Asianet News MalayalamAsianet News Malayalam

നെക്സോണിന്‍റെ ബുക്കിംഗ് കണ്ട് അന്തംവിട്ട് ടാറ്റ

  • നെക്സോണിന്‍റെ ബുക്കിംഗ് കണ്ട് അന്തംവിട്ട് ടാറ്റ
  • ഇതുവരെ ലഭിച്ചത് കാൽലക്ഷത്തോളം ബുക്കിങ്
Tata Nexon get over 25000 bookings

ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി നെക്‌സോണ്‍ വിപണിയില്‍ തരംഗം സൃഷ്‍ടിച്ചു മുന്നേറുന്നു. എതിരാളികളെ അമ്പരപ്പിക്കുന്ന വിലയിലെത്തിയ നെക്‌സോണിന് ഇതുവരെ കാൽലക്ഷത്തോളം ബുക്കിങ് ലഭിച്ചെന്നാണു നിർമാതാക്കളുടെ അവകാശവാദം. ചില കേന്ദ്രങ്ങളിൽ വാഹനം ലഭിക്കാൻ ആറ്, ഏഴ് ആഴ്ച വരെ കാത്തിരിക്കേണ്ട സാഹചര്യവുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 5.85 ലക്ഷം രൂപ മുതല്‍  9.45 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ  ഡല്‍ഹി എക്‌സ്‌ഷോറൂം വില. നെക്സോണ്‍ ശ്രേണിയിലെ മുന്തിയ വകഭേദം എക്സ് സെഡ് പ്ലസ്, എക്സ് ടി എന്നിവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണ് ടാറ്റ പറയുന്നത്.

ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവനയാണ് നെക്‌സോൺ.  പ്രതിയോഗികൾ, സംശയിക്കേണ്ട, ഫോർഡ് ഇക്കോ സ്‌പോർട്ടും മാരുതി വിറ്റാര ബ്രെസയും ഹോണ്ട ഡബ്ല്യു ആർ വിയും തന്നെ. മാരുതി വിറ്റാര ബ്രസയേക്കാൾ അരലക്ഷവും ഫോർഡ് ഇക്കോസ്പോർട്ടിനേക്കാൾ ഒരു ലക്ഷവും കുറവ്. എന്നാൽ സൗകര്യങ്ങളിൽ കൂടുതൽ മികവ്. രണ്ടും കൽപ്പിച്ചാണ് ടാറ്റ നെക്സോണിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. നെക്സോണിന്‍റെ അടിസ്ഥാന മോഡലിനാണ് 5.85 ലക്ഷം രൂപ. കൂടിയ പതിപ്പിന് വില 9.45 ലക്ഷം രൂപയാകും. കാഴ്ചയിൽ കോംപാക്ട് എസ് യു വികളുടെ തനത് 'ബോക്‌സി' രൂപമേയല്ല, നെക്‌സോണിന്. വാഹനം വാങ്ങാനെത്തുന്നവരിൽ 65 ശതമാനത്തോളം പേരും 35 വയസ്സിൽ താഴെയുള്ളവരാണെന്നു കമ്പനി ഡീലർമാരും സാക്ഷ്യപ്പെടുത്തുന്നു.

മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ ഇത്തവണ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് പുറത്തിറക്കിയത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ ക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കും. റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ മറ്റൊരു പുതുമ. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും. അതായത് ഇത് കൈയിൽ വാച്ചു പോലെ ധരിച്ചാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ വേറെ 'കീ' ഉപയോഗിക്കേണ്ടതില്ല.

ഇതുവരെ ഒരു വാഹനത്തിനും കാണാത്ത രൂപഭാവങ്ങളാണ് നെക്‌സോണിന്. എന്നാൽ ചിരിക്കുന്ന ചുണ്ടുകൾ പോലെയുള്ള കറുത്ത നെറ്റഡ് ഗ്രിൽ കാണുമ്പോൾ ഇതൊരു ടാറ്റയുടെ മോഡലാണെന്ന് ബോധ്യപ്പെടും. പ്രൊജക്ടർ ഹെഡ് ലാമ്പുകൾക്ക് നല്ല വലിപ്പമുണ്ട്. അതിനു താഴെ ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, ഗ്രില്ലിനും ഹെഡ്‌ലാമ്പുകൾക്കും താഴെക്കൂടി ഒരു സുന്ദരമായ ക്രോമിയം സ്ട്രിപ്പ് നീളുന്നു. ഇന്റഗ്രേറ്റഡ് ബമ്പറിൽ ചെത്തിയെടുത്ത സ്ലോട്ടിൽ ക്രോമിയം വളയത്തിനുള്ളിൽ ഫോഗ് ലാമ്പുകൾ. അവയ്ക്ക് വെളുത്ത സെറാമിക് ഔട്ട് ലൈനും കൊടുത്തിട്ടുണ്ട്. നെക്‌സോണിന്റെ ബോഡിയിൽ അവിടവിടെയായി സെറാമിക് ഇൻസർട്ടുകളും ലൈനുകളുമുണ്ട്. ലോകത്തിലാദ്യമായി സെറാമിക് പദാർത്ഥങ്ങൾ വാഹനത്തിന്റെ ബോഡിയിൽ ഉപയോഗിക്കുന്നത് നെക്‌സോണിലൂടെ, ടാറ്റാമോട്ടോഴ്‌സാണ്.

ബമ്പറിനു താഴെ കറുത്ത ക്ലാഡിങ്ങിനുള്ളിൽ എയർഡാമുകൾ. അത്ര നീളമില്ലാത്ത ബമ്പറിൽ പവർലൈനുകളും കൊടുത്തിട്ടുണ്ട്.  സൈഡ് പ്രൊഫൈലിൽ ഒരു കൂപ്പെയുടെ സൗന്ദര്യമാണ് നെക്‌സോണിന്. വിൻഡൊ ലൈനിനു താഴെ സെറാമിക് സ്ട്രിപ് ഉടനീളമുണ്ട്. റൂഫിന് കോൺട്രാസ്റ്റ് നിറമാണ്. റൂഫിൽ നിന്ന് അധികം ഉയരാതെ ഗ്രാബ് റെയിൽ കൊടുത്തിട്ടുണ്ട്. 16 ഇഞ്ച് അലോയ്‌വീലും പിയാനോ ബ്ലാക്ക് ഫിനിഷുള്ള ഭാഗവും കറുത്ത ക്ലാഡിങും ഡയമണ്ട് കട്ട് ടെയ്ൽലാമ്പും പിൻഭാഗവും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

ബ്ലാക്ക്, ക്രോമിയം, ബീജ് നിറങ്ങളാണ് ഉള്ളിൽ. ഫ്യൂച്ചറിസ്റ്റിക്കാണ് ഡാഷ്‌ബോർഡിന്റെയും സെന്റർ കൺസോളിന്റെയും മറ്റും ഡിസൈൻ. ക്രോമിയം ലൈൻ  ഡാഷ്‌ബോർഡിലുടനീളം കാണാം. അത്ര വലുതല്ലാത്ത എസി വെന്റുകൾക്കു മേലെ 6.5 ഇഞ്ച് ടച്ച് സ്‌ക്രീൻ. ഈ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ ആൻഡ്രോയ്ഡ് ഓട്ടോ ആപ്പുണ്ട്. കൂടാതെ ഫോൺ മിറർ ലിങ്ക് സിസ്റ്റം, വോയിസ് കമാൻഡ് സിസ്റ്റം എന്നിവയുമുണ്ട്. വാട്‌സ്അപ്പ് മെസേജുകൾ ഇതിൽ വായിക്കാം. മറുപടി പറഞ്ഞാൽ ഇതിലൂടെ സന്ദേശമായി അയക്കപ്പെടുകയും ചെയ്യും.

4 സ്പീക്കറുകളും 4 ട്വീറ്ററുകളുമുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം ലോക നിലവാരമുള്ളതാണ്. ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്‌വീലും മാനുവലായി ക്രമീകരിക്കാം. സീറ്റുകൾക്ക് നല്ല കുഷ്യനിങും തുടസപ്പോർട്ടുമുണ്ട്. കൂടാതെ 31 സ്റ്റോറേജ് സൗകര്യങ്ങളും 350 ലിറ്റർ ബൂട്ട് സ്‌പേസും നെക്‌സോണിനുണ്ട്. മുന്നിലും പിന്നിലും ഹെഡ് റൂമും ലെഗ്‌റൂമും ധാരാളമുണ്ട്. ഇക്കോ, സ്‌പോർട്ട്, സിറ്റി എന്നീ ഡ്രൈവ് മോഡുകളും വാഹനത്തെ വേറിട്ടതാക്കുന്നു. 

Follow Us:
Download App:
  • android
  • ios