'വിവാഹമൊക്കെ പിന്നെ, ഇപ്പോള്‍ ശ്രദ്ധ സിനിമയില്‍ മാത്രം'; ബിഗ് ബോസ് 3 ടൈറ്റില്‍ വിജയി മണിക്കുട്ടന്‍ അഭിമുഖം
ബിഗ് ബോസ് മലയാളം സീസണ്‍ 3 കിരീടം നേടിയതിനു ശേഷം മണിക്കുട്ടന്‍ മനസ്സ് തുറക്കുന്ന അഭിമുഖം
മലയാളികള്‍ക്ക് കഴിഞ്ഞ 16 വര്‍ഷങ്ങളായി അറിയാവുന്ന താരമാണ് മണിക്കുട്ടന്‍. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ മാത്രം അറിഞ്ഞിരുന്ന മണി അവര്‍ക്കിപ്പോള്‍ പ്രിയങ്കരനായ 'എംകെ' ആണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഇനി അറിയപ്പെടുക മണിക്കുട്ടന്‍റെ പേരിലുമാവും. ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാലില്‍ നിന്ന് ടൈറ്റില്‍ സ്വീകരിച്ചതിനു ശേഷം ബിഗ് ബോസിനെക്കുറിച്ചും സിനിമയെക്കുറിച്ചും തന്‍റെ ഭാവി പദ്ധതികളെക്കുറിച്ചും മണിക്കുട്ടന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സ് തുറക്കുന്ന അഭിമുഖം.
ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആയതിന്‍റെ പിറ്റേദിവസം. എന്താണ് ഇപ്പോഴത്തെ മാനസികാവസ്ഥ? കഴിഞ്ഞ രാത്രി ഉറങ്ങാന്‍ പറ്റിയോ?
ബിഗ് ബോസ് സീസണ്‍ 3 എന്നു പറയുന്നത് 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' ആയിരുന്നല്ലോ.. ഓരോരുത്തര്‍ക്ക് ഓരോ സ്വപ്‍നങ്ങള്‍ ആയിരുന്നു. സിനിമയില്‍ എത്താന്‍ പറ്റുമോ എന്ന് ഒരു കാലത്ത് സംശയമായിരുന്നു. പക്ഷേ സിനിമയില്‍ എത്തിപ്പറ്റി. അത് ഒരു വലിയ ദൈവാനുഗ്രഹമാണ്. വളരെ ശ്രദ്ധിച്ചാണ് ജീവിതത്തില്‍ ഓരോ ചുവടും വച്ചിട്ടുള്ളത്. മുന്‍പരിചയമില്ലാതിരുന്ന മേഖലയാവുമ്പോള്‍ പിഴവുകള്‍ പറ്റും. ആ പിഴവുകള്‍ കൊണ്ട് കരിയര്‍ താഴെക്ക് പോകുമ്പോള്‍ നമ്മള്‍ ആലോചിക്കും, എങ്ങനെ ഇതിനെ മാറ്റിയെടുക്കാം എന്ന്. അങ്ങനെയൊക്കെ ചിന്തിച്ച് വീണ്ടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു വലിയ വില്ലനായി കൊവിഡ് വരുന്നത്. സിനിമാ മേഖലയും പ്രതിസന്ധിയില്‍ പെട്ടു. ജീവിതം പോലും എന്താണെന്നറിയാതെ നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ബിഗ് ബോസ് എന്ന ഈ വലിയ പ്ലാറ്റ്ഫോമില്‍ പങ്കെടുക്കാനായി അവസരം വരുന്നത്.
അവിടെ ഓരോ ദിവസം നിന്നുപോവുക എന്ന നിലയ്ക്കാണ് ചിന്തിച്ചത്. നൂറാം ദിവസത്തെക്കുറിച്ചോ വിജയനിമിഷത്തെക്കുറിച്ചോ ഒന്നും ആലോചിച്ചിരുന്നില്ല. കിട്ടുന്ന ടാസ്‍കുകള്‍ നന്നായി ചെയ്യാനും ഞാനായിത്തന്നെ നില്‍ക്കാനുമാണ് ശ്രമിച്ചത്. നമ്മുടെ ജീവിതത്തിലെ 100 ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിക്കാന്‍ പറ്റി. അങ്ങനെയാണ് ഈ ഷോയെ നോക്കികണ്ടത്. ശക്തരും കഴിവുള്ളവരുമായിരുന്നു മത്സരാര്‍ഥികള്‍. അവരുടെ ഇടയില്‍ നിന്നും ഫൈനല്‍ ഫൈവില്‍ എത്തുക, ടൈറ്റില്‍ വിജയിക്കുക എന്ന് പറയുന്നത് എന്‍റെ മാത്രം വിജയമല്ല. 10 കോടിയോളം വോട്ടിലാണ് ജയിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രേക്ഷകര്‍ നമ്മുടെ ഈ പ്രോഗ്രാം കണ്ട് എന്‍റര്‍ടെയ്‍ന്‍ഡ് ആയി നമുക്കുവേണ്ടി വോട്ട് ചെയ്‍തു എന്ന് പറയുന്നത് വലിയൊരു അനുഗ്രഹമായി തോന്നുന്നു. ബിഗ് ബോസ് വിന്നര്‍ ആവുക എന്നത് തീര്‍ച്ഛയായും ഒരു വലിയ കാര്യം തന്നെയാണ്. ഇത്രയും വോട്ടുകളില്‍ ജയിക്കുമ്പോള്‍ അതിലും വലിയ സന്തോഷമുണ്ട്. അപ്പോള്‍ ഉറക്കമില്ലായ്‍മയല്ല, നമുക്ക് പാഷന്‍ ഉള്ള കാര്യത്തിലേക്ക് രണ്ട് ചുവടുകൂടി വച്ചുകഴിഞ്ഞു. അതിനാല്‍ സമാധാനമായിട്ട് ഉറങ്ങി.
ജീവിതത്തില്‍ പരാജയങ്ങളും തിരസ്‍കാരങ്ങളും ഒരുപാട് സംഭവിച്ചിട്ടുണ്ട്. അതില്‍ മനസ്സൊന്നും മടുക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു പുരസ്‍കാരം കിട്ടുമ്പോള്‍ സന്തോഷമാണെങ്കിലും മതിമറന്നുപോകുന്നൊന്നുമില്ല. മുന്നോട്ടുപോകാന്‍ ഇനിയും പ്രയത്നിക്കാനുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്.
മണിക്കുട്ടന് ഇതാദ്യമായല്ല ബിഗ് ബോസിലേക്ക് ക്ഷണം ലഭിക്കുന്നത്. ഇത്തവണ പോയേക്കാം എന്ന തീരുമാനത്തില്‍ എത്തിയത് എങ്ങനെയാണ്?
അതെ. എനിക്ക് ബിഗ് ബോസ് മലയാളത്തിന്‍റെ മൂന്ന് സീസണുകളിലേക്കും ക്ഷണം ലഭിച്ചിരുന്നു. ആദ്യ സീസണിലേക്ക് വിളിച്ച സമയത്ത് ഞാന്‍ 'കമ്മാരസംഭവം' സിനിമയുടെ ഷൂട്ടിംഗും പിന്നെ സിസിഎല്ലുമായി (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) തിരക്കിലായിരുന്നു. മറ്റേത് പ്ലാറ്റ്ഫോമും സിനിമയിലെ യാത്രയ്ക്ക് ഗുണകരമാകുമോ എന്ന നിലയിലാണ് ഞാന്‍ നോക്കാറ്. അവയൊക്കെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിത്തരും എന്നാണ് പ്രതീക്ഷിക്കാറ്. പിന്നെ ബിഗ് ബോസ് രണ്ടാം സീസണിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് 'കുഞ്ഞാലിമരയ്ക്കാര്‍', 'മാമാങ്കം' എന്നീ സിനിമകളുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. മലയാളസിനിമയിലെ സ്വപ്‍നതുല്യമായ രണ്ട് പ്രോജക്റ്റുകള്‍ ആയിരുന്നു. അതുകൊണ്ടാണ് ആദ്യ രണ്ട് സീസണുകളും ഒഴിവാക്കേണ്ടിവന്നത്. മൂന്നാം സീസണിന്‍റെ സമയക്ക് കൊവിഡ് ആയിരുന്നു. ആതിനിടെ കാലിനും ഒരു പരുക്ക് പറ്റിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ജീവിതവും മുടന്തി തുടങ്ങി. തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്നു, ഇനി എപ്പോള്‍ ലൈവ് ആകും എന്ന് അറിയില്ല. പിന്നെയുള്ളത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് അവര്‍ക്ക് ഒരു 'ആര്‍ട്ടിസ്റ്റ് ലിസ്റ്റ്' ഉണ്ടാവും. അത് അവരുടെ ബിസിനസിന്‍റെ ഭാഗമാണ്. അതിലേക്ക് എത്തിപ്പെടുക എന്നത് ചെറിയ കാര്യമല്ല. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്ന സമയത്താണ് ഈ സീസണിലേക്കുള്ള വിളി വരുന്നത്. ബിഗ് ബോസ് ഒരു വലിയ പ്ലാറ്റ്ഫോം ആണ്. പോകാം എന്ന് തീരുമാനിച്ചു. സാമ്പത്തികവും ഒരു ഘടകമായിരുന്നു. ലോക്ക് ഡൗണിന്‍റെ സമയത്ത് ചിലവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരവുകള്‍ ഉണ്ടായിരുന്നില്ല.
15 വര്‍ഷം കൊണ്ട് സിനിമയിലൂടെ മലയാളികള്‍ക്കു മുന്നില്‍ സൃഷ്‍ടിക്കപ്പെട്ട ഒരു പ്രതിച്ഛായയുണ്ട്. അത് ബിഗ് ബോസിലൂടെ മോശമാവാന്‍ സാധ്യതയുണ്ടെന്ന ഭയമുണ്ടായിരുന്നോ?
ആദ്യ രണ്ട് സീസണുകളും നടക്കുന്ന സമയത്ത് എനിക്ക് ഒരുപാട് കോളുകള്‍ വന്നിരുന്നു. 'നീ പോകുന്നുണ്ടെന്ന് കേട്ടല്ലോടാ' എന്ന് ചോദിച്ചുകൊണ്ട്. ഈ സീസണിലേക്ക് പോകുംമുന്‍പ് അത്തരം വിളികളൊന്നും ഉണ്ടായിരുന്നില്ല, കാരണം ഞാന്‍ ആരുടെയടുത്തും അങ്ങനെ പറഞ്ഞിരുന്നില്ല. ആദ്യ രണ്ട് സീസണിലും ഞാന്‍ പോകുന്നെന്ന് തെറ്റിദ്ധരിച്ച് വിളിച്ചവര്‍ ചോദിച്ചിട്ടുണ്ട്, നിനക്കിത് വേണോ പോകണോ എന്നൊക്കെ. ഫെബ്രുവരി 13നാണ് ഇത്തവണ നമ്മള്‍ ഹൗസിലേക്ക് കയറുന്നത്. ഫെബ്രുവരി 10 ഒക്കെ ആയപ്പോഴാണ് ഞാന്‍ ഇതിലുണ്ടെന്ന് പലരും അറിഞ്ഞുതുടങ്ങിയത്. സിനിമാമേഖലയിലുള്ളവരും അല്ലാത്തവരും ആ സമയത്ത് വിളിച്ചു. ഇത് വേണോ എന്ന് പലരും ചോദിച്ചു. ഇതിനെയൊക്കെ തരണം ചെയ്‍താണ് നമ്മള്‍ അവിടെ എത്തുന്നത്. പത്തൊന്‍പത് മത്സരാര്‍ഥികളും ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് അവിടെയെത്തി പരിചയപ്പെട്ടപ്പോല്‍ മനസിലായി. എന്നോട് ചോദിച്ചവരോട് ഈ അവസരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. കൊവിഡ് സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ 100 ദിവസം ബിഗ് ബോസ് പോലെ ഒരു പ്ലാറ്റ്ഫോം ലഭിക്കുന്നത് വലിയൊരു കാര്യമല്ലേ? ഏഷ്യാനെറ്റില്‍ ദിവസം ഒന്നര മണിക്കൂര്‍ നമ്മളെ കാണുമ്പോള്‍ ഒരു സിനിമ കാണുന്നതുപോലെ തന്നെയാവില്ലേ പ്രേക്ഷകര്‍ക്ക്? വരുന്ന അവസരങ്ങളെക്കുറിച്ച് പുനരാലോചനകള്‍ ഇനിയില്ല, അവയെ ശരിയായി ഉപയോഗിക്കുക എന്നേയുള്ളൂ.
എപ്പോഴെങ്കിലും വരാവുന്ന സിനിമയിലെ അവസരങ്ങള്‍ക്കായി എപ്പോഴും ഞാന്‍ തയ്യാറെടുത്തിരുന്നു, ഹോം വര്‍ക്ക് ചെയ്‍തിരുന്നു. സിനിമകള്‍ കാണും, സുഹൃത്തുക്കളുമായി സിനിമ സംസാരിക്കും, ജിമ്മില്‍ പോകും, ഡാന്‍സും ആയോധനകലയുമൊക്കെ കുറച്ചുകൂടി നന്നായി പഠിക്കാനായി ശ്രമിച്ചിരുന്നു, ഇതെല്ലാം സിനിമയ്ക്കുവേണ്ടിയാണ് പഠിച്ചുകൊണ്ടിരുന്നത്. ഈ ഹോം വര്‍ക്ക് ആണ് ബിഗ് ബോസ് ഹൗസിലെ ടാസ്‍കുകളിലൊക്കെ സഹായകമായത്. ഞാന്‍ ബിഗ് ബോസിനുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. പക്ഷേ സിനിമയ്ക്കുവേണ്ടി ഒരു അഭിനയ വിദ്യാര്‍ഥി എന്ന നിലയില്‍ നടത്തിയ തയ്യാറെടുപ്പുകളുണ്ട്. ബിഗ് ബോസ് ഹൗസിന് അകത്തായാലും പുറത്തായാലും ഓരോ സന്ദര്‍ഭങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഞാന്‍ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും.
അവിടുത്തെ 24 മണിക്കൂറിലെ മത്സരാര്‍ഥികളുടെ ജീവിതം ഒന്നര-രണ്ട് മണിക്കൂറില്‍ കട്ട് ചെയ്‍തതാണ് പ്രേക്ഷകര്‍ കാണുന്നത്. മാസങ്ങളോളം പുറംലോകവുമായി ആശയവിനിമയമില്ലാതെ, മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം അവിടെ കഴിയുന്നതിന്‍റെ അനുഭവം എന്താണ്? ബിഗ് ബോസിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നതില്‍ നിന്ന് വേറിട്ടതായിരുന്നോ നേരനുഭവം?
മത്സരാര്‍ഥികള്‍ എന്ന നിലയില്‍ ബിഗ് ബോസ് ഹൗസിലെ ഞങ്ങളുടെ പ്രകടനത്തെ പ്രേക്ഷകര്‍ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് കുറച്ചെങ്കിലും അറിയാന്‍ അവസരം കിട്ടുന്നത് ലാല്‍ സാര്‍ വരുന്ന ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ബിഗ് ബോസിലെ ലാല്‍ സാറിന്‍റെ വേദിയ്ക്കു മുന്നില്‍ പ്രേക്ഷകര്‍ ഉണ്ടായിരുന്നു. വെര്‍ച്വല്‍ ഓഡിയന്‍സ് എങ്കിലും ഉണ്ടായിരുന്നു. എല്ലാ ഭാഷാ ബിഗ് ബോസുകളിലും ഇത് ആദ്യമായിട്ടായിരിക്കും വേദിക്കു മുന്നില്‍ പ്രേക്ഷകര്‍ ഇല്ലാതെ ഷോ നടത്തുന്നത്. അപ്പോള്‍ ലാല്‍ സാര്‍ പറയുന്നതിലൂടെ മാത്രമേ നമുക്ക് എല്ലാം മനസിലാക്കാന്‍ സാധിക്കൂ. ഇത്തവണ ലക്ഷ്വറി ടാസ്‍കുകളിലൊക്കെ ഫുള്‍ മാര്‍ക്ക് ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതിനര്‍ഥം നമ്മള്‍ എടുക്കുന്ന എഫര്‍ട്ടിന് പുറത്ത് നല്ല അഭിപ്രായം കിട്ടുന്നു എന്നതാണെന്ന് തോന്നി. ഷോയുടെ സമയത്ത് മറ്റൊന്നും ചിന്തിച്ചിരുന്നില്ല. പിന്നെ ബിഗ് ബോസ് 14 ദിവസം ഷോ എക്സ്റ്റന്‍ഡ് ചെയ്യാനും തീരുമാനിച്ചിരുന്നു. നമ്മള്‍ പ്രേക്ഷകരെ എന്‍റര്‍ടെയ്ന്‍ ചെയ്യിപ്പിച്ചു എന്നതിന്‍റെ തെളിവാണ് അതും. ആദ്യ രണ്ട് സീസണുകളേക്കാള്‍ മൂന്നിരട്ടിയാണ് വോട്ടിംഗ് എന്ന് ഇപ്പോള്‍ അറിയാം. മത്സരാര്‍ഥികള്‍ എന്ന നിലയില്‍ ചില്ലറ വഴക്കുകളും കാര്യങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പ്രേക്ഷകരെ വിനോദിപ്പിച്ചു എന്നതാണ് വലിയ കാര്യമായി തോന്നുന്നത്.
ബിഗ് ബോസിലെ സൗഹൃദങ്ങളെ എങ്ങനെയാണ് കണ്ടിരുന്നത്? മറ്റു മത്സരാര്‍ഥികളെ മാത്രമേ അവിടെ നില്‍ക്കുന്ന അത്ര ദിവസവും കാണാന്‍ പറ്റൂ. മറ്റു മത്സരാര്‍ഥികളുമായി എത്തരത്തിലുള്ള അടുപ്പമാണ് വേണ്ടതെന്ന് ഹൗസില്‍ എത്തുന്നതിനു മുന്‍പ് ചിന്തിച്ചിരുന്നോ? ആരെയാണ് സുഹൃത്താക്കേണ്ടതെന്ന് ആദ്യ ദിവസങ്ങളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായോ?
അവിടുത്തെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. പലരുമായും സംസാരിക്കണം. എന്‍റെ ജീവിതമല്ല വേറൊരാളുടെ ജീവിതം. നമ്മളേക്കാള്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് വരുന്ന ആളുകളുണ്ട്, നമ്മളോട് സംസാരിക്കുമ്പോള്‍ സ്വന്തം പ്രശ്‍നങ്ങള്‍ ചെറുതാണെന്ന് മനസിലാക്കുന്നവരും ഉണ്ടാവാം. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഗെയിം ഷോ ആണല്ലോ. എത്രയൊക്കെ സൗഹൃദം വച്ചിരുന്നാലും ടാസ്‍കുകളൊക്കെ വരുമ്പോള്‍ എതിരഭിപ്രായങ്ങളൊക്കെ ഉണ്ടാവും. പക്ഷേ അതിനുശേഷം എങ്ങനെയാണ് അവര്‍ എന്നതിലാണ് കാര്യം. അതൊക്കെ മനസിലാക്കി പെരുമാറിയ മത്സരാര്‍ഥികള്‍ തന്നെയായിരുന്നു ഇത്തവണ. മുന്‍ ബിഗ് ബോസ് സീസണുകള്‍ കണ്ട് ഒരു പ്ലാന്‍ നടപ്പാക്കുന്നതിനു പകരം ഇങ്ങനെയും ടാസ്‍കുകളെയും ഗെയിമുകളെയും സമീപിക്കാമെന്ന് മനസിലാക്കിയവര്‍. അത് ഞങ്ങള്‍ മുഴുവന്‍ പേരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു. അതുകൊണ്ടൊക്കെയാവും ഷോ ഇത്ര വലിയ വിജയമായതും. ആബാലവൃദ്ധം ജനങ്ങളും ഇക്കുറി ഷോയുടെ പ്രേക്ഷകരായി ഉണ്ടായിരുന്നു.
ഷോയില്‍ അങ്ങനെ മുന്നോട്ടുപോകുമ്പോള്‍ സൗഹൃദങ്ങള്‍ എന്നത് സ്വാഭാവികമായി വന്നുചേരുന്നതാണ്. ഹൗസില്‍ വച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്, സൗഹൃദം എന്നത് ഒരു മെഴുകുതിരി പോലെയാവണം എന്ന്. അങ്ങനെയാണ് എന്‍റെ കണ്‍സെപ്റ്റ്. അവരും നമ്മളും പ്രകാശിക്കണം. അല്ലാതെ നമ്മളെ ഊതി അണയ്ക്കാന്‍ നോക്കുന്ന ആളാവരുത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയാലും നമുക്ക് ജീവിതമുണ്ട്. മത്സരബുദ്ധി ഓകെ, പക്ഷേ ജീവിതം വച്ചുള്ള ഒരു കളി പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആ ചിന്ത എപ്പോഴും എന്‍റെ മത്സരത്തില്‍ ഉണ്ടായിരുന്നു. എന്‍റെ ജീവിതം മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രശ്‍നങ്ങള്‍ ഉണ്ടാക്കരുത് എന്ന്, ശാരീരികമായും മാനസികമായും. എല്ലാവരും എന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ്. പക്ഷേ അവിടെവച്ചുതന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്‍റെ ആത്മാര്‍ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന്.
മാനസികമായി വലിയ സമ്മര്‍ദ്ദത്തിനടിപ്പെട്ട് ഇടയ്ക്ക് മാറിനില്‍ക്കുന്ന മണിക്കുട്ടനെയും പ്രേക്ഷകര്‍ കണ്ടു. ആ തീരുമാനത്തിലേക്ക് എത്താനുണ്ടായ കാരണം എന്തായിരുന്നു? മോഹന്‍ലാലിന്‍റെ വാക്കുകള്‍ ആയിരുന്നോ?
സിനിമയ്ക്കു പിന്നാലെയായിരുന്നു കഴിഞ്ഞ 16 വര്‍ഷം. വേണമെങ്കില്‍ മനസ് മടുത്തുപോകാമായിരുന്നു. വേറെ ജോലി നോക്കിപ്പോകാനൊക്കെ തോന്നിയേനെ. ശാരീരികം എന്നതിനപ്പുറത്ത് മാനസികമായി ഞാന്‍ എന്നെ സ്ട്രോംഗ് ആക്കി, സന്തോഷമാക്കി വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെഗറ്റീവ് ആയ കാര്യങ്ങള്‍ എന്നിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം നെഗറ്റിവിറ്റി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം മാറിനിന്നിട്ടുണ്ട്. ശാരീരികമായി നല്ല ആരോഗ്യമുണ്ടെങ്കിലും മാനസികമായി കരുത്തില്ലെങ്കില്‍ ആ ആരോഗ്യംകൊണ്ട് കാര്യമില്ല. മാനസികമായി തളര്‍ച്ചയുള്ള സമയത്തും മറ്റുള്ളവര്‍ക്ക് അങ്ങനെ കാണപ്പെടണമെന്നില്ല. ബിഗ് ബോസ് ഹൗസില്‍ നിന്ന് രണ്ടുമൂന്നു ദിവസമേ മാറിനില്‍ക്കേണ്ടിവന്നുള്ളൂ. അതില്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വിഷമമൊന്നുമില്ല. അങ്ങനെ പോയത് എന്‍റെ ഗെയിമിനെ ബാധിച്ചിട്ടുമില്ല.
പ്രേക്ഷകര്‍ ഈ തരത്തിലാണ് മണിക്കുട്ടനെ സ്വീകരിച്ചിരിക്കുന്നതെന്ന് ആദ്യമായി മനസിലാക്കിയ നിമിഷം ഏതാണ്? ആ നിമിഷത്തെക്കുറിച്ച് പറയാമോ?
കൊവിഡ് സാഹചര്യം കാരണം 96-ാം ദിവസം നമ്മള്‍ അവിടുന്ന് ഇറങ്ങേണ്ടിവരുകയായിരുന്നു. പുറത്തിറങ്ങി കാറില്‍ കയറുന്ന സമയത്ത് കൊവിഡ് സാഹചര്യം ആണെങ്കില്‍പ്പോലും അവിടെ ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ പലരും യുട്യൂബേഴ്സ് ഒക്കെ ആയിരുന്നു. അങ്ങനെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഷോ നമ്മള്‍ വിചാരിച്ചതിനേക്കാള്‍ വിജയമായി എന്നതാണെന്ന് ചിന്തിച്ചു. തിരുവനന്തപുരത്തേക്കുള്ള ഫ്ളൈറ്റ് ഒരു ദിവസം വൈകി ആയിരുന്നു. എനിക്ക് ഫോണ്‍ കിട്ടിയതും കുറച്ച് വൈകിയാണ്. രാത്രി ഫോണ്‍ കൈയില്‍ കിട്ടിയപ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം മനസിലായി. ഒരുപാട് മെസേജുകളും കോളുകളുമൊക്കെ വന്നു. തിരിച്ച് നാട്ടിലെത്തിയപ്പോഴും ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, പോസിറ്റീവ് ആയ പ്രതികരണമായിരുന്നു. പക്ഷേ ഷോ ഉണ്ടാക്കിയ കൃത്യം ഇംപാക്റ്റ് മനസിലാവുന്നത് 'നവരസ'യുടെ ടീസര്‍ വന്ന സമയത്താണ്, അതിന്‍റെ യുട്യൂബ് ലിങ്കിനു താഴെ വന്ന കമന്‍റുകള്‍ കണ്ടപ്പോഴാണ്. പ്രേക്ഷകരുടെ സ്നേഹത്തിന്‍റെ ആഴം മനസിലാവുന്നത് അപ്പോഴാണ്. ബിഗ് ബോസ് കണ്ടിട്ട് കുറച്ചുനാള്‍ കഴിയുമ്പോഴേക്ക് പ്രേക്ഷകരുടെ മനസില്‍ നിന്ന് പോകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അത് അങ്ങനെയല്ല എന്ന് മനസിലായി. വലിയ സന്തോഷവും അഭിമാനവും തോന്നി.
സമ്മാനമായി കിട്ടിയ ഫ്ളാറ്റ് എവിടെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നാണ് വാഗ്‍ദാനം. അത് എവിടെ ആയിരിക്കും?
വിജയ നിമിഷത്തെപ്പറ്റി മുന്‍കൂട്ടി ചിന്തിച്ചിരുന്നില്ല. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയുള്ള ഷോ ആണ് ബിഗ് ബോസ്. എന്തും സംഭവിക്കാം. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമാണ്. അതിന്‍റെ കാര്യങ്ങളൊക്കെ ഇനി നോക്കണം. സിനിമയാണ് എന്‍റെ സ്വപ്‍നം. നല്ല അവസരങ്ങളും കഥാപാത്രങ്ങളും വരണം. സിനിമാജീവിതത്തിന് കൂടുതല്‍ ഉതകുന്ന രീതിയിലാവും ഫ്ളാറ്റ് എവിടെവേണം എന്ന തീരുമാനമൊക്കെ.
ബിഗ് ബോസ് ഷൂട്ട് കഴിഞ്ഞ് രണ്ട് മാസത്തിലേറെ കഴിഞ്ഞാണ് ഫിനാലെ നടന്നത്. പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ച് മനസിലായിട്ടും ഫിനാലെ വേദിയില്‍ പലപ്പോഴും മണിയുടെ മുഖത്ത് സമ്മര്‍ദ്ദം കണ്ടു. അപ്രതീക്ഷിതമായത് വല്ലതും സംഭവിക്കുമോ എന്ന് ഭയന്നിരുന്നോ?
സീസണ്‍ 3ല്‍ ഏറ്റവും കുറവ് തവണ എലിമിനേഷനില്‍ വന്ന ഒരു വ്യക്തി ഞാനാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകപിന്തുണ എത്രത്തോളമുണ്ട് എന്ന കാര്യം നമുക്ക് അറിയില്ല. പുറത്തുവന്നപ്പോള്‍ പിന്തുണയും വിമര്‍ശനവും രണ്ടും കാണുന്നുണ്ട്. ഒരിക്കലും ടെന്‍ഷന്‍ എന്നുപറയുന്ന ഒരു സംഗതി എനിക്കില്ല. പക്ഷേ ഒരുപാട് പ്രേക്ഷകരുടെ ആഗ്രഹവും പ്രാര്‍ഥനയും എനിക്കൊപ്പം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നമ്മളുടെ പ്രവര്‍ത്തികള്‍, നിലപാടുകള്‍ ഒക്കെ കണ്ട് ഉണ്ടാവുന്ന ഇഷ്‍ടമാണ് അത്. എന്നേക്കാളധികം എന്‍റെ വിജയം ആഗ്രഹിച്ചവര്‍ ഉണ്ട്. ഇത് എന്‍റെ മാത്രം വിജയമല്ല, അവരുടെയും വിജയമാണ്. 34 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ഒരു ക്യാരക്റ്റര്‍ 100 ദിവസം കൊണ്ട് നഷ്ടപ്പെടുത്താനോ നേടാനോ സാധിക്കില്ല. വിജയിക്കുന്നെങ്കില്‍ ആ ചിന്താഗതികളുടെയും നമ്മളെപ്പോലെ ചിന്തിക്കുന്ന പ്രേക്ഷകരുടെയും വിജയമായിരിക്കുമെന്ന് കരുതിയിരുന്നു. ആ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു.
സിനിമയില്‍ 15 വര്‍ഷം പിന്നിട്ടിട്ടും വേണ്ട പരിഗണന കിട്ടാത്തതിന്‍റെ സങ്കടം ഫിനാലെ വേദിയില്‍ പറഞ്ഞിരുന്നു. ഇക്കാലത്തിനിടെ സിനിമ എന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് തോന്നിയോ?
അത് എല്ലാവര്‍ക്കും ഉണ്ടാവും. അതുംകൂടി ചേര്‍ന്നാലേ നമ്മുടെ സിനിമാജീവിതം പൂര്‍ണ്ണമാവൂ. എല്ലാം എളുപ്പവഴികള്‍ ആയിരിക്കില്ല. നമ്മള്‍ എടുക്കുന്ന പരിശ്രമങ്ങള്‍ക്ക് ചില റിജക്ഷന്‍സ് ഒക്കെ കിട്ടണം. അവിടെ തളര്‍ന്നുപോകാന്‍ എളുപ്പമാണ്. അവിടെ തളരരുത്. അതൊക്കെ നമുക്ക് കിട്ടുന്ന പാഠങ്ങളാണ്. ജീവിതത്തിലെ അത്തരം യാഥാര്‍ഥ്യങ്ങളിലൊന്നും എനിക്ക് മനസ് മടുത്തുപോയിട്ടില്ല. നല്ല നല്ല സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതിന് നമ്മള്‍ പ്രതീക്ഷിച്ച രീതിയിലുള്ള സ്വീകാര്യത കിട്ടിയിട്ടില്ല. സിനിമ എന്നത് ദൈവം കൊണ്ടുതന്ന ഒരു അനുഗ്രഹമായിരുന്നു. സിനിമയെ ആത്മാര്‍ഥമായി സ്നേഹിച്ചാല്‍ സിനിമ അനുഗ്രഹങ്ങള്‍ തരും. ചിലപ്പോള്‍ വൈകിയേക്കാം എന്നേയുള്ളൂ. അങ്ങനെ കിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു സിസിഎല്‍ പ്ലാറ്റ്ഫോം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സാറിനെവരെ അടുത്തുകണ്ട് ഷേക്ക്ഹാന്‍ഡ് കൊടുത്തിട്ടുണ്ട്. പിന്നെ ഇപ്പോള്‍ ബിഗ് ബോസ്. അത് സിനിമ കൊണ്ടുവന്നുതന്ന മറ്റൊരു ഭാഗ്യമാണ്.
സുശാന്ത് സിംഗിന്‍റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം (Nepotism) വലിയ ചര്‍ച്ചയായിരുന്നു. ഗോഡ്‍ഫാദര്‍മാരില്ലാത്ത ഒരു അഭിനേതാവിന് മലയാള സിനിമയില്‍ സര്‍വൈവ് ചെയ്യുക എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്?
എന്‍റെ സിനിമാജീവിതത്തില്‍ അങ്ങനെയൊന്ന് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ശ്രമം പരാജയപ്പെടുന്ന സമയത്ത് ഇങ്ങനെയുള്ള ചിന്തകളിലേക്ക് നമ്മുടെ ശ്രദ്ധ പോകും. പല കാര്യങ്ങളിലും നമുക്ക് മനസ് മടുക്കാം. ശ്രമങ്ങള്‍ തുടര്‍ന്നാല്‍ കൃത്യമായ സമയത്ത് വരേണ്ട കാര്യങ്ങള്‍ നമ്മളിലേക്ക് വരിക തന്നെ ചെയ്യും. സിനിമാമേഖലയില്‍ നിരവധി പേരുമായി എനിക്ക് സൗഹൃദമുണ്ട്. ഏത് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടാവാം. 'മലയാളസിനിമയിലെ സ്വജനപക്ഷപാതം' ഒരു എക്സ്ക്യൂസ് ആയി പറയാവുന്ന ഒരു കാര്യം മാത്രമാണ്. പിന്നെ പ്രേക്ഷകരുടെ ഒരു പിന്തുണ വന്നാല്‍ എല്ലാ കാര്യങ്ങളും മാറും. അതുവരെ ശ്രമിച്ചുകൊണ്ടിരിക്കുക എന്നേ ചെയ്യാനുള്ളൂ.
നെറ്റ്ഫ്ളിക്സിന്‍റെ 'നവരസ'യിലെ 'സമ്മര്‍ ഓഫ് 92', 'മരക്കാര്‍' എന്നിവയാണ് പുറത്തുവരാനുള്ള ചിത്രങ്ങള്‍. ഭാവി പരിപാടികളായി മനസ്സിലുള്ളത് എന്തൊക്കെയാണ്?
പുതുതായി ഒരു സിനിമയും കമ്മിറ്റ് ചെയ്‍തിട്ടില്ല. 'നവരസ'യുടെ ഭാഗമായി നെറ്റ്ഫ്ളിക്സ് ടീം ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസം മുന്‍പ് പ്രിയന്‍ സാര്‍ വിളിച്ചിട്ട് പറഞ്ഞു, മണി രത്നം നിന്നെക്കുറിച്ച് അന്വേഷിച്ചിരുന്നെന്ന്- 'ആരെടാ ഈ എംകെ' എന്ന് (ചിരി) ചോദിച്ചുവെന്ന് പറഞ്ഞു.. ടീസര്‍, ട്രെയ്‍ലര്‍ കമന്‍റുകള്‍ കണ്ടിട്ടാണ് അദ്ദേഹം വിളിച്ചത്. പ്രിയന്‍ സാറിന് ഭയങ്കര സന്തോഷം. ക്രിക്കറ്റ് വഴിയാണ് പ്രിയദര്‍ശന്‍ എന്ന ലെജന്‍ഡറി ഡയറക്ടറെ ഞാന്‍ പരിചയപ്പെടുന്നത്. പല സംവിധായകരോടും അവസരം ചോദിക്കുമ്പോള്‍ അവര്‍ നമ്മുടെ നെഗറ്റീവ് വശങ്ങള്‍ പറയും. പൊക്കം കുറവാണെന്നോ അല്ലെങ്കില്‍ ബോഡി ബില്‍ഡിംഗ് ചെയ്യുന്നുവെന്നോ ഒക്കെ. പക്ഷേ പ്രിയന്‍ സാര്‍ പറഞ്ഞക് ബോഡി അങ്ങനെതന്നെ വച്ചോളാനാണ്. ഒരു ആക്ടറെ വളരെ പോസിറ്റീവ് ആയിട്ട് കാണുന്ന സംവിധായകനാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സിനിമകളിലെ കഥാപാത്രങ്ങളായി അഭിനേതാക്കള്‍ക്ക് ഗംഭീരമായി പ്രകടനം നടത്താന്‍ സാധിക്കുന്നത്. അദ്ദേഹത്തിന്‍റെ മനസിന്‍റെ സ്നേഹം കൊണ്ട് വിളിച്ചതാണ്. അല്ലാതെ ഒരു നെറ്റ്ഫ്ളിക്സ് പ്രൊഡക്ഷനിലേക്കൊക്കെ എങ്ങനെ എത്തിപ്പെടാനാണ്. ആ കഥാപാത്രത്തേക്കാള്‍ ആ മുഴുവന്‍ സിനിമയുടെ ഒരു പ്രാധാന്യമാണ് ഞാന്‍ നോക്കിയത്. പ്രതിഭാധനരായ നിരവധി സംവിധായകരും അഭിനേതാക്കളും. പിന്നെ കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന തമിഴ് സിനിമാ മേഖലയിലെ സാങ്കേതികപ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കാനുള്ള പ്രോജക്റ്റ് കൂടിയാണ്. അതിന്‍റെയൊക്കെ ഭാഗമാവാന്‍ സാധിച്ചത് വലിയ സന്തോഷം. പ്രേക്ഷകരോടും നന്ദി പറയാന്‍ വാക്കുകളില്ല. അവരുടെ കമന്‍റുകള്‍ മണി രത്നം സാര്‍ വരെ ശ്രദ്ധിച്ചു. മലയാളികള്‍ ഒരാളെ മനസ്സിലേറ്റിക്കഴിഞ്ഞാല്‍ കൂടെയുണ്ടാവും.
ബിഗ് ബോസില്‍ മണിക്കുട്ടന്‍റെ വിവാഹം പലപ്പോഴും ചര്‍ച്ചയായിരുന്നു, സുഹൃത്തുക്കള്‍ക്കിടയില്‍. വിവാഹം എപ്പോഴാണ്?
കഴിഞ്ഞ നാല് വര്‍ഷമായി ഏത് പ്രോഗ്രാമില്‍ പോയാലും എന്‍റെ വിവാഹത്തെക്കുറിച്ച് ഭയങ്കര ചര്‍ച്ചയാണ് (ചിരി). വിവാഹം വന്നുചേരട്ടെ എന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹമായിരിക്കും. ബിഗ് ബോസിലെ വിജയിയായി പ്രേക്ഷകര്‍ എത്തിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ അടുത്ത ചുവട് വെക്കാനുള്ള ശ്രമത്തിലാണ്. വന്നാല്‍ നോക്കാമെന്നല്ലാതെ അതിനിടെ വിവാഹത്തെക്കുറിച്ച് ഒരു പദ്ധതിയും മനസ്സില്‍ ഇല്ല. ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പത്തേതുപോലെതന്നെയാണ് ഞാന്‍ ജീവിതത്തില്‍ ഇപ്പോഴും നില്‍ക്കുന്നത്. കരിയറിലായിരിക്കും ശ്രദ്ധ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona