Asianet News MalayalamAsianet News Malayalam

ലോകകപ്പ് ടീമില്‍ ഇടംനേടാനായില്ല; പക്ഷേ രഹാനെയ്ക്കും പൂജാരയ്ക്കും ലോകകപ്പില്‍ പ്രത്യേക പ്ലാനുണ്ട്

രഹാനെയെ റിസര്‍വ്വ് ഓപ്പണറാക്കണമെന്ന് സുനില്‍ ഗാവസ്കറും പൂജാരയെ നാലാം നമ്പറില്‍ പരീക്ഷിക്കണമെന്ന് സൗരവ് ഗാംഗുലിയും ആവശ്യപ്പെട്ടിരുന്നു

cheteshwar pujara and ajinkya rahane shared india's world cup winning possibility
Author
Mumbai, First Published May 15, 2019, 10:51 AM IST

മുംബൈ: നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് പോരാട്ടം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ആധുനിക ക്രിക്കറ്റ് ലോകത്തെ വന്‍ ശക്തികളായ പത്ത് ടീമുകള്‍ പരസ്പരം പോരടിച്ച് മുന്നേറാനായി കാത്തുനില്‍ക്കുന്നു. ലോകകപ്പിലെ ഫേഫറിറ്റുകളുടെ പട്ടികയില്‍ മുന്നിലാണ് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ. കോലിപ്പടയുടെ സാധ്യതകളും തന്ത്രങ്ങളും എങ്ങനെയാകുമെന്ന് വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രഹാനയും മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാരയും.

ലോകകപ്പിൽ മികച്ച തുടക്കം ഇന്ത്യക്ക് അനിവാര്യമാണെന്നാണ് രഹാനയുടെ പക്ഷം. ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഇന്ത്യക്ക് നേരിടേണ്ടത് കരുത്തരായ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യുസീലന്‍ഡ്, പാകിസ്ഥാന്‍ ടീമുകളെയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഈ മത്സരങ്ങളില്‍ ഒരു തോൽവി പിണഞ്ഞാല്‍ പോലും ഇന്ത്യന്‍ ടീമിന്‍റെ താളം തെറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സെമിയിലേക്ക് മുന്നേറാന്‍ ഈ മത്സരങ്ങളില്‍ വിജയം അനിവാര്യമാണെന്നും രഹാനെ അഭിപ്രായപ്പെട്ടു.

അതേസമയം കിരീടം നേടാന്‍ കരുത്തുള്ള സംഘമാണ് ടീം ഇന്ത്യയെന്നാണ് ചേതേശ്വര്‍ പൂജാരയുടെ പക്ഷം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശക്തമായ കോലിപ്പടയ്ക്ക് കിരീടം അപ്രാപ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിലെ സന്നാഹമത്സരങ്ങള്‍ കൂടി ആകുമ്പോള്‍ ടീം സ‍ജ്ജമാകുമെന്ന വിശ്വാസവും ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം വന്മതില്‍ പ്രകടിപ്പിച്ചു. ഒരു പുരസ്കാരദാന ചടങ്ങിനിടെയായിരുന്നു ഇരുവരും ലോകകപ്പ് സ്വപ്നം പങ്കുവച്ച് രംഗത്തെത്തിയത്.

രഹാനെയെ റിസര്‍വ്വ് ഓപ്പണറാക്കണമെന്ന് സുനില്‍ ഗാവസ്കറും പൂജാരയെ നാലാം നമ്പറില്‍ പരീക്ഷിക്കണമെന്ന് സൗരവ് ഗാംഗുലിയും ആവശ്യപ്പെട്ടെങ്കിലും ഇരുവര്‍ക്കും ലോകകപ്പ് ടീമിൽ ഇടം നേടാന്‍ ആയിരുന്നില്ല. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പേര് വീണതാണ് ഇരുവര്‍ക്കും വിനയായത്. ഈ മാസം 30ന് തുടങ്ങുന്ന ലോകകപ്പില്‍ ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യമത്സരം.

Follow Us:
Download App:
  • android
  • ios