Asianet News MalayalamAsianet News Malayalam

മികവ് തെളിയിച്ച് കേരള സ്റ്റാര്‍ട്ടപ്പുകള്‍, ആഗോള സാങ്കേതിക സമ്മേളനത്തില്‍ കേരളത്തിന് കൈയടി

ഗള്‍ഫ് വിപണിയിലേയ്ക്ക് പ്രവേശിക്കാനുള്ള താല്പര്യവുമായെത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിനുള്ള മികച്ച അവസരമാണ് ലഭിച്ചത്. ഇതാദ്യമായാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍  ഇത്രയും ശക്തവും വൈവിധ്യമേറിയതുമായ സാന്നിധ്യം ജൈടെക്സില്‍ തെളിയിച്ചത്. 

Kerala Startup Mission showcased as many as 18 startups at the 39th annual GITEX Technology Week held in Dubai
Author
Thiruvananthapuram, First Published Oct 13, 2019, 5:39 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 18 സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക ഉല്പന്നങ്ങളുമായി ദുബായിയിലെ വാര്‍ഷിക ജൈടെക്സ് സാങ്കേതികവിദ്യാ വാരത്തില്‍ പങ്കെടുത്തു. ഇതിലൂടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്‍യുഎം) നേതൃത്വത്തില്‍ സംസ്ഥാനത്തെ പുതു സംരംഭങ്ങളുടെ സാന്നിധ്യം രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായി. 

ഗള്‍ഫ് വിപണിയിലേയ്ക്ക് പ്രവേശിക്കാനുള്ള താല്പര്യവുമായെത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിനുള്ള മികച്ച അവസരമാണ് ലഭിച്ചത്. ഇതാദ്യമായാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍  ഇത്രയും ശക്തവും വൈവിധ്യമേറിയതുമായ സാന്നിധ്യം ജൈടെക്സില്‍ തെളിയിച്ചത്. ജൈടെക്സിലെ കെഎസ്‍യുഎം പവിലിയനില്‍  ബ്ലോക്ചെയിന്‍, നിര്‍മിത ബുദ്ധി, വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് തുടങ്ങിയ വിപ്ലവകരമായ സാങ്കേതികവിദ്യകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ സംരംഭകത്വമാണ് പ്രകടിപ്പിക്കപ്പെട്ടത്. ജൈടെക്സിലെ ഫ്യൂച്ചര്‍ സ്റ്റാര്‍സ് വേദിയിലും ഇന്ത്യയില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിനും എണ്ണത്തിലും സാങ്കേതികവിദ്യയുടെ വൈവധ്യത്തിലും ഇത്രയും മികച്ച പങ്കാളിത്തം അവകാശപ്പെടാനായില്ല. 

ലോകത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ആയിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ട്രാവല്‍സ്പോക് എന്ന സ്റ്റാര്‍ട്ടപ് ഫ്യൂച്ചര്‍ ട്രാവല്‍ മത്സരത്തില്‍ ഫൈനലിലെത്തി. ട്രാവല്‍സ്പോക്, എംബ്രൈറ്റ്, ട്രെസെരിസ്, ഗ്ലോബ്ടെക് എന്നിവ സൂപ്പര്‍നോവ ചാലഞ്ചിന്‍റെ സെമിയില്‍ പ്രവേശിക്കുകയും എംബ്രൈറ്റ് ഫൈനലിലെത്തുകയും ചെയ്തു.

പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപത്തിനും ബിസിനസ് വിപുലീകരിക്കാന്‍ പ്രയോജനപ്പെടുന്ന മെന്‍റര്‍ഷിപ്പിനുമുള്ള അവസരങ്ങള്‍ തുറന്നുകിട്ടി. പത്തു സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപത്തിനുള്ള വഴി തെളിഞ്ഞത്. ബിസിനസ് സ്ഥാപനങ്ങളുമായി 15 സ്റ്റാര്‍ട്ടപ്പുകള്‍ ബന്ധമുണ്ടാക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ  പ്രതിനിധികളും ഫണ്ട് ഡയറക്ടര്‍മാരും കെഎസ്‍യുഎം പവിലിയനിലെത്തി സ്റ്റാര്‍ട്ടപ് ടീമുകളുമായി ചര്‍ച്ച നടത്തി. ഇവരുടെ ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണി തുറക്കാനുള്ള അവസരങ്ങളാണ് ഈ ചര്‍ച്ചയിലൂടെ തെളിഞ്ഞത്.

ബഹറൈന്‍ ഇക്കണോമിക് ഡെവലപ്മെന്‍റുമായി ജൈടെക്സില്‍ വച്ച് കെഎസ്‍യുഎം ധാരണാപത്രം കൈമാറിയത് കേരളത്തിലെ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമാകും. ഫിന്‍ടെക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി തുടങ്ങിയ മേഖലകളിലായിരിക്കും രണ്ടു സ്ഥാപനങ്ങളും സഹകരിക്കുക. ഗവേഷണ സ്ഥാപനങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ ഈ ധാരണാപത്രത്തിലൂടെ കഴിയും. 

കെഎസ്‍യുഎം രൂപം നല്‍കിയ വിപണി ബന്ധിത പരിപാടിയില്‍  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയിലേയ്ക്ക് പ്രവേശിക്കാനുള്ള സഹായമാണ് ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios