Asianet News MalayalamAsianet News Malayalam

തീയ്യില്‍ കുരുത്ത നെക്സോണ്‍

Tata Nexon Review
Author
First Published Aug 15, 2017, 3:53 PM IST

Tata Nexon Review

2014 ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ ടാറ്റാ മോട്ടോഴ്‌സ് പ്രദർശിപ്പിച്ച നെക്‌സോൺ എന്ന വാഹനം കണ്ടപ്പോൾ ഏതോ അന്യഗ്രഹത്തിൽ നിന്നിറങ്ങി വന്നതു പോലെയാണ് തോന്നിയത്. എല്ലാ വർഷവും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നടക്കാറുള്ള വാഹനമേളകളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. 'പ്രോട്ടോടൈപ്പ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇത്തരം മോഡലുകൾക്ക് രണ്ട് തരത്തിലുള്ള അന്ത്യമാണ് പൊതുവെ സംഭവിക്കാറുള്ളത്. ഒന്ന്, ജീവിതം പ്രോട്ടോടൈപ്പായിത്തന്നെ ഒടുങ്ങുക, രണ്ട് പ്രോട്ടോടൈപ്പുമായി പുലബന്ധം പോലുമില്ലാത്ത രൂപത്തിൽ, എന്നാൽ അതേ പേരോടുകൂടി, പ്രൊഡക്ഷൻ കാറായി മാറുക.

എന്നാൽ നെക്‌സോണിനെ കാത്തിരുന്നത് ആ വിധിയൊന്നുമായിരുന്നില്ല

2014 ഫെബ്രുവരിയിൽ കണ്ട ഏതാണ്ട് അതേ രൂപത്തിൽ തന്നെ ഇതാ ആ വാഹനം പ്രൊഡക്ഷൻ കാറായി പുറത്തു വന്നിരിക്കുന്നു. നെക്‌സോണുമായി കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയിലാണ് ഞാനിപ്പോൾ.

Tata Nexon Review

നെക്‌സോൺ
ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവനയാണ് നെക്‌സോൺ. പ്രതിയോഗികൾ, സംശയിക്കേണ്ട, ഫോർഡ് ഇക്കോ സ്‌പോർട്ടും മാരുതി വിറ്റാര ബ്രെസയും ഹോണ്ട ഡബ്ല്യു ആർ വിയും തന്നെ.

എന്നാൽ കാഴ്ചയിൽ കോംപാക്ട് എസ് യു വികളുടെ തനത് 'ബോക്‌സി' രൂപമേയല്ല, നെക്‌സോണിന്.

മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് പുറത്തിറക്കിയത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ ക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. ഇപ്പോൾ എന്‍റെ ചിറകിൻകീഴിൽ അടങ്ങിയൊതുങ്ങി മര്യാദരാമനായി കാണപ്പെടുന്ന നെക്‌സോണിന്‍റെ ജനനവും വളർച്ചയും വെറും കുട്ടിക്കളിയായിരുന്നില്ല എന്നു ചുരുക്കം.

Tata Nexon Review

കാഴ്ച
ഇതുവരെ ഒരു വാഹനത്തിനും കാണാത്ത രൂപഭാവങ്ങളാണ് നെക്‌സോണിന്. എന്നാൽ ചിരിക്കുന്ന ചുണ്ടുകൾ പോലെയുള്ള കറുത്ത നെറ്റഡ് ഗ്രിൽ കാണുമ്പോൾ ഇതൊരു ടാറ്റയുടെ മോഡലാണെന്ന് ബോധ്യപ്പെടും. പ്രൊജക്ടർ ഹെഡ് ലാമ്പുകൾക്ക് നല്ല വലിപ്പമുണ്ട്. അതിനു താഴെ ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, ഗ്രില്ലിനും ഹെഡ്‌ലാമ്പുകൾക്കും താഴെക്കൂടി ഒരു സുന്ദരമായ ക്രോമിയം സ്ട്രിപ്പ് നീളുന്നു.

ഇന്റഗ്രേറ്റഡ് ബമ്പറിൽ ചെത്തിയെടുത്ത സ്ലോട്ടിൽ ക്രോമിയം വളയത്തിനുള്ളിൽ ഫോഗ് ലാമ്പുകൾ. അവയ്ക്ക് വെളുത്ത സെറാമിക് ഔട്ട് ലൈനും കൊടുത്തിട്ടുണ്ട്. നെക്‌സോണിന്റെ ബോഡിയിൽ അവിടവിടെയായി സെറാമിക് ഇൻസർട്ടുകളും ലൈനുകളുമുണ്ട്.

ലോകത്തിലാദ്യമായി സെറാമിക് പദാർത്ഥങ്ങൾ വാഹനത്തിന്റെ ബോഡിയിൽ ഉപയോഗിക്കുന്നത് നെക്‌സോണിലൂടെ, ടാറ്റാമോട്ടോഴ്‌സാണത്രേ

ബമ്പറിനു താഴെ കറുത്ത ക്ലാഡിങ്ങിനുള്ളിൽ എയർഡാമുകൾ കാണാം. അത്ര നീളമില്ലാത്ത ബമ്പറിൽ പവർലൈനുകളും കൊടുത്തിട്ടുണ്ട്.  സൈഡ് പ്രൊഫൈലിൽ ഒരു കൂപ്പെയുടെ സൗന്ദര്യമാണ് നെക്‌സോണിന്. വിൻഡൊ ലൈനിനു താഴെ സെറാമിക് സ്ട്രിപ് ഉടനീളമുണ്ട്. റൂഫിന് കോൺട്രാസ്റ്റ് നിറമാണ്. റൂഫിൽ നിന്ന് അധികം ഉയരാതെ ഗ്രാബ് റെയിൽ കൊടുത്തിട്ടുണ്ട്.

16 ഇഞ്ച് അലോയ്‌വീലിന്‍റെ ഡിസൈൻ സുന്ദരമാണ്. 209 മി.മീ. എന്ന ഈ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ളതുകൊണ്ട് ഒരു എസ്‌യുവി യുടെ 'തലപ്പൊക്കം' നെക്‌സോണിന് ലഭിച്ചിട്ടുണ്ട്. റൂഫ് ലൈൻ ചെരിഞ്ഞിറങ്ങി വീതിയുള്ള 'സി' പില്ലറിൽ ലയിച്ചു തീരുന്നതാണ്. നെക്‌സോണിന്റെ ഏറ്റവും രസകരമായ ഡിസൈൻ തന്ത്രം.
പിൻഭാഗത്തും നെടുനീളത്തിൽ സെറാമിക് സ്ട്രിപ്പുണ്ട്. പിയാനോ ബ്ലാക്ക് ഫിനിഷുള്ള ഭാഗവും കറുത്ത ക്ലാഡിങും ഡയമണ്ട് കട്ട് ടെയ്ൽലാമ്പും പിൻഭാഗവും വ്യത്യസ്തമാക്കുന്നു.

Tata Nexon Review

ഉള്ളിൽ
ബ്ലാക്ക്, ക്രോമിയം, ബീജ് നിറങ്ങളാണ് ഉള്ളിൽ. ഫ്യൂച്ചറിസ്റ്റിക്കാണ് ഡാഷ്‌ബോർഡിന്റെയും സെന്റർ കൺസോളിന്റെയും മറ്റും ഡിസൈൻ. ക്രോമിയം ലൈൻ  ഡാഷ്‌ബോർഡിലുടനീളം കാണാം. അത്ര വലുതല്ലാത്ത എസി വെന്റുകൾക്കു മേലെ 6.5 ഇഞ്ച് ടച്ച് സ്‌ക്രീൻ. ഈ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ ആൻഡ്രോയ്ഡ് ഓട്ടോ ആപ്പുണ്ട്. കൂടാതെ ഫോൺ മിറർ ലിങ്ക് സിസ്റ്റം, വോയിസ് കമാൻഡ് സിസ്റ്റം എന്നിവയുമുണ്ട്. വാട്‌സ്അപ്പ് മെസേജുകൾ ഇതിൽ വായിക്കാം. മറുപടി പറഞ്ഞാൽ ഇതിലൂടെ സന്ദേശമായി അയക്കപ്പെടുകയും ചെയ്യും.

4 സ്പീക്കറുകളും 4 ട്വീറ്ററുകളുമുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം ലോക നിലവാരമുള്ളതാണ്. ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്‌വീലും മാനുവലായി ക്രമീകരിക്കാം. സീറ്റുകൾക്ക് നല്ല കുഷ്യനിങും തുടസപ്പോർട്ടുമുണ്ട്.

Tata Nexon Review

ഗിയർ ലിവറിനു സമീപം കാണുന്നത് ഡ്രൈവ് മോഡുകളുടെ റോട്ടറി സ്വിച്ചാണ്. കൂടാതെ 31 സ്റ്റോറേജ് സൗകര്യങ്ങളും 350 ലിറ്റർ ബൂട്ട് സ്‌പേസും നെക്‌സോണിനുണ്ട്. മുന്നിലും പിന്നിലും ഹെഡ് റൂമും ലെഗ്‌റൂമും ധാരാളമുണ്ട്. ചെരിഞ്ഞിറങ്ങുന്ന റൂഫ് ലൈനൊന്നും പിന്നിലെ ഹെഡ്‌റൂമിനെ ബാധിച്ചിട്ടില്ല. പിൻസീറ്റ് യാത്രക്കാർക്ക് എസി വെന്റുകളും എസിയുടെ ഫാനിന്റെ സ്പീഡ് റെഗുലേറ്ററുമുണ്ട്. കൂടാതെ വീതിയുള്ള ആംറെസ്റ്റും കപ്പ് ഹോൾഡറുകളുമുണ്ട്.

എഞ്ചിൻ
1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്. രണ്ട് എഞ്ചിൻ വേരിയന്‍റുകളും 'സ്മാർട്ട് ഡ്രൈവ്' ടെസ്റ്റ് ഡ്രൈവ് ചെയ്തു. പെട്രോൾ എഞ്ചിനാണ് കൂടുതൽ ഹരം പകരുന്ന ഡ്രൈവ് സമ്മാനിച്ചത്. ഡീസൽ എഞ്ചിന് വളരെ ചെറിയൊരു ലാഗ് ആരോപിക്കാം. എന്നാൽ 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സ് ആ ലാഗിനെ ഒരു പരിധിക്കപ്പുറം കൊണ്ടുപോകാൻ അനുവദിക്കുന്നുമില്ല.

Tata Nexon Review

ഇക്കോ, സ്‌പോർട്ട്, സിറ്റി എന്നീ ഡ്രൈവ് മോഡുകൾ പ്രത്യക്ഷത്തിൽ തന്നെ വ്യത്യാസം മനസ്സിലാക്കിത്തരുന്നുണ്ട്. സ്‌പോർട്ട് മോഡിൽ ചാട്ടുളി പോലെ പായുന്നുണ്ട് നെക്‌സോൺ.
ഓട്ടോമാറ്റിക് (6 സ്പീഡ് എഎംടി) മോഡൽ ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ ഒരു പുതുമ. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും.

അതായത് ഇത് കൈയിൽ വാച്ചു പോലെ ധരിച്ചാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ വേറെ 'കീ' ഉപയോഗിക്കേണ്ടതില്ല

Tata Nexon Review

ഈ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് എഴുതുമ്പോൾ നെക്‌സോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 6.5 മുതൽ 9.5ലക്ഷം വരെയൊക്കെയാണു പ്രതീക്ഷിക്കുന്ന വില.

ഏതായാലും വ്യത്യസ്തമായ രൂപവും ധാരാളം ഫിച്ചേഴ്‌സും മികച്ച എഞ്ചിനുകളുമുള്ള നെക്‌സോൺ ഒരു സൂപ്പർ ഹിറ്റാകാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.

ഈ പംക്തിയിലെ മറ്റ് വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

 

 

Follow Us:
Download App:
  • android
  • ios