്യസ്ത ട്യൂണിങ് എന്നതാണ് ഹുറേകാന്‍ വകഭേദങ്ങളഉടെ പ്രധാന പ്രത്യേകത. ഹുറേകാന്‍ പെര്‍ഫോമെന്റെയില്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

മലയാള ചലച്ചിത്ര താരങ്ങളിൽ ലംബോർഗിനി കാർ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.  മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചു എന്ന ആരോപണം നേരിടുന്നതിനിടയിലാണ് ലക്ഷങ്ങള്‍ നികുതിയിനത്തില്‍ അടച്ചുകൊണ്ടുള്ള പൃഥ്വിരാജ് വാഹനം രജിസ്റ്റര്‍ ചെയ്തത്.

 

Follow Us:
Download App:
  • android
  • ios