Asianet News MalayalamAsianet News Malayalam

ഒരു എഞ്ചിന്‍ ഡ്രൈവറുടെ ആദ്യ ചെങ്കോട്ട യാത്ര

  • പുനലൂര്‍ - ചെങ്കോട്ട ബ്രോഡ് ഗേജ് പാതയിലെ ആദ്യ യാത്ര
  • ഒരു എഞ്ചിന്‍ ഡ്രൈവറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Travelogue to Senkottai

Travelogue to Senkottai

താംബരം എക്സ്പ്രസ് ആവണീശ്വരം സ്റ്റേഷന്റെ പ്ളാറ്റ്ഫോമിൽ ചൂളം വിളിച്ചു വന്നു നിന്നപ്പോൾ മനസ്സ് വല്ലാത്ത സന്തോഷത്തിലായിരുന്നു. സ്കൂൾകാലഘട്ടത്തിൽ നടത്തിയ മീറ്റർഗേജ് യാത്രാക്കാഴ്ച്ചകൾ വീണ്ടും കാണാൻ പോകുന്നതിന്റെ ആവേശം. മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പിൽ തല കുനിച്ചു കൊടുത്ത സഹ്യന്റെ വശ്യത ഒരിക്കൽ കൂടി ഏറ്റവുമടുത്ത് കാണാൻ പോകുന്നു. പുനലൂർ വരെയുള്ള 8 കിലോമീറ്റർ ദൂരം വണ്ടി ഓടിയെത്തിയതറിഞ്ഞേയില്ല. വരാനിരിക്കുന്ന കാഴ്ചകളായിരുന്നു ചിന്തയിൽ നിറയെ. പുനലൂരിൽ നിന്നും വണ്ടി പുറപ്പെടാനുള്ള സിഗ്നൽ ഇട്ടു. ഇവിടെ നിന്നാണ് 'ഗാട്ട് സെക്ഷന്റെ' തുടക്കം. പർവതമേഖലയിലെ വമ്പൻ കയറ്റിറക്കങ്ങൾ താണ്ടാൻ പിന്നിൽ ഒരു ബാങ്കർ എൻജിൻ കൂടി ഘടിപ്പിച്ചിട്ടുണ്ട്. പുനലൂർ മുതൽ ചെങ്കോട്ടയ്ക്ക് തൊട്ടു മുന്പുള്ള സ്റ്റേഷനായ ഭഗവതിപുരം വരെ പരമാവധി വേഗത 30 കിലോമീറ്റർ മാത്രമാണ്.

മെല്ലെ വണ്ടി നീങ്ങിത്തുടങ്ങി. കല്ലടയാറിനു കുറുകെ പണിതിരിക്കുന്ന റെയിൽപ്പാലത്തിലേക്കാണ് നേരെ വന്നു കയറുന്നത്. കല്ലടയാറിന്റെ ജലസമൃദ്ധിയ്ക്കൊപ്പം ബ്രിട്ടീഷ് എൻജിനീയറിങിന്റെ പെരുമ വിളിച്ചറിയിക്കുന്ന പുനലൂർ തൂക്കുപാലത്തിന്റെ വിദൂരദൃശ്യം. ഏതൊരു സഞ്ചാരിയെയും ആവേശക്കൊടുമുടിയിലെത്തിക്കുന്ന ഗംഭീര വരവേൽപ്പ്.!

റോഡ് നിരപ്പിൽ നിന്നും വളരെ താഴ്ന്ന് മലയോരത്തു കൂടി വളഞ്ഞു പുളഞ്ഞാണ് ഓട്ടത്തിന്റെ തുടക്കം. ഉത്രം തിരുന്നാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിക്കുന്ന കാലത്ത് സൗത്ത്‌ ഇന്ത്യൻ റെയിൽവേ കമ്പനി മദ്രാസ് പ്രസിഡൻസിയുടെ കൂടി സഹകരണത്തോടെ 1899ൽ സർവേ പൂർത്തീകരിച്ച ഈ റെയിൽപാതയിൽ പിന്നീടവർ 1902-ൽ ആദ്യമായി ചരക്ക് വണ്ടിയോടിച്ചു. ഇത്ര ദുർഘടമായ പുതിയൊരു പാത വെറും 3 വർഷം കൊണ്ട്.! എന്നാല്‍ 1998ഇൽ തുടങ്ങിയ ഗേജ്മാറ്റ ജോലികൾ ജനാധിപത്യ സർക്കാറുകൾ പൂർത്തിയാക്കിയത് 20 വർഷമെടുത്തിട്ടാണല്ലൊ എന്നോർക്കുമ്പോൾ രാജഭരണം മതിയായിരുന്നല്ലൊ എന്നു തോന്നിപ്പോയി.!

ചെറുനീർച്ചോലകളും, പാതയിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും താണ്ടി ട്രെയിനെത്തുമ്പോൾ സ്വീകരിക്കാൻ പാതയ്ക്കിരുപുറവും താമസിക്കുന്ന ജനങ്ങൾ കൈവീശുന്നുണ്ടായിരുന്നു. നാടുവിട്ടു പോയ ഉറ്റവരാരോ തിരികെ വന്നൊരു സന്തോഷം മുഖങ്ങളിൽ വായിച്ചെടുക്കാം.  വണ്ടി ഇടമൺ സ്റ്റേഷനെത്തുകയാണ്. കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കനാലിനു മുകളിലൂടെയുള്ള പാലം താണ്ടിയാണ് സ്റ്റേഷനിലേക്കെത്തുന്നത്. കണ്ണീരു പോലെ തെളിഞ്ഞ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുട്ടികൾ. മധ്യവേനലവധിയുടെ ഗൃഹാതുരത മനസ്സിലോടിയെത്തി. ആകുലതകളില്ലാത്ത, ആവേശത്തിന്റെ മാത്രം കുട്ടിക്കാലം.!

ഇടമൺ സ്റ്റേഷനിൽ ഒരു ക്യാച്ച് സൈഡിംഗ് ഉണ്ട്. ചെങ്കുത്തായ മലയിറക്കത്തിൽ ഒരു പക്ഷെ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയേക്കാവുന്ന വണ്ടി പെട്ടെന്ന് നിർത്താനായി പ്രധാനപാതയിൽ നിന്നും മാറ്റി ഉയരത്തിലേക്ക് നിർമിച്ച ഒരു റെയിൽപാളം. ഇടമൺ സ്റ്റേഷൻ താണ്ടിയ വണ്ടി വല്ലാതെയിഴയാൻ തുടങ്ങി. അമ്പതു മീറ്റർ മുന്നിലേക്ക് വണ്ടി പോകുമ്പോൾ ഒരു മീറ്റർ ഉയരം വർദ്ധിക്കുന്ന (one in fifty gradient) ചെങ്കുത്തായ കയറ്റം.
ചെത്തി മാറ്റിയ പാറക്കൂട്ടങ്ങൾ പാതയ്ക്കിരുപുറവും ഭീതിയുണർത്തി നിൽക്കുന്നു. ആർത്തലച്ചു പെയ്യുന്ന മഴയിലുണ്ടായേക്കാവുന്ന ഉരുൾ പൊട്ടലിനെ പ്രതിരോധിക്കാൻ അവിടവിടെ ഇരുമ്പു വലകൾ നിർമിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഗാബിയൻ മാതൃകയിൽ ഇരുമ്പ് കമ്പികൾക്കു നടുവിൽ കല്ലുകളടുക്കിയുള്ള സംരക്ഷണഭിത്തികളും കണ്ടു. എൻജിനീയറിങ് ചിന്തകൾ വിട്ട് മുന്നിലേക്ക് നോക്കി. പൊടുന്നനെ ചുറ്റും ഇരുട്ട് പടർന്നു. സഹ്യനെ തുരന്നുണ്ടാക്കിയ തുരങ്കം.!

എന്റെയാവേശം കണ്ടപ്പോൾ കൂടെയുണ്ടായിരുന്നയാൾ പഴയ കുതിരവട്ടം പപ്പു സ്റ്റൈലിൽ പറഞ്ഞു "ഇത് ചെറുത്" ! 100 മീറ്റർ വരുന്ന ആദ്യ തുരങ്കം. അത് താണ്ടി വെളിച്ചമെത്തിയപ്പോൾ പർവതമുത്തച്ഛന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങളാണ് വരവേറ്റത്. പാതയോരമുള്ള വീടുകളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങി. റോഡ് താഴ്ച്ചയിലായിരിക്കുന്നു.

വളഞ്ഞു മുന്നോട്ടു പോകുമ്പോൾ അടിക്കടി വരുന്ന മലമടക്കിലെ താഴ്ച്ചകളെ താണ്ടാൻ ബ്രിട്ടീഷുകാരനുപയോഗിച്ചിരിക്കുന്നത് കണ്ണറപ്പാലങ്ങളാണ്. 'റ' ആകൃതിയിൽ മലമടക്കുകളെ ബന്ധിപ്പിക്കുന്ന ശൈലി. പാതയോരങ്ങളിലെ പല ചെറിയ ജലപ്രവാഹങ്ങളും ഈ വേനലിലും സജീവമാണ്. ഒറ്റക്കല്ലും കടന്ന് വണ്ടി ചെറിയൊരു ഇറക്കമിറങ്ങിത്തുടങ്ങി. ദൂരെ ഉയരത്തിൽ ഇല കൊഴിച്ചു നിൽക്കുന്ന ചെങ്കുറിഞ്ഞിമരങ്ങൾ കണ്ടു തുടങ്ങി. ചെന്തുരുണി വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനമായ തെന്മലയാണ് അടുത്ത സ്റ്റേഷൻ.

ചാഞ്ഞു നിന്നൊരു ചെമ്പകക്കൊമ്പിനു മുത്തം കൊടുത്തു കൊണ്ട് വണ്ടി സ്റ്റേഷനിലേക്കു കയറി. പാതയുടെ പൈതൃകമുറങ്ങുന്നിടമാണിത്. തിരുവിതാംകൂറിന്റെ രാജമുദ്രയായിരുന്ന 'ശംഖ്' ചിഹ്നം പതിച്ച പഴയ സ്റ്റേഷൻ കെട്ടിടം കുറച്ചു ദൂരെ മാറി നിലനിൽക്കുന്നു. പൊളിഞ്ഞ പഴയ ക്വാർട്ടേഴ്സുകൾ, ജീവനക്കാരുടെ വിശ്രമസങ്കേതങ്ങൾ. ആവി എഞ്ചിന്റെ പുക കാലങ്ങളോളമേറ്റ കഥകൾ പറയാനുണ്ടവയ്ക്കൊക്കെയും. തെൻമലയ്ക്കപ്പുറം ഈ വണ്ടിയ്ക്കു തമിഴ്നാട്ടിലെ ഭഗവതിപുരത്തെ സ്റ്റോപ്പുള്ളു.

വന്യജീവിസങ്കേതത്തിന്റെ അതിർത്തി അടയാളപ്പെടുത്തിയിരിക്കുന്ന ചെറു നിർമിതികൾ പാതയ്ക്കിരുപുറവും കാണാം. പുലിയും ആനയും സിംഹവാലൻകുരങ്ങും കാട്ടുപോത്തും മാനും മ്ളാവുമടക്കമുള്ള മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലൂടെയാണ് ഇനി പ്രയാണം. ഇത് ഞങ്ങളുടെ ഏരിയയാണെന്ന ഭാവത്തിൽ കുറച്ചു കുരങ്ങന്മാർ മരക്കൊമ്പുകളിലിരിക്കുന്നു. കാഴ്ചയ്ക്കു മോടി കൂട്ടി അടുത്ത തുരങ്കമെത്തി. കുറച്ചു കൂടി വലിയതാണിത്. ഏകദേശം 200 മീറ്റർ. ഇവിടെ ലൈറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

പാമ്പ് മാളത്തിൽ കയറും പോലെ വണ്ടി ഉള്ളിലേക്ക് കയറി. നടുക്കൊരിടത്ത് വായുസഞ്ചാരത്തിനായി തുരന്നിട്ടുണ്ട്. പണിക്കാർക്ക് വണ്ടി വരുമ്പോൾ കയറി നിൽക്കാൻ പാകത്തിന് ചിലയിടങ്ങളിൽ ഉള്ളിൽ പാറ വശങ്ങളിലേക്കും തുരന്നു വച്ചിരിക്കുന്നു.  അതിൽ നിന്നും വെളിയിലെത്തി ആകാശം കണ്ടതും അടുത്ത തുരങ്കം കാഴ്ച മറച്ചു. ഏകദേശം 100 മീറ്റർ വരുന്ന ആ തുരങ്കം താണ്ടി വെളിയിലെത്തുന്ന യാത്രക്കാരനെ കാത്തിരിക്കുന്നത് പതിമൂന്ന് കണ്ണറപ്പാലത്തിന്റെ വശ്യതയാണ്.

കാടിനുള്ളിൽ കഴുതുരുട്ടിയാറിന്റെയും, കൊല്ലം-തിരുമംഗലം ദേശീയ പാതയുടെയുമോരത്ത് ശതവർഷപ്പെരുമയിൽ തലയുയർത്തി നിൽക്കുന്ന അഭിമാനനിർമിതി. വെട്ടുകല്ലുകളും, സുർക്കി എന്ന ഒരു പഴയ മിശ്രിതവുമുപയോഗിച്ച് രണ്ട് മലകൾക്കിടയിലുണ്ടാക്കിയ ഈ പാലത്തിന് ബലം കൂട്ടാനായി കോൺക്രീറ്റ് ഉടുപ്പ് പുതപ്പിച്ചിട്ടുണ്ട്. മുകളിൽ പഴയ മാതൃക നിലനിർത്താൻ കല്ലും പതിപ്പിച്ചു.  പണ്ടത്തെ പാലത്തിന്റെ ഭംഗി കണ്ടിട്ടുള്ളവർ ഉറപ്പായും 'ഏച്ചു വച്ചാൽ മുഴച്ചിരിക്കും' എന്ന്. മുറുമുക്കുമെങ്കിലും പുതിയതായി കാണുന്നവർക്കിതൊരു കാഴ്ച തന്നെയാണ്. 102മീറ്റർ നീളത്തിൽ , ദേശീയപാതയിൽ നിന്ന് 5മീറ്റർ ഉയരത്തിൽ ഒരു വശത്ത് പാറക്കൂട്ടങ്ങളും അവയ്ക്കു മുകളിലെ നീരൊഴുക്കുകളും അരികിൽ ചെറിയൊരു ജലപാതവുമൊക്കെയുള്ളൊരു വിസ്മയക്കാഴ്ച. യാത്രക്കാർ മുഴുവനും ഫോട്ടോയെടുപ്പിലാണ്. ധാരാളം റോഡ് യാത്രികരും വണ്ടി നിർത്തി പാലത്തിൽ കയറി നിന്നു ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നു. ഉയരത്തിൽ അവിടവിടെ വീടുകൾ കാണാം.

കഴുതുരുട്ടിയാറിനോട് കിന്നാരം പറഞ്ഞാണ് ഇനി കുറച്ചു നേരം വണ്ടിയുടെ യാത്ര. കഴുതുരുട്ടി സ്റ്റേഷനെത്തി. തെക്കൻ കേരളത്തിൽ ഓറഞ്ച് വിളയുന്ന ഏക സ്ഥലമായ അമ്പനാട് കുന്നുകൾ ദൂരെയായി കാണാം. വേണമെങ്കിൽ എന്റെ സമയത്തിനു നിങ്ങൾ വിഷു ആഘോഷിച്ചു കൊള്ളണം എന്ന മട്ടിൽ വിഷുവിനും വളരെ നേരത്തെ പൂത്ത കൊന്നമരങ്ങളിലെ പൂവുകൾ കൊഴിഞ്ഞു തീരാറായിരിക്കുന്നു. വണ്ടിയിൽ നിന്നും കയ്യെത്തിയാൽ പറിക്കാവുന്ന ഉയരത്തിൽ കൊമ്പുകളിൽ മാങ്ങകൾ.

പ്രകൃതിരമണീയത കണ്ടു നീങ്ങവെ വണ്ടി ഇടപ്പാളയം, ന്യൂ ആര്യങ്കാവ് സ്റ്റേഷനുകൾ താണ്ടി കേരളത്തിലെ അവസാന സ്റ്റേഷനായ ആര്യങ്കാവിലെത്തി. ദേശീയപാത ഒരു മല കയറിയിറങ്ങിയാണ് അതിർത്തി കടക്കുന്നതെങ്കിൽ റെയിൽവേ ആ മലയെ തുരക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്റർ നീളമുള്ള വലിയ തുരങ്കം. കേരളത്തിൽ നിന്നു കയറി വണ്ടി തമിഴ്നാട്ടിലെത്തി.! പ്രകൃതി അത്ര കണ്ട് മാറിയില്ലെങ്കിലും ആളുകളും, ജീവിതരീതിയും, അവരുടെ വസ്ത്രധാരണശൈലിയും പൊടുന്നനെ മാറിയത് കാണാനുണ്ട്. കൃഷിയാണ് എല്ലായിടത്തും. കൃത്യമായ ജലസേചനസൗകര്യങ്ങളോടെ നെൽകൃഷി ചെയ്തിരിക്കുന്നു. വാഴ,തെങ്ങ് അടയ്ക്ക,പച്ചക്കറികൾ,മാവുകൾ എന്ന് വേണ്ട എല്ലാ തരം കൃഷികളും. പാടത്ത് കുടുംബത്തോടെ നിന്ന് അധ്വാനിക്കുന്ന ആളുകൾ.

ഊഷരമായ മണ്ണിനെ സജ്ജമാക്കി പൊന്നു വിളയിക്കുന്നവർ. അവർക്കാവശ്യമായ വെള്ളം വിട്ടു കൊടുക്കാൻ നാം മടിച്ചു കൂടാ എന്നു ശരിക്കും തോന്നിപ്പോയി. തിരിഞ്ഞു നോക്കിയപ്പോൾ താണ്ടിയെത്തിയ മലനിരകൾ തലയുയർത്തി നിൽക്കുന്നു. അവയ്ക്കു മുകളിൽ ചിലയിടങ്ങളിൽ മനുഷ്യർ കൈ വിരിച്ചു നിൽക്കുന്നത് പോലെ വലിയ ഇലക്ട്രിക് ട്രാർസ്മിഷൻ പോസ്റ്റുകളും. കേരളം കേന്ദ്ര പവർഗ്രിഡിൽ നിന്നും വൈദ്യുതി എടുക്കുന്ന സുപ്രധാന ലൈനാണത്. 220കെവി തിരുനെൽവേലി-ഇടമൺ ഫീഡർ. മാന്തോപ്പുകളും, തെങ്ങിൻതോപ്പുകളും, വയലേലകളുമെല്ലാം കടന്നു വണ്ടി തണൽമരങ്ങൾ ഇരു വശത്തുമേറെയുള്ള ഭഗവതിപുരം സ്റ്റേഷനിലെത്തി.

മലയിറങ്ങിയെത്തുന്ന മനോഹരമായൊരു താഴ്വാരം. ധാരാളം മയിലുകൾ പറന്നു നടക്കുന്നു. ഇടമണിൽ കണ്ടത് പോലെയൊരു ക്യാച്ച്സൈഡിംഗ് ഇവിടെയുമുണ്ട്. പ്രകൃതിരമണീയമായ സ്റ്റേഷൻ. പാത വിപുലീകരണത്തിനായാണെങ്കിലും ഈ മരങ്ങളൊക്കെ മുറിക്കുമല്ലൊ എന്നോർക്കാൻ കൂടി വയ്യ. ഭഗവതിപുരത്ത് വേഗനിയന്ത്രണം തീരുകയാണ്. ഇവിടുന്നു ചെങ്കോട്ട വരെ 60 കിലോമീറ്റർ വരെ വേഗമെടുക്കാം വണ്ടിക്ക്.  ചെങ്കുത്തായ ഇറക്കം. വണ്ടി ബ്രേക്ക് ചെയ്താണിറങ്ങുക.

പാറക്കൂട്ടങ്ങൾക്കിടയിലൂടെ വണ്ടി പാഞ്ഞുകൊണ്ടിരുന്നു. ദൂരെ കാറ്റാടിപ്പാടങ്ങൾ കാണാം. തമിഴ്വാസ്തുമാതൃകയിൽ നിർമിച്ച ക്ഷേത്രങ്ങൾ, വീടുകൾ. ചെങ്കോട്ടയായി. ചരിത്രത്തിലേക്കുയർന്ന ചൂളം വിളിയുടെ പിൻമുറക്കാരനെന്ന അഭിമാനത്തോടെ താംബരം എക്സ്പ്രസ് ചെങ്കോട്ടയുടെ പ്ളാറ്റ്ഫോമിലേക്കു കയറി. ഫിസിക്സിൽ പണ്ട് പഠിച്ച PERSISTENCE OF VISION തിയറി തെറ്റാണെന്നെനിക്കു ബോധ്യമായി. എല്ലാ കാഴ്ചകളും 10 സെക്കൻഡ് മാത്രമൊന്നുമല്ല മറഞ്ഞ ശേഷവും കണ്ണിൽ നിലനിൽക്കുന്നത്. എങ്ങനെ സാമാന്യവൽക്കരിക്കാനാകും.? ചില കാഴ്ചകളെങ്കിലും അങ്ങനെയല്ല. എന്റെ കണ്ണിൽ നിറയെ കാഴ്ചകളാണ്. മായാത്ത..മങ്ങാത്ത..സുവ്യക്തമായ ബഹുവർണക്കാഴ്ചകൾ.

(തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനിലെ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റാണ് ലേഖകന്‍)

Follow Us:
Download App:
  • android
  • ios