Asianet News MalayalamAsianet News Malayalam

വില 6.95 കോടി, ആവശ്യക്കാരിലേറെയും സ്‍ത്രീകള്‍, നല്‍കാന്‍ വാഹനമില്ലാതെ കമ്പനി!

ഏകദേശം 6.95 കോടി രൂപയോളമാണ് ഈ വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ്‌ ഷോറൂം വില. എന്നാല്‍ കൗതുകം അതല്ല, ബുക്കിങ്ങ് ഉയര്‍ന്നതിനെ തുടര്‍ന്ന് നല്‍കാന്‍ വാഹനമില്ലാത്ത അവസ്ഥായാണ് ഇപ്പോള്‍ എന്നാണ് പുതിയ വാര്‍ത്തകള്‍. 

Rolls Royce Cullinan SUV demand is huge report
Author
Mumbai, First Published Feb 20, 2019, 5:14 PM IST

റോള്‍സ് റോയ്സ് നിരയിലെ ആദ്യ എസ്‍യുവിയായ 'കള്ളിനന്‍' ഇന്ത്യയിലെത്തുന്നു എന്ന വാര്‍ത്തകള്‍ വന്നത് അടുത്തകാലത്താണ്. വാഹനത്തിന്‍റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഏകദേശം 6.95 കോടി രൂപയോളമാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. എന്നാല്‍ കൗതുകം അതല്ല, ബുക്കിങ്ങ് ഉയര്‍ന്നതിനെ തുടര്‍ന്ന് നല്‍കാന്‍ വാഹനമില്ലാത്ത അവസ്ഥായാണ് ഇപ്പോള്‍ എന്നാണ് പുതിയ വാര്‍ത്തകള്‍. 

വരുന്ന ജൂലൈ മാസം വരെ വാഹനങ്ങള്‍ നല്‍കാനുള്ള ബുക്കിങ് കള്ളിനനിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴും നിരവധി പേര്‍ ബുക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, ഉപയോക്താക്കളുടെ കാത്തിരിപ്പ് നീളുന്നതിന്റെ ആശങ്കയാണത്രെ നിര്‍മ്മാതാക്കള്‍. വാഹനം ബുക്ക് ചെയ്യുന്നവരില്‍ അധികവും സ്ത്രീകളാണെന്നതാണ് വേറൊരു കൗതുകം. യുവാക്കളും ഇതില്‍ മുമ്പന്മാരാണെന്നാണ് കമ്പനിയുടെ അവകാശവാദം. 

വാഹനത്തിന്‍റെ ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം റോള്‍സ് റോയിസ് 200 പുതിയ ജീവനക്കാരെ കൂടി നിയമിച്ചിരുന്നു. നിലവില്‍ 2000 ജീവനക്കാര്‍ വാഹനനിര്‍മാണത്തിനുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ബുക്കിങ് കാലാവധി നീളാനുള്ള പ്രധാനകാരണമെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്.  റോള്‍സ് റോയ്‌സ് ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍റ ഡിസൈന്‍. ഫാന്റത്തിലെ വലിയ ഗ്രില്‍ കള്ളിനനിലുമുണ്ട്. ആഢംബരത്തിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. 

ലോകമാകെയുള്ള അങ്ങേയറ്റം മോശമായ ഭൂപ്രകൃതികളിലൂടെയുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.

പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്ന ഡി ബാക്ക് ശൈലിയിലാണ് പിന്‍ഭാഗം. 600 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. 


ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍.  ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.

വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത.  സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. ബെന്‍റിലി ബെന്റേഗാണ് കള്ളിനന്‍റെ ഇന്ത്യയിലെ മുഖ്യ എതിരാളി.

Follow Us:
Download App:
  • android
  • ios