പഴയ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല: 'പാലാപ്പള്ളി' പാട്ടുകാരന് പറയാനുള്ളത്

ഒരൊറ്റപ്പാട്ട് കൊണ്ട് മലയാളക്കരയിൽ തരംഗം സൃഷ്ടിച്ചതിന്റെ സന്തോഷത്തിലാണ് സോൾ ഓഫ് ഫോക്ക്സ് എന്ന മ്യൂസിക് ബാൻഡ്.

prithviraj movie kaduva Pala Palli Thiruppalli singer Athul Narukara interview

രു അടിപൊളി പാട്ടാണിപ്പോൾ നാട്ടിലെ താരം. സമൂഹമാധ്യമങ്ങളിലും വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിലുമെല്ലാം കേൾവിക്കാരെ ചുവടുവെപ്പിച്ചു കൊണ്ട് വൈറലാകുകയാണ് പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി'! ഒരൊറ്റപ്പാട്ട് കൊണ്ട് മലയാളക്കരയിൽ തരംഗം സൃഷ്ടിച്ചതിന്റെ സന്തോഷത്തിലാണ് ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ച സോൾ ഓഫ് ഫോക്ക്സ് എന്ന മ്യൂസിക് ബാൻഡ്. ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് ഇപ്പോഴും മുന്നേറുന്ന ഈ പാട്ട് വന്ന വഴിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സോൾ ഓഫ് ഫോക്കിന്റെ തലത്തൊട്ടപ്പനായ അതുൽ നറുകര.

സിനിമയിൽ എത്തിയ സോൾ ഓഫ് ഫോക്

ഒട്ടും പ്രതീക്ഷിക്കാതെ വന്ന് ചേർന്നൊരു ഭാഗ്യമാണിത്. സിനിമയിൽ പാടും ഇത്തരത്തിൽ പ്രശസ്തരാകും എന്നൊന്നും നമ്മൾ കരുതുന്നില്ലല്ലോ? ഒരുവർഷത്തിൽ എത്രയോ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്? പാലാപ്പള്ളി ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഞാനൊരു പ്ലേ ബാക് സിങ്ങറാണ്. ധാരാളം വേദികളിലും മറ്റും പരിപാടികൾ ചെയ്യാറുണ്ടായിരുന്നു. എല്ലാ മനുഷ്യരെ സംബന്ധിച്ചും ഏറെ പ്രശ്നങ്ങൾ വന്ന സമയമാണ് കൊവിഡ് മഹാമാരിയുടെ കാലം. ആ സമയത്ത് സോഷ്യൽ മീഡിയ നല്ല രീതിയിൽ ഞാൻ ഉപയോഗിച്ചിരുന്നു. നമ്മുടെ പാട്ടുകൾ ആളുകൾ കേൾക്കണം എന്നതാണല്ലോ ഏറ്റവും വലിയ കാര്യം. അങ്ങനെ ക്ലബ് ഹൗസ് വഴി ഞാൻ പങ്കുവച്ചൊരു പാട്ട് കേട്ടാണ് ഡയറക്ടർ സന്തോഷ് ശിവൻ സാർ എന്നെ കോൺടാക്ട് ചെയ്യുന്നത്. അദ്ദേഹമാണ് വിളിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് വല്ലാത്ത ഡൗട്ട് ഉണ്ടായിരുന്നു. കാരണം നമ്മളെ പോലുള്ളൊരാളെ സാറിനെ പോലൊരാൾ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, എടാ ആരെങ്കിലും നിന്നെ പറ്റിക്കുന്നതായിരിക്കും എന്നായിരുന്നു പറഞ്ഞത്. പക്ഷേ അദ്ദേഹം ഞങ്ങളെ നിരന്തരം കോൺടാക്ട് ചെയ്തു. ഏതങ്കിലും ഒരു സിനിമയിൽ പാടണം എന്നാണ് അദ്ദേഹം പറഞ്ഞത്.

നെറ്റ്ഫ്ലിക്സിൽ എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിൽ നാടൻപാട്ടുകൾ കണക്ട് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ആ ആന്തോളജിയിൽ സന്തോഷ് സർ ഡയറക്ട് ചെയ്യുന്ന അഭയം തേടി വീണ്ടും എന്ന ചിത്രത്തിൽ ഞങ്ങളുടെ നാല് പാട്ടുകൾ ഉണ്ട്. അതിൽ രണ്ട് പാട്ടുകൾ എഴുതിയത് ഞാൻ തന്നെയാണ്. മൂന്ന് പാട്ട് പാടിയിരിക്കുന്നതും ഞാൻ തന്നെയാണ്. ആ സിനിമയിലെ മ്യൂസിക് ഡയറക്ടറും ജേക്സ് ബിജോയ് സാർ ആണ്. ആന്തോളജിക്ക് വേണ്ടി റെക്കോർ‍ഡ് ചെയ്യാൻ പോയ സമയത്താണ് ജേക്സ് സാറിനെ പരിചയപ്പെടുന്നത്. ഫോക്കിനെ കുറിച്ച് ഞാൻ സംസാരിക്കുന്നത് കേട്ട് അദ്ദേഹത്തിന് ക്രേസ് ആയി.

അങ്ങനെ ഇരിക്കെയാണ് പുഴു എന്ന സിനിമ വരുന്നത്. ജേക്സ് സർ അതിലൊരു ട്യൂൺ സെറ്റ് ചെയ്തിട്ടിരിക്കുമ്പോഴാണ് ഞാൻ മുന്നിൽപ്പെട്ടത്. ഞാനത് പാടി നോക്കിയപ്പോൾ തന്നെ മൂപ്പർക്ക് ഇഷ്ടമായി. സംവിധായിക രത്തീനയും ഞാൻ മതിയെന്ന് പറഞ്ഞു. അങ്ങനെ എന്റേതായി ആദ്യം പുറത്തിറങ്ങിയ ഗാനം പുഴുവിലേതായി. അവിടെ വച്ചാണ് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന കടുവയിലെ പാട്ട് ഞങ്ങൾ പരിചയപ്പെടുത്തി കൊടുത്തത്. നാടൻ പാട്ടുകളെ കൊമേഷ്യൽ ആയിട്ട് ഇക്കാലത്ത് ആരെങ്കിലും കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ജേക്സ് സാറാണ്. നല്ല രീതിയിൽ തന്നെ ഈ പാട്ട് അദ്ദേഹം കമ്പോസ് ചെയ്തു. അതിന്റെ റിസൽട്ട് ആണ് നമുക്കിപ്പോൾ കിട്ടയത്.

സോൾ ഓഫ് ഫോക്കിനെക്കുറിച്ച്

കഴിഞ്ഞ പത്ത് വർഷത്തോളമായി നാടൻപാട്ട് മേഖലയിൽ പ്രവർത്തിക്കുന്നൊരാളാണ് ‍ഞാൻ. കനൽ തിരുവാലി എന്നൊരു ടീമിലായിരുന്നു പാടിയിരുന്നത്. ആ സമയത്ത് തന്നെ എന്റെ നാട്ടിൽ ഇത്തരത്തിലൊരു ടീം ഉണ്ടാക്കണം എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഒരു ഗ്രാമത്തിലെ കലാകാരൻ വളർന്ന് വലുതാകുമ്പോൾ ആ ഗ്രാമത്തിൽ ഉള്ളവവരെയും കൂട്ടണമല്ലോ. അങ്ങനെ നാട്ടിലുള്ള കുറേ കൂട്ടുകാരെ ഉൾപ്പെടുത്തി കൊണ്ട് കെവിഡിന് മുൻപ് സോൾ ഓഫ് ഫോക് ആരംഭിക്കുക ആയിരുന്നു. ഇപ്പോൾ നാല് വർഷമായി. കൊവിഡ് സമയത്താണ് ഞങ്ങളെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒഴിവ് കിട്ടുന്ന സമയത്തൊക്കെ പാട്ടുകൾക്ക് വേണ്ടി ‍ഞങ്ങൾ വർക്ക് ചെയ്തുകൊണ്ടേയിരുന്നു. പുതിയ കാലഘട്ടത്തിലെ ഡിജെ പോലുള്ള അടിച്ചുപൊളി കാര്യങ്ങൾ അരങ്ങ് ഭരിക്കുമ്പോൾ, തനതായിട്ടുള്ള ഫോക് ഉപകരണങ്ങൾ കിട്ടുമെന്നും പുറത്തുള്ള പാട്ടുകൾ എടുക്കാതെ നമ്മുടെ നാട്ടിലെ പാട്ടുകളിൽ തന്നെ ഒരു അടിപൊളി എലമെന്റ് കിട്ടുമെന്നും തെളിയിക്കുക എന്നതാണ് ഞങ്ങളുടെ സോൾ ഓഫ് ഫോക്കിന്റെ ലക്ഷ്യം. അത്തരം വേദികളിലാണ് ‍ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കാറുള്ളതും. അത് കിട്ടി എന്നതിനുള്ള വലിയൊരു ഉദാഹരണമാണ് പാലാപ്പള്ളി പാട്ട്. ഇപ്പോൾ ഒത്തിരി പ്രോഗ്രാമുകൾ ഞങ്ങൾക്ക് വരുന്നുണ്ട്. പ്രതീക്ഷിക്കാത്തവർ വിളിക്കുന്നുണ്ട്. ആകെ പതിനഞ്ച് പേരാണ് കൂട്ടായ്മയിൽ ഉള്ളത്. ഒൻപത് പത്ത് പേരെ വച്ചിട്ടാണ് പ്രോഗ്രാമുകൾ ചെയ്യാറുള്ളത്.

prithviraj movie kaduva Pala Palli Thiruppalli singer Athul Narukara interview

പ്രിയപ്പെട്ട കലാഭവൻ മണിച്ചേട്ടൻ

നാടൻ പാട്ടുകളെ ജനകീയമാക്കിയതിൽ കലാഭവൻ മണിച്ചേട്ടന്റെ പങ്ക് വളരെ വലുതാണ്. ഞങ്ങളൊക്കെ പല വേദികളിലും കയറുന്നുണ്ടെങ്കിലും അതിനായി ഒരു വഴി തെളിച്ചത് അദ്ദേഹമാണെന്ന് പറയാം. നാടൻ പാട്ടുകൾ ചില വേദികളിൽ പറ്റില്ലെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് ഒരു സ്പേയ്സ് ഉണ്ടാക്കാം എന്ന് മണിച്ചേട്ടൻ കാണിച്ചു തന്നിട്ടുണ്ട്. നമ്മുടെ എല്ലാവരുടയും വഴികാട്ടിയാണ് അദ്ദേഹം. എന്റെ ശബ്ദത്തിന്റൊരു വശം അദ്ദേഹത്തിന്റേതായി തോന്നിയിട്ടുണ്ടെങ്കിൽ, അത്രത്തോളം ഇന്നും മണിച്ചേട്ടനെ ആളുകൾ ഓർക്കുന്നത് കൊണ്ടാകണം. ഏതെങ്കിലും വേദിയിൽ പോയി ഏത് പാട്ട് വേണമെന്ന് ചോദിക്കുമ്പോൾ ആദ്യം പറയുന്നത് മണിച്ചേട്ടന്റേതാണ്. അതിനി എത്രകാലം കഴിഞ്ഞാലും ആ മനുഷ്യന്റെ പാട്ട് ഭൂമിയിൽ ജീവിക്കും.

'പാലാപ്പള്ളി തിരുപ്പള്ളി'

പുലയ സമുദായത്തിന്റെ മരണവുമായി ബന്ധപ്പെട്ട കൂളിപ്പാട്ട് ആണത്. ഞങ്ങളുടെ നാട്ടിലെ നാണുച്ചേട്ടനും കബനി കലാസംഘം തുടങ്ങിയവരാണ് ഈ പാട്ടുകൾ കണ്ടെത്തി പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. പത്ത് പതിനഞ്ച് വർഷം മുമ്പാണിത്. എന്റെ ആശാനാണ് നാണുച്ചേട്ടൻ. അദ്ദേഹം ഈ പാട്ട് എനിക്ക് പറഞ്ഞു തരിക ആയിരുന്നു. ഫോക് ലോർ വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ പുതിയ കാലഘട്ടത്തിൽ  എഴുതപ്പെടാതെ പോകുന്ന മനുഷ്യരെ മറ്റുള്ളവരുടെ മുന്നിലേക്ക് കൊണ്ടുവരിക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. പാലാപ്പള്ളി പാട്ടിലും നാണുച്ചേട്ടന് ക്രെഡിറ്റ്സ് കൊടുത്തിട്ടുണ്ട്. ഇതിലെ ലിറിക്സ് ചിത്രത്തിന്റേതായ രീതിയിൽ എഴുതിയതാണ്. പള്ളിപ്പെരുന്നാളിന്റെ ഇടയിലെ ഫൈറ്റ് ആയിരുന്നല്ലോ ഈ ഗാനം. നായകന്റെയും പ്രതിനായകൻെയും രീതിയിൽ ആ ലിറിക്സുകൾ സെറ്റ് ചെയ്യുക ആയിരുന്നു.

കടുവയിലെ പ്രമോ ഗാനം

കടുവയിലെ പ്രമോയിൽ ഞങ്ങൾ അഭിനയിച്ചു എന്നതായിരുന്നു ഒരു ട്വിസ്റ്റ്.  എല്ലാവർക്കും ഇഷ്ടമായത് കൊണ്ട് ഈ പാട്ട് ട്രെയിലര്‍ പോലെ ഇറക്കാമെന്ന് തീരുമാനിക്കുക ആയിരുന്നു. പാട്ടുകൾ പലതും ഹിറ്റ് ആകുന്നുണ്ടെങ്കിലും പാടിയ ആളെ ആർക്കും അറിയില്ല. നൂറിൽ അറുപത് ശതമാനം പേര് മാത്രമെ ആരാണ് പാടിയതെന്ന് ശ്രദ്ധിക്കാറുള്ളു. പക്ഷേ കടുവയിൽ പടത്തിന്റെ വിഷ്വൽസ് ഒരു നാലരമിനിറ്റ് പാട്ടാകുമ്പോൾ, ഫുൾ ഫൈറ്റ് സീൻ വച്ച് കഴിഞ്ഞാൽ, ഫൈറ്റ് തന്നെ കട്ടാകുന്ന പോലെയാകും. ബാക്കി വിഷ്വൽ എങ്ങനെ സെറ്റ് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ആ കുട്ടികൾ നല്ലോണം പാടി കളിച്ച് ചെയ്യുന്നുണ്ടല്ലോ എന്ന് ജേക്സ് സാർ പറഞ്ഞത്. ഇപ്പോൾ പുറത്തൊക്കെ ഇറങ്ങുമ്പോൾ ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ശബ്ദം കേൾക്കുന്നതിനെക്കാൾ നമ്മളെ കാണുമ്പോൾ തന്നെ ആളുകൾക്ക് മനസ്സിലാകുന്നുണ്ട്. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്. ഒരു രൗദ്രഭാവത്തിലുള്ളതാണല്ലോ പാട്ട്. അതോടൊപ്പം അഭിനയിച്ച് നിൽക്കുക എന്ന് പറയുമ്പോൾ ചെറിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു.


പുഴു V\S പാലാപ്പള്ളി

രണ്ടും രണ്ട് ജോണറിലുള്ള പാട്ടാണ്. രണ്ടും രണ്ട് ഓഡിയൻസ് ആണ്. കുട്ടികളും യുവാക്കളുമാണ് പാലാപ്പള്ളിയുടെ ഓഡിയൻസ്. പുഴുവിലാണെങ്കിൽ കുറച്ച് പക്വത ഉള്ളവരും. രണ്ട് പ്രേക്ഷനും എന്റെ ശബ്ദം ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ വലിയൊരു കാര്യമാണ്. രണ്ട് വശവും സാധിക്കുന്നുണ്ടല്ലോ എന്നൊരു ആത്മവിശ്വാസവും എനിക്ക് വന്നു. പൃഥ്വിരാജേട്ടനെ കണ്ടു സംസാരിച്ചിരുന്നു. നല്ല അഭിപ്രായമാണ് ലഭിച്ചത്. മമ്മൂട്ടിയെ കാണാൻ സാധിച്ചില്ല. പിന്നെ ബറോസിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വച്ച് ലാലേട്ടനെ കണ്ടിരുന്നു. ഒപ്പം ഭക്ഷണം കഴിക്കാൻ സാധിച്ചു. സന്തോഷ് ശിവൻ സാർ മുഖേനയാണ് പുള്ളിയുടെ അടുത്തെത്തിയത്. പാട്ടുകളൊക്കെ കേട്ടിരുന്നു, എന്തെലും ആവശ്യമുണ്ടെങ്കിൽ വിളിക്കാട്ടോ എന്നൊക്കെ ലാലേട്ടൻ പറഞ്ഞു. പിന്നെ ഷൂട്ടിംഗ് കാണിച്ചു തന്നു. അതൊക്കെ ഒരു ഫാൻ ബോയ് മൊമന്റ് ആയിരുന്നു.

യാദൃശ്ചികമായ സംഭവം

ഒരു സിനിമാ പ്ലേ ബാക്ക് സിങ്ങർ ആകുമെന്ന് എന്റെ ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. യാദൃശ്ചികമായിട്ടാണല്ലോ പലതും ജീവിതത്തിൽ സംഭവിക്കുന്നത്. ചെറുപ്പം മുതൽ ഞാൻ പാട്ട് പാടാറുണ്ട്. പത്താം ക്ലാസ് കഴഞ്ഞതിന് ശേഷമാണ് ഞങ്ങളുടെ പാട്ടിനും പ്രേക്ഷകരുണ്ടെന്ന് മനസ്സിലാക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു സമയത്തൊക്കെയാണ് കലോത്സവ വേദികളിൽ എത്തുന്നത്.

മറ്റുള്ള ഗാനശാഖകളെ അപേക്ഷിച്ച് നാടൻപാട്ട് എന്ന് പറയുമ്പോൾ ചിലർക്ക് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്. നമുക്ക് പറ്റിയ പാട്ടല്ലല്ലോ, അത് അടിയാള വർഗത്തിന്റെ പാട്ടുകളല്ലേ അങ്ങനെ ഉള്ള പാട്ടുകളെടുത്ത് പോകുമ്പോൾ എങ്ങനെയാണ് രക്ഷപ്പെടാൻ സാധിക്കുക എന്ന തോന്നലുള്ള വലിയൊരു സമൂഹം ഇപ്പോഴും ഉണ്ട്. തുടക്ക കാലത്ത് ആത്മാർത്ഥമായി ഞാൻ പരിശ്രമിക്കുന്നത് കാണുമ്പോൾ തന്നെ എവിടെയെത്താന? എന്ന രീതിയിലൊക്കെയുള്ള സംസാരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ പറ‍ഞ്ഞ ആളുകളൊക്കെ ഇപ്പോൾ ഞങ്ങൾക്കൊപ്പം ഉണ്ട്. വീട്ടുകാർക്കൊക്കെ വളരെ വലിയ സന്തോഷം. നറുകര എന്ന നമ്മുടെ നാടിന്റെ പേരിൽ തന്നെ അറിയപ്പെടുമ്പോൾ വലിയൊരു സന്തോഷം ഉണ്ട്.  

 


എനിക്കൊപ്പം അനുജനും ട്രൂപ്പിൽ പാടുന്നുണ്ട്. വീട്ടിൽ മറ്റാരും പാടാറില്ല. ഒരുപക്ഷേ അച്ഛനൊക്കെ മുമ്പ് പാടിയിരുന്നിരിക്കണം. അന്നത്തെ കാലത്തൊന്നും മുന്നോട്ട് കൊണ്ട് വരാൻ ആരും ഉണ്ടായി കാണില്ല. അങ്ങനെ കുറേ മനുഷ്യന്മാരില്ലെ നമ്മുടെ ചുറ്റും. പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കാത്തത് കൊണ്ട് കഴിവുകളെ ഉള്ളിലൊതുക്കുന്നവർ.

നാടൻപാട്ടും പുതിയതലമുറയും

ഫോക് ലോർ എന്നത് മാറ്റത്തിന് വിധേയമാണ്. ഒരു കാലഘട്ടത്തിന് ആവശ്യപ്പെടുന്നതായിരിക്കില്ല മറ്റൊരു കാലഘട്ടം ആവശ്യപ്പെടുന്നത്. പുതിയ കാലഘട്ടത്തിലെ കൂട്ടുകാർക്കൊന്നും നാടൻ പാട്ട് വേണ്ട. കാരണം നമ്മളെ തരിപ്പിക്കുന്ന പാട്ടുകളാണ് സിനിമകളിൽ വരുന്നത്. ആ രീതിയിൽ നാടൻപാട്ടുകൾ ചെയ്യുമ്പോൾ വലിയ പ്രാധാന്യം ലഭിക്കില്ലേ? അതുകൊണ്ടാണ് പാലാപ്പള്ളി ഇത്രയും ഹിറ്റായത്. പഴയ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ആളുകൾ എന്നോട് പറയുന്നത്. എത്ത്നിക് ആയിട്ടുള്ളതും ഫോക് ഉപകരണങ്ങളും പാട്ടിനായി ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ചില ബാൻഡുകൾ നാടൻപാട്ടുകൾ എടുക്കുമ്പോൾ അവ എങ്ങനെ വന്നു എന്നൊന്നും നോക്കാറില്ല. എഴുത്തുകാരന്റെ പേര് പോലും പറയാതെ പാടുന്നവരുണ്ട്. അവ പറഞ്ഞ് പാടുകയാണെങ്കിൽ വളരെ നല്ലൊരു കാര്യമായിരിക്കും. അത് മാത്രമല്ല, പുതിയ ശൈലികൾ നാടൻ പാട്ടുകൾ കൊണ്ടുവരുമ്പോൾ ഇംഗ്ലീഷ് രീതി കൊണ്ടുവരാറുണ്ട്. അങ്ങനെ പാടേണ്ട ആവശ്യം എന്താണ് ഉള്ളത്. ആത്മാവ് പോകാതെ നാടൻപാട്ടുകൾ പാടികഴിഞ്ഞാൽ മികച്ചതായി മാറും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വേണമെങ്കിലും ആത്മാവ് നഷ്ടപ്പെടുത്താതിരിക്കുക.

Kaduva Movie : ബോക്സ് ഓഫീസിൽ 'കടുവ'യുടെ തേരോട്ടം; പൃഥ്വിരാജ് ചിത്രം ഇതുവരെ നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios