Asianet News MalayalamAsianet News Malayalam

ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് ഇനിമുതല്‍ ജീവനക്കാര്‍ സല്യൂട്ട് നല്‍കണം

Salute the soldiers in toll plaza
Author
First Published Dec 13, 2017, 10:45 AM IST

ദില്ലി: ടോള്‍ ബൂത്തുകളിലൂടെ സൈനികര്‍ കടന്നുപോകുമ്പോള്‍ ജീവനക്കാര്‍ സല്യൂട്ട് ചെയ്യുകയോ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയോ ചെയ്യണമെന്ന് ദേശീയപാതാ അതോറിറ്റി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലേക്കും ദേശീയപാതാ അതോറിറ്റി അയച്ചു. രാജ്യത്തിനുവേണ്ടി അതുല്യമായ സേവനം നടത്തുന്നവരാണ് സൈനികരെന്നും അതിനാല്‍ അവര്‍ക്ക് ഉയര്‍ന്ന ബഹുമാനം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്ക് ടോള്‍ അടക്കേണ്ടതില്ല. എന്നാല്‍ തങ്ങളോട് ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറുന്നതെന്ന് സൈനികര്‍ ദേശീയ പാതാ അതോറിറ്റിയോട് പരാതിപ്പെട്ടിരുന്നു. തങ്ങള്‍ ഔദ്യോഗിക ജോലികള്‍ക്കായി പോകുമ്പോള്‍ പോലും ജീവനക്കാരില്‍ നിന്ന് പെരുമാറ്റം അസുഖകരമാണെന്ന് സൈനികര്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന സൈനികര്‍ക്ക് നേരെയുള്ള മോശം പെരുമാറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു. ഇനിമുതല്‍ സൈനികരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയിലെ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള എജന്‍സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനോ മാത്രമായിരിക്കും.  ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമമുണ്ടാകില്ല. സൈനികരെ എങ്ങനെ ബഹുമാനിക്കണം എന്ന കാര്യത്തില്‍ ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ പരിശീലനം നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

 

 

Follow Us:
Download App:
  • android
  • ios