Asianet News MalayalamAsianet News Malayalam

ജയേഷ് ജോർജിനെതിരെ അഴിമതി ആരോപണവുമായി കെസിഎ മുൻ ഭാരവാഹികൾ

ജയേഷിന്റെ സ്വന്തം പേരിലുള്ള കാർ അപകടത്തിൽപ്പെട്ടപ്പോൾ കെസിഎയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതായി വ്യാജരേഖയുണ്ടാക്കി കെസിഎ അക്കൗണ്ടിൽ നിന്ന് തുക വകമാറ്റിയെന്നും ആരോപണമുണ്ട്.

BCCI Joint Secretary Jayesh George faces corruption charges
Author
Kochi, First Published Oct 18, 2019, 12:10 PM IST

കൊച്ചി: ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിനെതിരെ രണ്ടരക്കോടി രൂപയുടെ അഴിമതി ആരോപണവുമായി കെസിഎ മുൻ ഭാരവാഹികൾ രംഗത്തെത്തി. ജയേഷ് ജോർജ് അന്വേഷണം നേരിടണമെന്നും കെസിഎയുടെ കണക്കുകൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നുമാണ് ആവശ്യം. കെസിഎ ഓംബുഡ്സ്മാനെ മാറ്റി കേസുകൾ അട്ടിമറിക്കാൻ ജയേഷ് ജോർജ് ശ്രമിക്കുന്നുവെന്നും കെസിഎ മുൻ ഭാരവാഹികൾ ആരോപിച്ചു.

ഡോട്ടട് ലൈൻസ് എന്ന സ്ഥാപനത്തിന് കെസിഎയുടെ ഫേസ്ബുക്ക് മേൽനോട്ടത്തിനെന്ന പേരിൽ മാസം തോറും 99000 രൂപ നൽകുന്നു. യാതൊരു കരാറോ രേഖകളോ ഇല്ലാതെയാണ് തുക വകമാറ്റിയിട്ടുള്ളതെന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ ആരോപണം. ഡോട്ടട് ലൈൻസ് ജയേഷ് ജോർജിന്റെ ബിനാമി സ്ഥാപനമാണെന്നും ഇവർ ആരോപിക്കുന്നു.

ജയേഷിന്റെ സ്വന്തം പേരിലുള്ള കാർ അപകടത്തിൽപ്പെട്ടപ്പോൾ കെസിഎയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതായി വ്യാജരേഖയുണ്ടാക്കി കെസിഎ അക്കൗണ്ടിൽ നിന്ന് തുക വകമാറ്റിയെന്നും ആരോപണമുണ്ട്. പിച്ച് നിർമ്മാണവുമായി ബന്ധപ്പെട്ടും കളിമണ്ണും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിലും ക്രമക്കേടുണ്ടായെന്നും കെസിഎ മുൻ ഭാരവാഹികൾ ആരോപിച്ചു.

ഇടക്കൊച്ചിയിൽ സ്റ്റേഡിയം സ്ഥാപിക്കുന്നതിന്റെ മറവിൽ ജയേഷ് ജോർജ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ഇവർ പറയുന്നു. അഴിമതി ആരോപണത്തെ തുടർന്ന് മുൻ അധ്യക്ഷൻ ടി.സി മാത്യുവിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെങ്കിലും കെസിഎ ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചില്ലെന്നും ഇവർ ആരോപിച്ചു.

Follow Us:
Download App:
  • android
  • ios