Asianet News MalayalamAsianet News Malayalam

പഴയ ജാവയുടെ അതേ ശബ്ദം; പുത്തന്‍ ജാവയുടെ ടീസര്‍ പുറത്ത്

 പുത്തന്‍ ജാവ ബൈക്കുകള്‍ നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയിലെത്താനിരിക്കെ ബൈക്കിന്‍റെ ടീസര്‍ ജാവ പുറത്തുവിട്ടിരിക്കുകയാണ്

Upcoming Jawa 300 Teaser Video
Author
Mumbai, First Published Nov 12, 2018, 4:43 PM IST

ഒരു കാലത്ത് നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുകയാണ്. ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പുത്തന്‍ ജാവ ബൈക്കുകള്‍ നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയിലെത്താനിരിക്കെ ബൈക്കിന്‍റെ ടീസര്‍ ജാവ പുറത്തുവിട്ടിരിക്കുകയാണ്. 

ബൈക്കിന്റെ രൂപം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെങ്കിലും ശബ്ദം കേള്‍ക്കുന്നത് ആദ്യമായാണ്.  ശബ്ദത്തിന് പ്രാധാന്യം നല്‍കുന്ന ഈ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്. മുമ്പ് നിരത്തുകളില്‍ മുഴങ്ങി കേട്ടിരുന്ന ജാവയുടെ പൊട്ടുന്ന അതേ ശബ്ദമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുമ്പോഴും ഈ ബൈക്കുകള്‍ക്കുള്ളതെന്നതാണഅ പ്രധാന പ്രത്യേകത.

കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.  അന്താരാഷ്ട്ര ജാവ ദിനം തന്നെ ബൈക്ക് പ്രേമികള്‍ ആചരിച്ചു വരുന്നുണ്ട്. അതുകൊണ്ടു തന്നെ പുത്തന്‍ ജാവയുടെ വിപണി പ്രവേശത്തിന് ഏറെ പ്രാധാന്യവുമുണ്ട്.

പഴയ ഐതിഹാസിക ജാവ ബൈക്കുകളോട് രൂപസാദൃശ്യമുള്ള ഡിസൈനിലാണ് ജാവ തിരിച്ചെത്തുന്നതെന്നാണ് അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍, വീതിയേറിയ സീറ്റ് എന്നിവ ചിത്രങ്ങളില്‍ കാണാം.

പുത്തന്‍ ജാവയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ്  കമ്പനി നേരത്തെ  പുറത്തുവിട്ടിരുന്നു. 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുള്ള 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 1960- 70 കാലഘട്ടത്തില്‍ നിരത്തിലുണ്ടായിരുന്നു ജാവ ബൈക്കുകളോട് സാദൃശ്യമുള്ള ഡിസൈനിലായിരുക്കും പുതിയ ബൈക്കുകളും നിരത്തിലെത്തിക്കുക. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആയിരിക്കും പുതിയ ജാവയുടെ പ്രധാന ആകര്‍ഷണം. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

ടൂ സ്‌ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്നു ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. 100 സി സി ബൈക്കുകള്‍ റോഡ് കൈയ്യടക്കും മുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തുകളിലെ രാജാവ്. 1960 ല്‍ ആരംഭിച്ച ജാവ യുഗം യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്നിരുന്നു ഒരുകാലത്ത്.  മഹീന്ദ്ര ഏറ്റെടുത്ത ശേഷം 2017 മെയില്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിനില്‍ വാഹനം അവതരിപ്പിച്ചിരുന്നു. 

മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലായിരിക്കും ഇന്ത്യയില്‍ ജാവയുടെ മുഖ്യ എതിരാളി. 1.5 മുതല്‍ 2 ലക്ഷം വരെയായിരിക്കും ബൈക്കിന്‍റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios