Asianet News MalayalamAsianet News Malayalam

ടാറ്റയുടെ ഇലക്ട്രിക്ക് ബസുകളുമായി ബംഗാളും കുതിക്കുന്നു

ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് 80 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച് പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

Tata To Supply 80 Electric Buses To West Bengal
Author
Kolkata, First Published Feb 21, 2019, 7:30 PM IST

കൊല്‍ക്കത്ത: ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് 80 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച് പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. 9 മീറ്റര്‍ അള്‍ട്രാ എസി ഇ-ബസിന്റെ 40 യൂണിറ്റും 12 മീറ്റര്‍ ഇ-ബസിന്റെ 40 യൂണിറ്റ് വീതവുമാണ് ബംഗാള്‍ സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നത്. ലക്‌നൗ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ടാറ്റ ഇലക്ട്രിക് ബസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ബംഗാളും ഈ ബസുകള്‍ വാങ്ങുന്നത്.  

12 മീറ്റര്‍ കാറ്റഗറിയിലുള്ള 40 ഇലക്ട്രിക് ബസുകള്‍ ഘട്ടംഘട്ടമായാണ് സംസ്ഥാനത്തെത്തുക. ഓര്‍ഡര്‍ ചെയ്‍തതില്‍ 9 മീറ്റര്‍ ഇലക്ട്രിക് ബസിന്റെ 20 യൂണിറ്റുകള്‍ നിലവില്‍ ടാറ്റ മോട്ടോഴ്‌സ് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് കൈമാറി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ള 20 യൂണിറ്റുകള്‍ മാര്‍ച്ച് 31 നുള്ളില്‍ കൈമാറുമെന്നും ടാറ്റ വ്യക്തമാക്കി. 

ടാറ്റ മോട്ടോഴ്‌സിന്റെ ധര്‍വാര്‍ഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക് ബസുകളുടെ നിര്‍മാണം നടക്കുന്നത്. 31 പേര്‍ക്ക് ഇതില്‍ സുഖമായി യാത്ര ചെയ്യാം. മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നിലും പിന്നിലും എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനമുണ്ട്. ഡീസല്‍ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലന ചെലവും 50 ശതമാനത്തോളം ഇന്ധന ചെലവും ഇലക്ട്രിക് ബസിന് കുറവായിരിക്കുമെന്നാണ് ടാറ്റ പറയുന്നത്. 

ഇന്റഗ്രേറ്റഡ് ഇലക്ട്രിക് മോട്ടോറാണ് ഈ എസി ഇലക്ട്രിക് ബസിന്‍റെ ഹൃദയം. ബസിന്‍റെ റൂഫില്‍ ഉറപ്പിച്ചിരിക്കുന്ന ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററി ഒറ്റചാര്‍ജില്‍ 150 കിലോമീറ്ററോളം ദൂരം വരെ പിന്നിടും.  പരമാവധി 330 ബിഎച്ച്പി  പവറാണ് ഇലക്ട്രിക് മോട്ടോര്‍ നല്‍കുക. തുടര്‍ച്ചയായി 194 ബിഎച്ച്പി പവറും ലഭിക്കും.  6 മുതല്‍ 7 മണിക്കൂര്‍ വരെയാണ് ചാര്‍ജിങ് സമയം. ഫാസ്റ്റ് ചാര്‍ജറില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.  ബാറ്ററി വാഹനത്തിന്‍റെ റൂഫിലായതിനാല്‍ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ബ്രേക്ക് ഡൗണാകാനുള്ള സാധ്യതയില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. 

ബെല്‍ഗോറിയ, കസ്ബ, ന്യൂടൗണ്‍ തുടങ്ങിയ ഇടങ്ങളില്‍ ഇലക്ട്രിക് ബസിനായി ചാര്‍ജിങ് സ്‌റ്റേഷനും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഹൗറ, സാട്രാഗച്ചി എന്നിവിടങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios