'റിട്ടയര്‍മെന്‍റ് ജീവിതം ആഘോഷിക്കുന്ന വാച്ച് മെക്കാനിക്ക്'; 'എസ്‍ജി 251'നെക്കുറിച്ച് സംവിധായകന്‍
"സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ. എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല"
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. പിറകെ നാല് വന്‍ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടത്. നിഥിന്‍ രണ്‍ജി പണിക്കരുടെ 'കാവല്‍', മാത്യൂസ് തോമസിന്‍റെ 'ഒറ്റക്കൊമ്പന്‍', ജോഷിയുടെ 'പാപ്പന്‍', രാഹുല്‍ രാമചന്ദ്രന്‍റെ പേരിടാത്ത ചിത്രം എന്നിവ. ഇതില്‍ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അദ്ദേഹത്തിന്‍റെ പിറന്നാളിനു മുന്നോടിയായി ഇന്നലെ പുറത്തെത്തി. ഒറ്റ നോട്ടത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന പോസ്റ്റര്‍ ആയിരുന്നു അത്. ഏതു തരത്തിലുള്ള സിനിമയാണ് ഇത്? പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? 'ജീം ബൂം ബാ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു..
'സ്ഥിരം മാസ് പരിപാടി അല്ല'
സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ. എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല. മാസ് സീക്വന്‍സുകള്‍ ഉണ്ട്. പക്ഷേ ആകെ സിനിമയില്‍ ഒരു 10, 20 മിനിറ്റുകള്‍ മാത്രമേ അത്തരം രംഗങ്ങള്‍ ഉണ്ടാവൂ. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം. 'മെമ്മോയര്‍ ഓഫ് എ മര്‍ഡറര്‍' (വോന്‍ ഷിന്‍ യുന്‍ സംവിധാനം ചെയ്‍ത സൗത്ത് കൊറിയന്‍ ചിത്രം) സിനിമയില്ലേ? ആ ഒരു ഴോണറിലും മൂഡിലുമൊക്കെ വരുന്ന സിനിമയാണ്. ഡ്രാമയ്ക്കാണ് ഇതില്‍ പ്രാധാന്യം. അതുകൊണ്ടാണ് പോസ്റ്ററും ഒരു വ്യത്യസ്‍ത രീതിയില്‍ ചെയ്‍തത്.
'പോസ്റ്ററിലുണ്ട് പലതും'
അതേസമയം പോസ്റ്റര്‍ കണ്ട് പലരും ഇതൊരു മാസ് പടമാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. പക്ഷേ അങ്ങനെയല്ല. കുറേ ഡീറ്റെയ്‍ലിംഗ് ഉള്ള പോസ്റ്ററാണ് അത്. സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്. അവ മൊത്തത്തിലൊന്ന് കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ നമ്മുടെ സിനിമയുടെ മൊത്തത്തിലുള്ള ഒരു സ്വഭാവം മനസിലാക്കാന്‍ പറ്റും. മുന്‍പില്‍ മേശപ്പുറത്തുള്ള രണ്ട് പുസ്‍തകങ്ങള്‍ ആയാലും പിന്നിലുള്ള തോക്കുകള്‍ ആയാലും.
നായകനുവേണ്ടി മൂന്ന് അപ്പിയറന്‍സുകള്‍ ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്‍തത്. അവസാനം ഇപ്പോള്‍ പോസ്റ്ററില്‍ കാണുന്ന ലുക്ക് ഫൈനലൈസ് ചെയ്യുകയായിരുന്നു. മൂന്ന് ലുക്കും സുരേഷേട്ടന് ഓകെ ആയിരുന്നു. ആദ്യ രണ്ടിലും അദ്ദേഹം ചില നിര്‍ദേശങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ മൂന്നാമത്തേത് അദ്ദേഹത്തിന് പൂര്‍ണ്ണമായും തൃപ്‍തിയായി. ഗംഭീരമെന്നാണ് പറഞ്ഞത്. അതാണ് നമ്മള്‍ ലോക്ക് ചെയ്‍തത്. സംവിധായകന് പൂര്‍ണ്ണ സ്വാതന്ത്ര്യം തരുന്ന താരമാണ് സുരേഷ് സാര്‍. വളരെ എക്സൈറ്റഡ് ആണ് അദ്ദേഹം.
ഫ്ളാഷ് ബാക്ക് ഉള്ള വാച്ച് മെക്കാനിക്ക്
സ്ലോ പേസിംഗ് ഉള്ള സിനിമയാണ് ഇത്. ഇടയ്ക്ക് മാത്രം ഗ്രാഫ് ഒന്ന് ഉയര്‍ന്നിട്ട് വീണ്ടും പഴയ പേസിലേക്ക് തിരിച്ചുവരുന്ന രീതിയിലാണ് സ്ക്രിപ്റ്റിംഗ്. രണ്ട് അപ്പിയറന്‍സുകളാണ് ചിത്രത്തില്‍ സുരേഷേട്ടന് ഉള്ളത്. പോസ്റ്ററില്‍ ഉള്ളത് കൂടാതെ മറ്റൊന്നും. വാച്ച് മെക്കാനിക്ക് ആണ് ആ കഥാപാത്രം. പുള്ളിക്ക് സ്വന്തമായിട്ട് ഒരു വാച്ച് കടയൊക്കെയുണ്ട്. റിട്ടയര്‍മെന്‍റ് ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു ആളാണ്. മുന്‍പ് വേറൊരു ജോലിയായിരുന്നു പുള്ളിക്ക്. അതില്‍ നിന്നുള്ള റിട്ടയര്‍മെന്‍റ്.. ആ ജോലിയുടെ ഭാഗമായിട്ടുള്ള ടാറ്റൂ ആണ് കൈയില്‍ കിടക്കുന്നത്. അതൊക്കെ കഴിഞ്ഞ് വന്നിട്ട് ഒരു വാച്ച് കടയൊക്കെയായി ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരാള്‍. അതേസമയം ചിത്രത്തില്‍ ആക്ഷന്‍ സീക്വന്‍സുകളും ഉണ്ട്.
'കഥ കേള്‍ക്കാം, പക്ഷേ..'
രണ്ടര വര്‍ഷം മുന്‍പാണ് സുരേഷേട്ടനെ ബന്ധപ്പെടുന്നത്. 'വരനെ ആവശ്യമുണ്ട്' തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ. പൂര്‍ണ്ണ തിരക്കഥയുമായിട്ടാണ് കണ്ടത്. എന്‍റെ കൈയിലേക്ക് ഈ സിനിമ വരുന്നതും പൂര്‍ത്തിയാക്കിയ തിരക്കഥയായിട്ടാണ്. തിരക്കഥ എഴുതിയ സമീനിക്ക (സമീന്‍ സലിം) മുഴുവന്‍ തിരക്കഥയുമായിട്ടാണ് എന്നെ കാണാന്‍ എത്തിയത്. 'ജീം ബൂം ബാ' കഴിഞ്ഞ് പുതിയൊരു സിനിമ ചെയ്യാനായുള്ള ആലോചന വന്ന സമയത്ത് കഥകള്‍ അന്വേഷിച്ചിരുന്നു. ആ സമയത്താണ് സമീനിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ആദ്യത്തെ തിരക്കഥയാണ്. ഡോണ്‍ പാലത്തറയുടെ 'ശവം' അടക്കം പല ഇന്‍ഡിപ്പെന്‍ഡന്‍ഡ് സിനിമകളുടെയും ചീഫ് അസോസിയേറ്റ് ആയിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് സുരേഷേട്ടനെ കണ്ടത്. കഥ പറയുന്നതിനു മുന്‍പേ സുരേഷേട്ടന്‍ ഒരു കാര്യം പറഞ്ഞു. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം മുന്‍പിറങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളുടെ രീതിയില്‍ ഉള്ളതാണെങ്കില്‍ ഞാന്‍ ചെയ്യുന്നില്ല എന്നായിരുന്നു അത്. അത്തരം സിനിമയാണെങ്കില്‍ കഥ പറയേണ്ടെന്നും പറഞ്ഞു. അങ്ങനെയുള്ളതല്ലെന്നും വ്യത്യസ്‍തതയുള്ള സിനിമയാണെന്നാണ് വിശ്വാസമെന്നും പറഞ്ഞുകൊണ്ടാണ് സിനിമ ഞങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് കഥ പറഞ്ഞത്. കേട്ടപ്പോള്‍ അദ്ദേഹം വളരെ എക്സൈറ്റഡ് ആയി. സ്റ്റോറിലൈന്‍ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം ഓകെ പറഞ്ഞു.
കൊച്ചി, വട ചെന്നൈ, കൊവിഡ്
കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ സിനിമ ഇറങ്ങേണ്ട സമയം ആയി. കഴിഞ്ഞ വര്‍ഷം ചിലപ്പോള്‍ ഷൂട്ട് തുടങ്ങാന്‍ പറ്റിയേനെ. അങ്ങനെയെങ്കില്‍ സിനിമ ഇതിനകം ഇറങ്ങുകയും ചെയ്‍തേനെ. ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തോടെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിച്ച്, അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ചോടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അഞ്ച് മാസത്തോളം നീളുന്ന വലിയൊരു പ്രീ-പ്രൊഡക്ഷന്‍ ആണ് പ്ലാന്‍ ചെയ്യുന്നത്. 1980കളിലെ വട ചെന്നൈ (വടക്കന്‍ ചെന്നൈ) പശ്ചാത്തലമാവുന്ന ഒരു ഫ്ളാഷ് ബാക്ക് ഉണ്ട് ചിത്രത്തില്‍. അത് സ്റ്റുഡിയോ ഒഴിവാക്കി ലൈവ് ആയി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ഷെഡ്യൂളുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടത്, ഒന്ന് കൊച്ചിയിലും മറ്റൊന്ന് ചെന്നൈയിലും.
ഫസ്റ്റ് ഹാഫില്‍ ഇന്‍ഡോര്‍ രംഗങ്ങളാണ് കൂടുതലെങ്കില്‍ സിനിമയുടെ സെക്കന്‍ഡ് ഹാഫ് എന്നു പറയുന്നത് ഔട്ട്ഡോര്‍ സീക്വന്‍സുകളും ആള്‍ക്കൂട്ടവുമൊക്കെ കടന്നുവരുന്ന രംഗങ്ങളാണ്. എണ്ണൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ആവശ്യമായി വരുന്ന രംഗങ്ങള്‍ ഉണ്ട്. കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും ഒഴിവായതിനുശേഷമേ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയൂ.
മറ്റു താരങ്ങള്‍
മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടുണ്ട്. തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ഒരുപാട് താരങ്ങള്‍ ഉണ്ട്. പക്ഷേ കാസ്റ്റിംഗ് പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ല. കൊവിഡ് സാഹചര്യം ആയതുകൊണ്ട് ഒരു ഫൈനല്‍ സിറ്റിംഗിനായി പലരെയും നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ കമ്മിറ്റ് ചെയ്‍തിരിക്കുന്ന ചിത്രങ്ങള്‍ പലര്‍ക്കും പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഡേറ്റിന്‍റെ കാര്യത്തിലും ചില പ്രശ്‍നങ്ങളുണ്ട്. ഒരു കോണ്‍സെപ്റ്റ് ടീസര്‍ പ്ലാന്‍ ചെയ്‍തിട്ടുണ്ട്. ലോകേഷ് കനകരാജിന്‍റെ കമല്‍ ഹാസന്‍ ചിത്രം 'വിക്ര'ത്തിനൊക്കെ ചെയ്‍തതുപോലെ. അതിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ നമ്മള്‍ പ്രഖ്യാപിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ടൈറ്റില്‍ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹം.