Asianet News MalayalamAsianet News Malayalam

റാഞ്ചിയിലും പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്ക പ്രതിരോധത്തില്‍; രണ്ടാംദിനം നേരത്തെ അവസാനിപ്പിച്ചു

ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 9/2 എന്ന നിലയിലാണ്. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 488 റണ്‍സ് കൂടി വേണം.

India vs South Africa 3rd Test Day 2 Report
Author
Ranchi, First Published Oct 20, 2019, 4:39 PM IST

റാഞ്ചി: മികച്ച സ്‌കോറിന് പിന്നാലെ ബൗളിംഗിലും പിടിമുറുക്കി ദക്ഷിണാഫ്രിക്കയ‌്ക്ക് എതിരെ റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് സ്വന്തം. ഇന്ത്യയുടെ 497/9 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 9/2 എന്ന നിലയിലാണ്. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 488 റണ്‍സ് കൂടി വേണം. രണ്ടാം ദിനവും വെളിച്ചക്കുറവുമൂലം മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഷമി-ഉമേഷ് പേസാക്രമണത്തില്‍ എട്ട് റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമി ഡീന്‍ എല്‍ഗാറിനെ(0) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഉമേഷ് യാദവിന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്വിന്‍റണ്‍ ഡികോക്കിനെയും(4) സാഹ പിടികൂടി. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കേ സുബൈര്‍ ഹംസയും(0*) നായകന്‍ ഫാഫ് ഡുപ്ലസിസും(1*) ആണ് ക്രീസില്‍. 

തകര്‍ത്താടി രോഹിത്, ക്ലാസ് രഹാനെ

India vs South Africa 3rd Test Day 2 Report

ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(212), സെഞ്ചുറിവീരന്‍ അജിങ്ക്യ രഹാനെയും(115) ആണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയും(51), അവസാന ഓവറുകളിലെ ഉമേഷ് യാദവ് വെടിക്കെട്ടും(10 പന്തില്‍ 31) ഇന്ത്യക്ക് നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്‌ക്കായി ജോര്‍ജ് ലിന്‍ഡെ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് വീഴ്‌ത്തി. 

മൂന്നിന് 224 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 11-ാം ടെസ്റ്റ് സെഞ്ചുറി നേടിയ രഹാനെ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് വിക്കറ്റ് നല്‍കി മടങ്ങി. രഹാനെയും രോഹിത്തും 267 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണറായി മിന്നും ഫോം തുടരുന്ന രോഹിത് ശര്‍മ്മ പിന്നാലെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. സിക്‌സറടിച്ചായിരുന്നു രോഹിത് 200 തികച്ചത്. പുറത്താകുമ്പോള്‍ 255 പന്തില്‍ 28 ഫോറും ആറ് സിക്‌സും അടക്കം 212 റണ്‍സ് നേടിയിരുന്നു ഹിറ്റ്‌മാന്‍.

റാഞ്ചിയില്‍ ഉമേഷ് യാദവിന്‍റെ സിക്‌സര്‍ പൂരം

India vs South Africa 3rd Test Day 2 Report

വൃദ്ധിമാന്‍ സാഹ(24), രവിചന്ദ്ര അശ്വിന്‍(14), എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ പ്രതീക്ഷ കാത്ത ജഡേജ 119 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. 10 പന്തില്‍ അ‌ഞ്ച് സിക്‌സടക്കം 31 റണ്‍സുമായി ഉമേഷ് വെടിക്കെട്ട് കൂടിയായതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി. ലിന്‍ഡെക്കെതിരെയായിരുന്നു ഉമേഷിന്‍റെ എല്ലാ സിക്‌സുകളും. അരങ്ങേറ്റക്കാരന്‍ ഷഹബാദ് നദീമും(1*) മുഹമ്മദ് ഷമിയും(10*) പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായിരുന്നു. 

Follow Us:
Download App:
  • android
  • ios