Asianet News MalayalamAsianet News Malayalam

പൊലീസിന്‍റെ വാഹനപരിശോധന; രേഖകളും കൊണ്ട് ഓടേണ്ടത് നിങ്ങളല്ല!

  • പൊലീസിന്‍റെ വാഹനപരിശോധന
  • നിങ്ങള്‍ക്ക് ലഭിക്കേണ്ട നിയമാവകാശങ്ങള്‍
This is the laws for vehicle checking by police

പൊലീസിന്‍റെ വാഹന പരിശോധനക്കിടെയുള്ള അപകടമരണങ്ങള്‍ അടുത്തകാലത്ത് പതിവു വാര്‍ത്തകളാണ്. ആലപ്പുഴയില്‍ പൊലീസിന്‍റെ വാഹനപരിശോധനക്കിടെ അപകടത്തില്‍പ്പെട്ട വീട്ടമ്മയും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. ഇതോടെ ഈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇതേ അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ രണ്ടു കുട്ടികള്‍ ഉള്‍പ്പെട മൂന്നുപേര്‍ ചികിത്സയിലാണ്. തിരുവനന്തപുരം മലയിന്‍കീഴിലും അടുത്തിടെ സമാനമായ അപകടമുണ്ടായി. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന്‍ ചവിട്ടി വീഴ്‍ത്തിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് ഗർഭിണി കൊല്ലപ്പെട്ട സംഭവവും നമ്മള്‍ ഞെട്ടലോടെയാണ് കേട്ടത്.

റോഡില്‍ വാഹനപരിശോധനയില്‍ പെടാത്തവര്‍ വിരളമായിരിക്കും. നിയമലംഘനം കണ്ടെത്തുന്നതിനും അപകടങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ തടയുന്നതിനും ഇത്തരം വാഹനപരിശോധനകള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. ഇതാ നമ്മള്‍ പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. ആരാണ് പരിശോധകര്‍?
ആദ്യം ആരാണ് പരിശോധകര്‍ എന്നു പരിശോധിക്കാം. യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും വാഹനത്തിന്‍റെ ഡ്രൈവർ ബാധ്യസ്ഥനാണ്.

2. രേഖകളും കൊണ്ട് നിങ്ങള്‍ ഓടേണ്ട
പരിശോധനക്കായി വാഹനം നിര്‍ത്തിയാല്‍ രേഖകളും എടുത്ത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് ഓടുക എന്നതാണ് നമ്മുടെ ശീലം. എന്നാല്‍ വാഹനം നിർത്തിയാൽ പൊലീസ് ഒഫീസർ വാഹനത്തിന്റെ അടുത്തുചെന്നു രേഖകൾ പരിശോധിക്കണം എന്നാണു നിയമം.

3. ഡ്രൈവിംഗ് ലൈസന്‍സ് മാത്രം മതി
പലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തി രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ എല്ലാ രേഖകളും വാഹനത്തില്‍ കൊണ്ടു നടക്കണമെന്ന് നിയമം പറയുന്നില്ല. ഡ്രൈവിംഗ് ലൈസന്‍സ് മാത്രം കൈയ്യിലുണ്ടായാല്‍ മതി. യഥാർഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പകര്‍പ്പ് ആയാലും മതി. അതുമല്ലെങ്കിൽ 15 ദിവസത്തിനകം രേഖകൾ ഹാജരാക്കിയാൽ മതിയാകും. പക്ഷെ ഡ്രൈവിങ് ലൈസൻസ് നിര്‍ബന്ധമായും കൈവശമുണ്ടായിരിക്കണം.

4. മാന്യമായ പെരുമാറ്റം
വാഹനപരിശോധനക്കിടെ നിങ്ങളെ പൊലീസുകാര്‍ അസഭ്യം പറഞ്ഞ അനുഭവം ഉണ്ടോ? ഇനി അങ്ങനെ സംഭവിച്ചാല്‍ തീര്‍ച്ചയായും നിയമപരമായി നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. വാഹനം പരിശോധിക്കുമ്പോൾ മാന്യമായി മാത്രമേ പൊലീസ് പൊരുമാറാവൂ എന്ന് നിയമം അനുശാസിക്കുന്നു.

5. കീ ഊരരുത്
വാഹനം തടഞ്ഞു നിര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഉടനെ കീ ഊരിയെടുക്കുന്നത് പലര്‍ക്കും അനുഭവമുണ്ടാകം. എന്നാല്‍ ഒരു കാരണവശാലും പൊലീസ് വാഹനത്തിന്റെ കീ ഊരാൻ പാടില്ല.

6. സ്റ്റേഷനില്‍ കൊണ്ടു പോകരുത്
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങൾ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്നും നിമയം അനുശാസിക്കുന്നു. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം.

7. ഒരു മണിക്കൂറിനകം ജാമ്യം
മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റം തന്നെയാണ്. എന്നാല്‍ മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ എമ്മാണ് നിയമം. മാത്രമല്ല ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണമെന്നും നിയമം അനുശാസിക്കുന്നു.

Follow Us:
Download App:
  • android
  • ios