Asianet News MalayalamAsianet News Malayalam

ഷമി- ജഡേജ തേര്‍വാഴ്‌ച; വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം

ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും ഇരട്ട സെഞ്ചുറി വീരന്‍ മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗും ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്‍റെ ബൗളിംഗ് തേര്‍വാഴ്‌ച്ചയുമാണ് ഇന്ത്യയെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിച്ചത്.

ind vs sa India won by 203 runs and lead in the test series
Author
Visakhapatnam, First Published Oct 6, 2019, 1:56 PM IST

വിശാഖപട്ടണം: അടിച്ചൊതുക്കിയും എറിഞ്ഞിട്ടും വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 203 റണ്‍സിന്‍റെ വമ്പന്‍ ജയം. വിജയലക്ഷ്യമായ 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും ഇരട്ട സെഞ്ചുറി വീരന്‍ മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗും ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്‍റെ ബൗളിംഗ് തേര്‍വാഴ്‌ച്ചയുമാണ് ഇന്ത്യയെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കന്‍ വാലറ്റം സൃഷ്ടിച്ച തലവേദനയാണ് ഇന്ത്യന്‍ ജയം അവസാന ദിനം രണ്ടാം സെഷനിലേക്ക് നീട്ടിയത്. എന്നാല്‍ അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയും നാല് പേരെ മടക്കി രവീന്ദ്ര ജഡേജയും ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി. സ്‌കോര്‍: ഇന്ത്യ- 502/7, 323/4. ദക്ഷിണാഫ്രിക്ക- 431/10, 191/10. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്.

ind vs sa India won by 203 runs and lead in the test series

സ്റ്റംപുകള്‍ പിഴുതുമറിച്ച് ഷമി, കാലിന് കുരുക്കിട്ട് ജഡേജ

പേസര്‍ മുഹമ്മദ് ഷമിയുടെയും സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെയും മാസ്‌മരിക ബൗളിംഗാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയത്. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി. ഷമി വിക്കറ്റ് തെറിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ജഡേജ എല്‍ബിയിലാണ് നോട്ടമിട്ടത്. ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് ഇതോടെ 20 റണ്‍സിനിടെ മൂന്നും 70 റണ്‍സിനിടെ എട്ട് വിക്കറ്റും നഷ്ടമായി. 

ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിവീരന്‍ എല്‍ഗാറിനെ രണ്ട് റണ്‍സില്‍ നില്‍ക്കേ നാലാം ദിനം അവസാന സെഷനില്‍ രവീന്ദ്ര ജഡേജ എല്‍ബിയില്‍ മടക്കിയിരുന്നു. അവസാന ദിനം തുടക്കത്തിലെ ഡി ബ്രുയിനെ 10ല്‍ നില്‍ക്കേ ആര്‍ അശ്വിനും തെംബാ ബാവുമയെ(0) മുഹമ്മദ് ഷമിയും ബൗള്‍ഡാക്കി. ആദ്യ ഇന്നിംഗ്‌സില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ക്വിന്‍റണ്‍ ഡികോക്ക്- ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടും ഇക്കുറി വിജയിച്ചില്ല. ഫാഫിനെയും(13), ഡികോക്കിനെയും(0) ഷമി ബൗള്‍ഡാക്കി. 

ind vs sa India won by 203 runs and lead in the test series

39 റണ്‍സെടുത്ത് ജഡേജക്ക് റിട്ടേണ്‍ ക്യാച്ചില്‍  കീഴടങ്ങിയ ഓപ്പണര്‍ ഏയ്‌ഡന്‍ മാര്‍ക്രാമിന് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. വെര്‍നോണ്‍ ഫിലാന്‍ഡറും കേശവ് മഹാരാജും പൂജ്യത്തിന് പുറത്തായി. ഇരുവരെയും ജഡേജ പുറത്താക്കിയതും എല്‍ബിയിലാണ്. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുത്തുസ്വാമി-പീറ്റ് സഖ്യം ഇന്ത്യന്‍ ജയപ്രതീക്ഷകള്‍ വൈകിപ്പിച്ചു. 56 റണ്‍സെടുത്ത പീറ്റിനെ ഷമി ബൗള്‍ഡാക്കിയതോടെ കഥ മാറി. അവസാനക്കാരനായി റബാഡ 18 റണ്‍സുമായി ഷമിക്ക് മുന്നില്‍ കീഴടങ്ങി. മുത്തുസ്വാമി 49 റണ്‍സുമായി പുറത്താവാതെ നിന്നു.

വീണ്ടും രോഹിത്തിന്‍റെ സിക്‌‌സ്‌മാന്‍ ഷോ

ind vs sa India won by 203 runs and lead in the test series

നേരത്തെ, 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ 67 ഓവറില്‍ നാല് വിക്കറ്റിന് 323 റൺസെടുത്ത് ഡിക്ലയർ ചെയ്‌തു. ഇതോടെ ദക്ഷിണാണാഫ്രിക്കയ്‌ക്ക് 395 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ഏകദിന ശൈലിയില്‍ അതിവേഗം സ്കോര്‍ ചെയ്ത രോഹിത് ശര്‍മ്മയും(149 പന്തില്‍ 127) ചേതേശ്വര്‍ പൂജാര (81)യും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കരുത്തായത്. രണ്ടിംഗ്സിലുമായി 13 സിക്‌സുകള്‍ രോഹിത് പറത്തി. രവീന്ദ്ര ജഡേജ (32 പന്തില്‍ 40), വിരാട് കോലി(25 പന്തില്‍ 31 നോട്ടൗട്ട്), അജിങ്ക്യാ രഹാനെ(17 പന്തില്‍ 27 നോട്ടൗട്ട്) എന്നിവര്‍ അതിവേഗം റണ്‍സ് ഉയര്‍ത്തി. 

അശ്വിന് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ലീഡ്

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 502/7 റൺസ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 431 റണ്‍സില്‍ പുറത്തായി. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 46 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഒന്‍പത് റണ്‍സെടുത്ത കേശവ് മഹാരാജിനെയും 15 റണ്‍സില്‍ നില്‍ക്കേ കാഗിസോ റബാഡയെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

ind vs sa India won by 203 runs and lead in the test series

പ്രതിരോധം തീര്‍ത്ത സെനൂരന്‍ മുത്തുസ്വാമി 106 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീൻ എൽഗാറിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സെഞ്ചുറിയാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം സന്ദർശകരെ രക്ഷിച്ചത്. എൽഗാർ 160ഉം ഡി കോക്ക് 111 റൺസുമെടുത്തു. സിക്സർ പറത്തിയാണ് ഇരുവരും സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 55 റൺസെടുത്തു. അശ്വിന്‍റെ ഏഴ് വിക്കറ്റിന് പുറമെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.

രോഹിത്തും മായങ്കും കസറിയ ദിനങ്ങള്‍

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി.

ind vs sa India won by 203 runs and lead in the test series

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Follow Us:
Download App:
  • android
  • ios