Asianet News MalayalamAsianet News Malayalam

വിക്കറ്റിന് പിന്നില്‍ മണ്ടത്തരങ്ങളുടെ ഘോഷയാത്ര; ഋഷഭ് പന്തിനെ വീണ്ടും കടന്നാക്രമിച്ച് ട്രോളര്‍മാര്‍

'ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം'. എം എസ് ധോണിയുടെ ഏഴയലത്ത് നിര്‍ത്താന്‍ ഋഷഭ് പന്തിനെ കൊള്ളില്ല എന്നും വാദിക്കുകയാണ് ആരാധകര്‍

Ind vs Ban Rishabh Pant Bad Day Behind Stumps Hilarious Memes
Author
Delhi, First Published Nov 4, 2019, 11:49 AM IST

ദില്ലി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി വാഴ്‌ത്തപ്പെടുന്ന യുവതാരം ഋഷഭ് പന്ത് അടുത്ത കാലത്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിലും പന്ത് അതാവര്‍ത്തിച്ചു. ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലും പന്തിന്‍റെ മണ്ടത്തരങ്ങളുടെ പ്രളയമായിരുന്നു. 

ബംഗ്ലാ ഇന്നിംഗ്‌സിലെ 10 ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാറിനെതിരെ ഡിആര്‍എസ് എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ഋഷഭ് പന്ത് നിര്‍ബന്ധിച്ചു. പന്തെറിഞ്ഞ യുവ്‌വേന്ദ്ര ചാഹലിനു പോലും ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പന്ത് ഈ കടുംകൈ കാട്ടിയത്. അള്‍ട്രാ എഡ്‌ജ് പരിശോധിച്ചപ്പോള്‍ ബോള്‍ ബാറ്റിലുരസിയിരുന്നില്ല എന്ന് വ്യക്തമായി. അങ്ങനെ പന്തിന്‍റെ അമിതാവേശംമൂലം ഇന്ത്യക്ക് ഒരു റിവ്യൂ നഷ്‌ടമായി. 

അര്‍ധ സെഞ്ചുറിയുമായി ബംഗ്ലാദേശിന്‍റെ വിജയശില്‍പിയായ മുഷ്‌ഫിഖുര്‍ റഹീമിനെ എല്‍ബിയില്‍ പുറത്താക്കാനുള്ള അവസരം രണ്ട് തവണ തിരിച്ചറിയാനും മത്സരത്തില്‍ ഋഷഭ് പന്ത് പരാജയപ്പെട്ടു. അവസരം മുതലെടുത്ത റഹീം 43 പന്തില്‍ 60 റണ്‍സെടുത്ത് മത്സരം ബംഗ്ലാദേശിന്‍റേതാക്കി. ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന പന്തിനെ ഈ രണ്ട് സംഭവങ്ങളോടെ ട്രോളുകയാണ് ആരാധകര്‍. 

ബാറ്റിംഗിലും ഋഷഭ് പന്ത് അത്ര മികച്ച പ്രകടനമല്ല കാട്ടിയത്. അഞ്ചാമനായിറങ്ങി 26 പന്ത് നേരിട്ട പന്തിന് 27 റണ്‍സ് മാത്രമാണ് നേടാനായത്. മറ്റ് ബാറ്റ്സ്‌മാന്‍മാരും കാര്യമായ പ്രകടനം പുറത്തെടുക്കാത്തതിനാല്‍ പന്തിന് ഇക്കാര്യത്തില്‍ വലിയ പരിക്കേല്‍ക്കേണ്ടിവന്നില്ല എന്നതാണ് വസ്‌തുത. മത്സരം ഏഴ് വിക്കറ്റിന് ജയിച്ച് ചരിത്ര ജയം സ്വന്തമാക്കിയിരുന്നു ബംഗ്ലാദേശ്. ടി20യില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ആദ്യമായാണ് വിജയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios