Asianet News MalayalamAsianet News Malayalam

കാണികള്‍ക്ക് ഓരോ ക്യാച്ചിനും ഒരു ലക്ഷം; ഐപിഎല്ലില്‍ കിടിലന്‍ ഓഫറുകളമായി ടാറ്റ നെക്സോണ്‍

  • ഐപിഎല്ലില്‍ കിടിലന്‍ ഓഫറുകളമായി ടാറ്റ നെക്സോണ്‍
  • ഐപിഎല്‍ കരാറില്‍ ടാറ്റ മോട്ടോര്‍സും ബിസിസിഐയും ഒപ്പുവെച്ചു
Tata Nexon in IPL

ജനഹൃദയങ്ങള്‍ കീഴടിക്കിക്കൊണ്ടിരിക്കുന്ന ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയാണ് നെക്‌സോണ്‍. എതിരാളികളെ അമ്പരപ്പിക്കുന്ന വിലയിലെത്തി വിപണിയില്‍ തരംഗം സൃഷ്‍ടിച്ചു മുന്നേറുന്ന നെക്സോണിന്‍റെ ചിറകില്‍ ചവിട്ടി ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങി വരികയാണ് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ  ടാറ്റ  മോട്ടോഴ്‍സ്. കുട്ടി ക്രിക്കറ്റ് മാമാങ്കമായ  ഐ പി എല്ലിന്റെ ഔദ്യോഗിക പങ്കാളിയാകുകയാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് പുതിയ വാര്‍ത്തകള്‍. അടുത്ത മൂന്നു വര്‍ഷത്തേക്ക് ടാറ്റ നെക്സോണിനെ ഔദ്യോഗിക ഐപിഎല്‍ പങ്കാളിയാക്കിയുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സും ബിസിസിഐയും ഒപ്പുവെച്ചു.

ഐ പി എൽ 2018 സീസണിൽ  നെക്സോണിനെ മത്സരവേദികളിൽ പ്രദർശിപ്പിക്കാനാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.  ഒപ്പം ഐ പി എൽ മത്സരങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന് പുറമെ, മാച്ചുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കളിക്കാർക്ക് പുരസ്കാരമായി ടാറ്റ നെക്സൺ കാറുകൾ സ്റ്റേഡിയത്തില്‍ വെച്ചു നല്‍കും. ഓരോ മത്സരത്തിലെയും ഏറ്റവും മികച്ച സ്ട്രൈക്കര്‍ക്കാണ് ടാറ്റ നെക്സോണ്‍ സൂപ്പര്‍ സ്ട്രൈക്കര്‍ സമ്മാനം ലഭിക്കുക.

ഒപ്പം കാണികള്‍ക്ക് വേണ്ടി ടാറ്റ നെക്സോണ്‍ ഫാന്‍ ക്യാച്ച് എന്ന കിടിലന്‍ സമ്മാന പദ്ധതിയും ടാറ്റ  ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ സ്റ്റേഡിയത്തിനു പുറത്തേക്ക് പായുന്ന പന്ത് ഗ്യാലറികളിൽ ഒറ്റക്കൈകൊകൊണ്ടു ക്യാച്ച് എടുക്കുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. സീസണില്‍ തന്നെ ഇങ്ങനെ ഏറ്റവും കൂടുതല്‍ ക്യാച്ച് ചെയ്യുന്നവര്‍ക്ക് നെക്‌സോണ്‍  സമ്മാനമായി ലഭിക്കും.

ക്രിക്കറ്റിന്റെ ചിറകിലേറി യുവ ഇടപാടുകാർക്കിടയിൽ ബ്രാൻഡിനെ ശക്തമാക്കാനാണു ശ്രമിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‍സ് പ്രസിഡന്‍റ് മയങ്ക് പരീക്ക് വ്യക്തമാക്കി. ഗ്രൗണ്ടിലും ടിവി സംപ്രേഷണത്തിനിടയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലുമൊക്കെ വിപുലമായ പ്രചാരണ പരിപാടികൾ കമ്പനി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഏഴിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം.

ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവനയാണ് നെക്‌സോൺ. 1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

അമ്പരപ്പിക്കുന്ന വില തന്നെയാണ് നെക്സോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മാരുതി വിറ്റാര ബ്രസയേക്കാൾ അരലക്ഷവും ഫോർഡ് ഇക്കോസ്പോർട്ടിനേക്കാൾ ഒരു ലക്ഷവും കുറവ്. എന്നാൽ സൗകര്യങ്ങളിൽ കൂടുതൽ മികവ്. നെക്സോണിന്‍റെ അടിസ്ഥാന മോഡലിന് 5.85 ലക്ഷം രൂപയാണ് വില. കൂടിയ പതിപ്പിന് വില 9.45 ലക്ഷം രൂപയാകും. കാഴ്ചയിൽ കോംപാക്ട് എസ് യു വികളുടെ തനത് 'ബോക്‌സി' രൂപമേയല്ല, നെക്‌സോണിന്. വാഹനം വാങ്ങാനെത്തുന്നവരിൽ 65 ശതമാനത്തോളം പേരും 35 വയസ്സിൽ താഴെയുള്ളവരാണെന്നു കമ്പനി ഡീലർമാരും സാക്ഷ്യപ്പെടുത്തുന്നു.

Follow Us:
Download App:
  • android
  • ios