Asianet News MalayalamAsianet News Malayalam

സഞ്ജുവിനോട് കയറിപ്പോകാന്‍ ആക്രോശിച്ചതിൽ വിശദീകരണവുമായി ഡല്‍ഹി ടീം ഉടമ, 'മുതലാളി'യുടെ വായടപ്പിച്ച് ആരാധകരും

സഞ്ജു സാംസണോത് കയറിപ്പോകാന്‍ ആക്രോശിച്ചതില്‍ വിശദീകരണവുമായി ഡല്‍ഹി ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍.

he got us all extremely worried explains Delhi Capitals Owner Parth Jindal about Sanju Samson, fans responds
Author
First Published May 8, 2024, 5:05 PM IST

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഔട്ടായപ്പോള്‍ ഗ്യാലറിയിലിരുന്ന് കയറിപ്പോകാന്‍ ആക്രോശിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഉടമയായ പാര്‍ഥ് ജിന്‍ഡാല്‍. ആരാധകരോഷം കനത്തതോടെയാണ് ആദ്യം ഡല്‍ഹി ക്യാപിറ്റല്‍സും പിന്നീട് ജിന്‍ഡാല്‍ നേരിട്ടും എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജു വിവാദ ക്യാച്ചില്‍ പുറത്താവുമ്പോള്‍ ടിവി അംപയറുടെ തീരുമാനം വരുന്നതിന് മുമ്പെ പാര്‍ത്ഥ് ജിന്‍ഡാല്‍ സഞ്ജുവിനോട് കയറിപ്പോകാന്‍ ആക്രോശിച്ചിരുന്നു.

എന്നാല്‍ മത്സരശേഷം സഞ്ജു രാജസ്ഥാന്‍ ടീം ഉടമ മനോജ് ബദാലെക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോള്‍ അടുത്തെത്തിയ പാര്‍ത്ഥ് ജിന്‍ഡാല്‍ രാജസ്ഥാന്‍ നായകന് കൈകൊടുത്ത് സംസാരിക്കുകയും ലോകകപ്പ് ടീമിലെത്തിയതിന് അഭിനന്ദിക്കുകയും ചെയ്തുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നേരത്തെ പങ്കുവെച്ച എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത ജിന്‍ഡാല്‍ പവര്‍ ഹിറ്റിംഗിലൂടെ സഞ്ജു ശരിക്കും തങ്ങളെ വിറപ്പിച്ചുവെന്നും അതുകൊണ്ടാണ് പുറത്തായപ്പോള്‍ പെട്ടെന്നുള്ള ആവേശത്തില്‍ അത്തരമൊരു പ്രതികരണം നടത്തിയതെന്നും എക്സ് പോസ്റ്റില്‍ വിശദീകരിച്ചു. സഞ്ജുവിനോടും ബദാലെയോടും സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സഞ്ജുവിനെ അഭിനന്ദിച്ചുവെന്നും ജിന്‍ഡാല്‍ എക്സില്‍ കുറിച്ചു.

ഐപിഎല്ലിൽ രോഹിത്തും കോലിയും ധോണിയും കഴിഞ്ഞാല്‍ പിന്നെ സഞ്ജു; ഇതിഹാസങ്ങള്‍ക്കൊപ്പം റെക്കോര്‍ഡുമായി മലയാളി താരം

എന്നാല്‍ ജിന്‍ഡാലിന്‍റെ വിശദീകരണത്തിന് താഴെ ആരാധകര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞിട്ട് വിശദീകരണവുമായി രംഗത്തുവന്നിട്ട് കാര്യമില്ലെന്നും സഞ്ജു ഇന്ത്യയുടെ അഭിമാനമാണെന്നും ആരാധകര്‍ കുറിച്ചു. എതിരാളികള്‍ മാത്രമല്ല, എതിര്‍ ടീമിന്‍റെ മുതലാളിമാര്‍ വരെ സഞ്ജുവിനെ ഇപ്പോള്‍ പേടിച്ചു തുടങ്ങിയെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി മാറുമെന്നുമായിരുന്നു മറ്റൊരു ആരാധകന്‍റെ പ്രതികരണം.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാൻ യശസ്വി ജയ്സ്വാള്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ് എന്നിവര്‍ വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും 46 പന്തില്‍ 86 റണ്‍സെടുത്ത സഞ്ജുവിന്‍റെ പോരാട്ടത്തിലാണ് വിജയത്തിന് അടുത്തെത്തിയത്. എന്നാല്‍ വിവാദ ക്യാച്ചില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍റെ പ്രതീക്ഷ അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios